'കയല്‍' എന്ന ആദ്യതമിഴ് സിനിമയിലൂടെ തമിഴ് സിനിമാപ്രേമികളുടെ മനസ്സില്‍ കുടിയേറിയ ശാലീനസുന്ദരിയാണ് ആനന്ദി. തെലുങ്കില്‍ 'ഈറോജലു' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് അരഡസനോളം തെലുങ്ക് സിനിമകളില്‍ നായികയായ ശേഷമാണ് തമിഴില്‍ കയല്‍ എന്ന സിനിമയില്‍ ആനന്ദി നായികയായെത്തുന്നത്.
ഒരു സിനിമാനടി എന്നതിലുപരി സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജാണ് ആനന്ദി നേടിയത്. പിന്നീട് ഡസനില്‍പ്പരം സിനിമകളില്‍ ശാലീനനായികയായി അഭിനയിച്ച ആനന്ദി പെട്ടെന്ന് തന്നെ വിവാഹിതയായി ദാമ്പത്യജീവിതത്തില്‍ പ്രവേശിച്ചു. സോക്രട്ടീസ് എന്ന സംവിധായകനെ പ്രണയിച്ച് വിവാഹിതയും അമ്മയുമായി തീര്‍ന്ന ശേഷം അഭിനയത്തില്‍ സജീവമായ ആനന്ദി മനസ്സുതുറന്നപ്പോള്‍...
സിനിമയിലെത്തിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായല്ലോ. ഈ കാലയളവില്‍ നിങ്ങള്‍ സിനിമയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?
ആനന്ദി: ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കേ ത്തന്നെ സിനിമാഭിനയം തുടങ്ങി. അന്ന് എനിക്ക് സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഇന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. അതിനൊക്കെ കാരണം സിനിമയാണ്.
ഇത്രയധികം അഭിനയപാടവവും സൗന്ദര്യവും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കാത്തത്?
ആനന്ദി: അങ്ങനെയൊരു ആഗ്രഹമോ, ലക്ഷ്യമോ, സ്വപ്നമോ ഒന്നും എനിക്കില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നൂറ് ശതമാനം എന്‍റെ അദ്ധ്വാനം ഞാന്‍ നല്‍കുന്നു. ഈ കുട്ടി അഭിനയിച്ച സിനിമ നല്ലതായിരിക്കും എന്ന മുന്‍വിധിയോടെ പ്രേക്ഷകര്‍ തിയേറ്ററിലേയ്ക്കെത്തണം. വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചുകിട്ടുന്ന പ്രശസ്തിയേക്കാള്‍ അഭിനയത്തിലൂടെ കിട്ടുന്ന പോപ്പുലാരിറ്റിയാണ് എന്‍റെ മനസ്സിന് തൃപ്തിയേകുക.
വിവാഹം കഴിഞ്ഞിട്ടും ആനന്ദിയുടെ സിനിമകള്‍ തുടര്‍ച്ചയായി റിലീസാവുന്നുണ്ടല്ലോ?
ആനന്ദി: ഞാനും വിവാഹശേഷം ഒരു വിശ്രമം ആഗ്രഹിച്ചിരുന്നു. പക്ഷേ ബ്രേക്ക് എടുക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും സിനിമ അതിന് സമ്മതിച്ചില്ല. കുട്ടി ജനിച്ച് മൂന്ന് മാസം തികയുമ്പോഴേയ്ക്കും ഷൂട്ടിംഗിന് പോകാന്‍ തുടങ്ങി. തുടര്‍ച്ചയായി ഷൂട്ടിംഗുകള്‍ ഉണ്ടായിരുന്നു. ബ്രേക്ക് എടുത്താല്‍ നന്നായിരിക്കും എന്ന് ഒരു സന്ദര്‍ഭത്തില്‍ തോന്നി. ആറുമാസം ബ്രേക്ക് എടുത്ത് വിശ്രമിച്ചു. എന്നാല്‍ ആറുമാസം ഷൂട്ടിംഗിന് പോകാതിരുന്നത് എന്നെ അസ്വസ്ഥയാക്കി.
