NEWS

വളരെ ഡിഫറന്‍റായ വെല്ലുവിളിയുയര്‍ത്തുന്ന നല്ല കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്... -സലീമ

News

ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യത്തിന്‍റെ നിര്‍മ്മലരൂപമായ നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ ലക്ഷ്മിയെ ഓര്‍മ്മയില്ലേ...? അകാലത്തില്‍ പൊലിഞ്ഞ മോനിഷയോടൊപ്പം ലക്ഷ്മിയായി മത്സരിച്ചഭിനയിക്കാന്‍ സലീമയെന്ന അഭിനേത്രിയെ കണ്ടെത്തിയത് സംവിധായകന്‍ ഹരിഹരനും, എം.ടിയുമാണ്. പ്രണയത്തിന്‍റെ ലാസ്യഭാവങ്ങളും വിരഹത്തിന്‍റെ ആത്മനൊമ്പരവുമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന സലീമ പ്രേക്ഷകമനസ്സുകളേയും വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.

സലീമയുടെ ഇന്നലെകളെക്കുറിച്ച് സൂചിപ്പിക്കാമോ...?

ദക്ഷിണേന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന സിനിമാകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ മനസ്സില്‍ സിനിമയുണ്ടായിരുന്നു. ചെന്നൈയിലെ റോസറി മെട്രിക്കുലേഷന്‍ സ്ക്കൂളിലാണ് ഞാന്‍ പഠിച്ചത്. എന്‍റെ മുത്തശ്ശി തിലകം നൂറ്റമ്പതിലേറെ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുത്തശ്ശിയിലൂടെയാണ് അമ്മ ഗിരിജയും സിനിമയിലെത്തിയത്. ശിവാജി ഗണേശന്‍, എന്‍.ടി. രാമറാവു, നാഗേശ്വരറാവു ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും അമ്മ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ആശാദീപം എന്ന ചിത്രത്തില്‍ സത്യന്‍സാറിന്‍റെ നായികയായി അമ്മ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ എനിക്ക് ലഭിച്ചെങ്കിലും പഠിത്തം പൂര്‍ത്തിയാക്കാതെ സിനിമയിലേക്ക് പോവേണ്ടന്ന നിലപാടാണ് അമ്മയ്ക്കുണ്ടായിരുന്നത്. ഇന്‍റീരിയര്‍ ഡെക്കറേഷനില്‍ ഡിപ്പോമ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ മോഡലിംഗിലും പരസ്യചിത്രങ്ങളിലും സജീവമായത്. നൂറ്റി അമ്പതിലധികം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. പി. ചന്ദ്രകുമാറിന്‍റെ മോഹന്‍ലാല്‍ നായകനായ ഞാന്‍ പിറന്ന നാട്ടില്‍ എന്ന ചിത്രത്തില്‍ ഉപനായികയായാണ് ഞാന്‍ സിനിമയിലേക്ക് കടന്നുവന്നത്. ലിസബേബി സംവിധാനം ചെയ്ത ഭഗവാനില്‍ ഷാനവാസിന്‍റെയും രാജസേനന്‍ സംവിധാനം ചെയ്ത ശാന്തം ഭീകരത്തില്‍ ശങ്കറിന്‍റെയും നായികയായതിനുശേഷമാണ് ഞാന്‍ നഖക്ഷതങ്ങളില്‍ അഭിനയിക്കാനെത്തിയത്. ജോഷിയുടെ മഹായാനം, പ്രിയദര്‍ശന്‍റെ വന്ദനം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

സിനിമയില്ലാത്ത ഇടവേളകള്‍...?

തമിഴില്‍ പ്രശസ്തനായ ഗുരു ശ്രീധരന്‍ മാസ്റ്ററുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. ഗുരു തുളസി രാജഗോപാലിന്‍റെ കീഴിലാണ് ഭരതനാട്യം പഠിക്കുന്നത്. ഒഴിവുസമയങ്ങളിലെല്ലാം ധാരാളം സിനിമകള്‍ കാണാറുണ്ട്.

സലീമയുടെ തമിഴിലുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ച് സൂചിപ്പിക്കാമോ?

രാജുവിശ്വനാഥ് സംവിധാനം ചെയ്യുന്ന ലിസ, രവി സംവിധാനം ചെയ്യുന്ന ആരാച്ചി, ജയിലറിന്‍റെ സംവിധായകന്‍ നെല്‍സണ്‍ നിര്‍മ്മിച്ച് ശിവബാലന്‍ സംവിധാനം ചെയ്യുന്ന ബ്ലെഡ്ഡിബെഗ്ഗര്‍ തുടങ്ങിയ തമിഴ് സിനിമകളിലാണ് അഭിനയിച്ചത്. രോഹിത്ത് നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന കയ്യും കഴിവും എന്ന വെബ് സീരീസില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

രേഖാചിത്രത്തിന്‍റെ വിജയത്തിനുശേഷമുള്ള സലീമയുടെ ആഗ്രഹം...?

മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്. അമ്മയായും, സഹോദരിയായും നെഗറ്റീവ് റോളിലും ഉള്‍പ്പെടെ ഏത് റോളും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. മലയാളത്തിലെ ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. റിലീസ് ചെയ്യുന്ന മിക്ക മലയാളം സിനിമകളും കാണാറുള്ളതുകൊണ്ട് പുതിയ ചെറുപ്പക്കാരുടെ ഫിലിം മേയ്ക്കിംഗ് രീതി അടുത്തറിയാന്‍ എനിക്ക് കഴിയുന്നുണ്ട്. വളരെ ഡിഫറന്‍റായ വെല്ലുവിളിയുയര്‍ത്തുന്ന നല്ല കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്.

 


LATEST VIDEOS

Interviews