അച്ഛന് ജയന്‍ മുളങ്ങാട്, പണ്ട് പല സിനിമകളുടെയും നിര്‍മ്മാതാവ് ആയിരുന്നു. ദൂരദര്‍ശനില്‍ സീരിയലും, ഡോക്യുമെന്‍ററിയും മറ്റും ചെയ്തിട്ടുള്ള അച്ഛന്‍റെ വലിയ മോഹം ആയിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണം എന്നത്. എന്നാല്‍, കുടുംബത്തിന് വേണ്ടി പല സാഹചര്യങ്ങള്‍ കൊണ്ട്, അച്ഛന് സിനിമയോട് വിടപറഞ്ഞ് മറ്റൊരു ജോലിയുമായി വിദേശത്തേയ്ക്ക് പോകേണ്ടി വന്നു. അച്ഛന്‍ പുറത്തേക്ക് പോയപ്പോള്‍, അതേ മോഹം എന്‍റെയുള്ളിലും ഉടലെടുത്ത കാര്യം ആരും അറിഞ്ഞില്ല. സിനിമയെക്കുറിച്ച് ഞാന്‍ ഇടയ്ക്ക് വീട്ടില്‍ സംസാരിക്കുമായിരുന്നെങ്കിലും, എല്ലാവരും കരുതിയത് പതുക്കെ പഠനവും, അത് കഴിഞ്ഞ് ജോലിയും ഒക്കെ ആകുമ്പോള്‍ ഞാന്‍ അച്ഛനെപ്പോലെതന്നെ, സിനിമയോട് ബൈ പറയും എന്നായിരുന്നു. പക്ഷേ, എന്തുകൊണ്ടോ, മുമ്പോട്ടുപോകുംതോറും എന്‍റെയും ഇടം സിനിമ തന്നെയാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയാണ് വി.കെ. പ്രകാശ് സാറിന്‍റെ പരസ്യചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്യുന്നത്. ശേഷം മാതൃഭൂമി ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോയിന്‍ ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന്‍ നീണ്ട 32 വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 'ഹലോ നമസ്തേ'എന്ന ചിത്രത്തില്‍ ഞാന്‍ സഹസംവിധായകന്‍ ആയിരുന്നു. ഈ അനുഭവങ്ങള്‍ എല്ലാം എന്നെ സിനിമ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും മോശസമയം അതായിരുന്നു!!!
റിലീസായ ആദ്യ ചിത്രം വാലാട്ടി ആയിരുന്നെങ്കിലും, എന്‍റെ ശ്രമവും, ആഗ്രഹവും ആദ്യം വാലാട്ടിക്ക് വേണ്ടി ആയിരുന്നില്ല. രണ്ട് കഥകള്‍ കൊണ്ട് ഒരുപാട് നടന്നു. തുറന്നു പറഞ്ഞാല്‍, ജീവിതത്തിലെ ഏറ്റവും മോശം സമയം അതായിരുന്നു. കുറെ അധികം സ്വപ്നങ്ങള്‍ മാത്രമാണ് അന്ന് എന്നെ മുന്നോട്ടു നയിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഠിനപ്രയത്നം ചെയ്തിട്ടും, ആഗ്രഹിച്ച സിനിമ നടക്കാതെ ആകുമ്പോള്‍ ഒരു സിനിമാ മോഹിക്ക് ഉണ്ടാവുന്ന നിരാശ പറയേണ്ടതില്ലല്ലോ! മാനസികമായി ഞാന്‍ തളര്‍ന്നുപോയിരുന്നു. ഇനി എന്താണ് അടുത്തത് എന്ന് ചിന്തിക്കാന്‍ പോലും ആവാത്ത വണ്ണം ഇരുട്ടുനിറഞ്ഞ ദവസങ്ങളായിരുന്നു അത്.
