NEWS

മുകുന്ദനുണ്ണിയിലെ മീനാക്ഷിയല്ല ഞാന്‍...

News

കര്‍മ്മത്തില്‍ വിശ്വസിക്കുന്നു എന്നുപറയുന്ന അഡ്വ. ജ്യോതി ലക്ഷ്മിക്ക് പഞ്ച് മറുപടി കൊടുത്ത് തിളങ്ങുന്നുണ്ട് സിനിമയില്‍ ആര്‍ഷ. റിയല്‍ ലൈഫില്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നുണ്ടോ?

ഇല്ല. നല്ലത് ചെയ്താല്‍ നല്ലത് വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ ജീവിതത്തില്‍ അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഞാന്‍ വലിയ നിലയിലെത്തി കണ്ടവരെല്ലാവരും നല്ല വ്യക്തികളൊന്നുമല്ല. അതുപോലെ നല്ലത് ചെയ്തവരില്‍ എത്രയോ പേര് എവിടെയും എത്താതെ പോയവരുണ്ട്.

ആര്‍ഷ വലിയ ആത്മവിശ്വാസമുള്ള നായികയാണ്. എവിടെനിന്നാണ് അത് ആര്‍ജ്ജിച്ചെടുത്തത്?

ചെറുപ്പം തൊട്ട് ഞാന്‍ ഡാന്‍സും പാട്ടും ഒക്കെ പഠിക്കുന്നുണ്ട്. എല്ലാമത്സരങ്ങള്‍ക്കും മടിയില്ലാതെ പങ്കെടുക്കുകയും ചെയ്യും. അതുകൊണ്ട് സഭാകമ്പം എന്നുള്ളത് എന്‍റെ ഡിക്ഷ്ണറിയില്‍ പോലുമില്ല. ഓഡിഷനൊന്നും അറ്റന്‍ഡ് ചെയ്യുമ്പോള്‍ ഭയം തോന്നിയിട്ടില്ല. അതാണല്ലോ ഈ മേഖലയ്ക്ക് അവശ്യം.

ആര്‍ഷയ്ക്ക് കോണ്‍ഫിഡന്‍സ് കുറവുള്ള മേഖലകള്‍ ഏതൊക്കെയാണ്?

ഞാന്‍ പാട്ട് പഠിക്കുന്നുണ്ട്. അത്യാവശ്യം പാടാറുമുണ്ട്. പക്ഷേ ഞാന്‍ ഒരു പാട്ടുകാരിയാണ് എന്ന് തുറന്ന് സമ്മതിക്കാനുള്ള ഒരു ധൈര്യം എനിക്കിതുവരെ വന്നിട്ടില്ല.

സിനിമയില്‍ എന്തൊക്കെ കാര്യങ്ങള്‍ക്കാണ് നോ പറയാറുള്ളത്?

ഒരു ആക്ടറെന്ന നിലയില്‍ ഇന്നത് ചെയ്യണം, ചെയ്യേണ്ട എന്നൊന്നുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

'മധുര മനോഹര മോഹം' സിനിമയില്‍ ആര്‍ഷയെക്കണ്ട് പ്രേക്ഷകര്‍ ഒന്നാകെ പറഞ്ഞു എന്തൊരു മലയാളിത്തമുള്ള പെണ്‍കുട്ടി എന്ന്. അതില്‍ എന്താണ് അഭിപ്രായം?

സ്റ്റെഫി ചേച്ചിയായിരുന്നു അതില്‍ കോസ്റ്റ്യൂം ചെയ്തത്. ഞാനിതുവരെ അണിയാത്ത അനാര്‍ക്കലി മോഡല്‍ ചുരിദാറുകളാണ് എന്‍റെ കഥാപാത്രം അണിയുന്നത്. അതെനിക്ക് നല്ലോണം ചേരുന്നുമുണ്ടായിരുന്നു.

ഇതുവരെ ഉണ്ടായിരുന്ന അധ്യാപകര്‍ എല്ലാവരും ഡാന്‍സിനും പാട്ടിനും ഒക്കെ സപ്പോര്‍ട്ട് ചെയ്തവരാണോ?

അധികം ടീച്ചര്‍മാരും പഠിക്കാനാണ് പറഞ്ഞിട്ടുള്ളത്. കാരണം സ്ക്കൂളില്‍ നമ്മള്‍ പഠിക്കാനാണ് പോകുന്നത് എന്നാണ് പറയുക. പഠിച്ചാല്‍ മാത്രമേ കാര്യമുള്ളൂ എന്നുപറഞ്ഞവരാണ് അധികം. പിന്നെ കലാപരമായ കഴിവുകളിലും സപ്പോര്‍ട്ട് ചെയ്ത അദ്ധ്യാപകരുമുണ്ട്.

മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ ഭയങ്കര പ്രാക്ടിക്കലായ ഒരു കാമുകിയാണെങ്കില്‍ മധുരമനോഹര മോഹത്തില്‍ പൈങ്കിളിയായ ഒരു കാമുകിയാണ്. റിയല്‍ ലൈഫില്‍ ആര്‍ഷ ഏതുതരം കാമുകിയാണ്? 

എന്തായാലും മുകുന്ദനുണ്ണിയിലെ മീനാക്ഷിയല്ല ഞാന്‍. പിന്നെ പൈങ്കിളിയാണല്ലോ. അതില്‍ ക്രിഞ്ചും ഉണ്ടാകും.

ഒരു പ്രണയബന്ധത്തില്‍ എന്താണ് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത് എന്നുചോദിച്ചാല്‍...?

കമ്മ്യൂണിക്കേഷന്‍ തന്നെയാണ് പ്രധാനം. പിന്നെ രണ്ടുപേരും രണ്ട് വ്യക്തികളാണ് എന്നത് മനസ്സിലാക്കണം. നമ്മള്‍ നമ്മളുടെ പാര്‍ട്ട്ണറെ നമ്മുടെ ഇഷ്ടത്തിനുവേണ്ടി പിടിച്ചുവയ്ക്കരുത്. രണ്ടുപേര്‍ക്കും അവനവന്‍റേതായ സ്വാതന്ത്ര്യമുണ്ട്. അതിന് പ്രാധാന്യം നല്‍കണം.


LATEST VIDEOS

Interviews