വിവാഹപ്രായമെത്തും മുമ്പേതന്നെ വിവാഹിതയായി എന്ന് തോന്നിയിട്ടുണ്ടോ?
ആനന്ദി: കുറച്ചുനേരത്തേതന്നെ വിവാഹിതയായി എന്ന് തോന്നി. എന്തുകൊണ്ടെന്നാല്‍ എന്‍റെ ഫ്രണ്ട്സില്‍ മിക്കവരും ഇനിയും വിവാഹം കഴിഞ്ഞിട്ടില്ല. ഞാനോ അമ്മയായി... 'നിന്‍റെ ലൈഫില്‍ മാത്രം എന്താ ഫാസ്റ്റ്ഫോര്‍വേഡ് ബട്ടണ്‍ പ്രവര്‍ത്തിക്കുന്നുണ്ടോ' എന്ന് എന്‍റെ ഫ്രണ്ട്സ് ചോദിച്ചുകൊണ്ടേയിരിക്കും. കാരണം ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ സിനിമയില്‍ എത്തിയല്ലോ, പെട്ടെന്ന് തന്നെ കല്യാണവും കഴിഞ്ഞ് കുട്ടിയും ആയി. അതാത് സമയത്ത് എല്ലാം താനേ സംഭവിച്ചു. ഞാന്‍ അനുഗ്രഹീതയാണെന്ന് എന്‍റെ മനസ്സ് പറയുന്നു.
വിവാഹജീവിതം എങ്ങനെപോകുന്നു?
ആനന്ദി: വളരെ വളരെ നന്നായി മുന്നോട്ടുപോകുന്നു. എല്ലാവരുടെയും ഫാമിലി ലൈഫില്‍ എന്നപോലെ എല്ലാ ഇമോഷന്‍സും ഞങ്ങളുടെ ലൈഫിലുമുണ്ട്. ഭര്‍ത്താവിന് എന്നെക്കുറിച്ച് നല്ല ധാരണയുണ്ട്. അതില്‍പ്പരം എന്തുവേണം.
വിവാഹശേഷവും അഭിനയിക്കുമ്പോഴുള്ള ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്...?
ആനന്ദി: വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ ശേഷം ഒരു പക്വത കിട്ടും. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും.
തമിഴ്, തെലുങ്ക് ഭാഷകളില്‍ മാത്രമാണല്ലോ അഭിനയിക്കുന്നത്...?
ആനന്ദി: മറ്റ് ഭാഷകളില്‍ നിന്നും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ വന്നില്ല. തെലുങ്ക് എന്‍റെ മാതൃഭാഷയാണ്. തമിഴ് നന്നായി അറിയാം. ഈ രണ്ട് ഭാഷകളും എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. പരിചയമുള്ള ഭാഷയാണെങ്കില്‍ പെര്‍ഫോം ചെയ്യാന്‍ ഈസിയായിരിക്കും എന്ന് കരുതുന്നു. മലയാളത്തില്‍ നിന്നും കുറെ ഏറെ അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേതുപോലെ പല ഷെഡ്യൂളുകളായിട്ടല്ല ഷൂട്ടിംഗ് നടക്കുക. ഒറ്റ ഷെഡ്യൂളില്‍ പടം തീര്‍ക്കുന്നു. അന്നൊക്കെ ഒരുപാട് കമിറ്റ്മെന്‍റ് ഉണ്ടായിരുന്നതുകൊണ്ട് മലയാളത്തിനുവേണ്ടി ഒന്നിച്ച് കുറച്ച് അധികം ദിവസങ്ങള്‍ നല്‍കാനായില്ല. എന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃച്ഛികമായാണ്. മലയാളത്തിലും അങ്ങനെ സംഭവിക്കും.