പ്രതീക്ഷ നല്‍കിയത് വിജയ്ബാബു
അന്ന് വളരെ വേണ്ടപ്പെട്ട ഒരാളുടെ നിര്‍ദ്ദേശപ്രകാരം 'സുഫിയും സുജാതയും' എന്ന സിനിമയില്‍ അസിസ്റ്റ് ചെയ്യാം എന്ന ലക്ഷ്യത്തോടെ ആണ് ഫ്രൈഡേ ഫിലിം ഹൗസില്‍ ആദ്യമായി കയറിച്ചെല്ലുന്നത്. അന്ന് വിജയ്ബാബു ചേട്ടനോട് കുറേനേരം സംസാരിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആണ് ദേവന് സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടെ എന്ന് ചോദിച്ചത്. അന്ന് ആ ചോദ്യം അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീടാണ് അത് ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി ഞാന്‍ കണ്ടതും, ചെന്ന് കഥ പറഞ്ഞതും. ആദ്യംപറഞ്ഞ ഒന്നുരണ്ട് കഥകള്‍ക്ക് പുറമെ, എന്തെങ്കിലും പുതുമ വേണം എന്ന് തോന്നിയപ്പോഴാണ് ഇന്ത്യയില്‍തന്നെ ഇതിനുമുന്‍പ് സംഭവിക്കാത്ത ഒരു അനിമല്‍ ചിത്രം വേണംഎന്ന് കരുതിയത്. ഈ ചിന്ത പറഞ്ഞതും, വിജയ് ചേട്ടന്‍ ഓക്കെ പറഞ്ഞു. സ്ക്രിപ്റ്റ് എഴുതാന്‍ ഒരാളെത്തേടി നടക്കുമ്പോഴാണ്, മറ്റൊരാള്‍ക്ക് ഉദാഹരണം കാണിക്കാന്‍ ഈ ജോണറില്‍ ഒരു സിനിമ ഇതിന് മുന്‍പ് വന്നിട്ടില്ല എന്നത് വെല്ലുവിളിയായി മാറിയത്. അങ്ങനെ, ആ കടമയും ഞാന്‍തന്നെ സ്വീകരിച്ച് എന്‍റേതായ ഒരു സ്ക്രിപ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.
ആര്‍ട്ടിസ്റ്റുകള്‍ നായകള്‍!
സിനിമാശ്രമം നടക്കുന്നു എന്ന് അറിയുമ്പോള്‍തന്നെ ആദ്യം പലര്‍ക്കും അറിയാന്‍ താല്‍പ്പര്യം നായകന്‍ ആരാണെന്നതാണ്. അങ്ങനെ ചോദ്യം ചോദിച്ചവരോടെല്ലാം. ഒരു കൂട്ടം നായകള്‍ ആണ് അഭിനേതാക്കള്‍ എന്ന് പറഞ്ഞപ്പോള്‍, പലരും സംശയത്തോടെ നോക്കുകയായിരുന്നു. അഭിനേതാക്കള്‍ നായകള്‍ ആയതുകൊണ്ടുതന്നെ കാസ്റ്റിംഗ് ഉള്‍പ്പെടെ എല്ലാറ്റിനും ഇരട്ടി എഫോര്‍ട്ട് വേണ്ടി വന്നു. അതിലെ പല ബ്രീഡുകളും കൊല്‍ക്കട്ട, ബാംഗ്ലൂര്‍ അങ്ങനെ പല നാട്ടില്‍ നിന്നുള്ളവ ആണ്. പിന്നെ രണ്ട് വര്‍ഷക്കാലം വേണ്ടി വന്ന ട്രെയിനിംഗ്, ക്യാമറ, ലൈറ്റ് തുടങ്ങി സിനിമയ്ക്ക് ആവശ്യമുള്ള എല്ലാ ടെക്നിക്കല്‍ സാധനങ്ങളുടെയും ഡമ്മി നായകളെ കാണിച്ച് പരിചയപ്പെടുത്തി. ആള്‍ക്കൂട്ടങ്ങളില്‍ അവയെ കൊണ്ടുപോയി. ഷൂട്ടിംഗ് സമയത്ത് നമുക്ക് വേണ്ട ചില ഭാവങ്ങള്‍ക്കുവേണ്ടി ക്യാമറ ഓണ്‍ ചെയ്ത് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍, കട്ട് പറഞ്ഞ ഉടന്‍ നായ ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ഇഷ്ടത്തിന് ഓടി എങ്ങോട്ടെങ്കിലും പോകും. പിന്നാലെ സെറ്റ് മുഴുവന്‍ അവയെ തപ്പി നാലുവഴിക്ക് പോകും. അങ്ങനെ രസകരമായിരുന്നു അനുഭവങ്ങള്‍. പൊതുവെ ക്ഷമ തീരെ ഇല്ലാത്ത ഞാന്‍ ഈ സിനിമകൊണ്ട് നന്നായി ക്ഷമ പഠിച്ചു!