സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ സെലിനെന്ന കല്യാണപ്പെണ്ണായി സിനിമയിലേക്ക് കടന്നുവന്ന മഡോണ തുടക്കം മുതൽക്കെ സെലക്ടീവാണ്.
ദക്ഷിണേന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായ മഡോണ സെബാസ്റ്റ്യൻ ശുഭാപ്തിവിശ്വാസിയാണ്. ചലിക്കുന്ന ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയാൻ മഡോണയ്ക്ക് നിമിഷങ്ങൾ മതി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങളിൽ മനസ്സർപ്പിച്ച് അനായാസമായ അഭിനയവഴികളിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് മഡോണയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മഡോണ സെബാസ്റ്റ്യൻ നല്ലൊരു ഗായിക കൂടിയാണ്.
സൂപ്പർഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ സെലിനെന്ന കല്യാണപ്പെണ്ണായി സിനിമയിലേക്ക് കടന്നുവന്ന മഡോണ തുടക്കം മുതൽക്കെ സെലക്ടീവാണ്. മഡോണ അഭിനയിക്കുന്ന പതിനേഴാമത്തെ ചിത്രമാണ് പത്മിനി. മലയാളത്തോടൊപ്പം തെലുങ്കിലും തമിഴിലും കന്നഡയിലും തന്റേതായ അഭിനയസാന്നിധ്യം തെളിയിച്ച മഡോണ സെബാസ്റ്റ്യൻ സംസാരിക്കുകയാണ്.
മഡോണയുടെ പുതിയ ചിത്രമായ പത്മിനിയിലെ കഥാപാത്രത്തെക്കുറിച്ച്?
നല്ലൊരു കുടുംബചിത്രമായിരിക്കും പത്മിനി. സിനിമയുടെ ടൈറ്റിലുള്ള പത്മിനിയെന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. പത്മിനി കോളേജ് ലക്ചററാണ്.
മലയാളത്തിൽ കാര്യമായി അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണോ മറ്റ് ഭാഷകളിൽ സജീവമാവുന്നത്?
മലയാളത്തിൽ ധാരാളം കഥകൾ കേൾക്കാറുണ്ട്. പുതിയ സംവിധായകരൊക്കെ കഥ പറയാറുണ്ട്. അഭിനയസാധ്യതയുള്ള നല്ല കഥാപാത്രമാണെന്ന് തോന്നിയാൽ മാത്രമേ സ്വീകരിക്കാറുള്ളൂ.
മറ്റ് ഭാഷാചിത്രങ്ങളിലെ അഭിനയത്തെക്കുറിച്ച്?
തമിഴിലും തെലുങ്കിലും കന്നഡത്തിലുമായി ധാരാളം ഓഫറുകൾ ലഭിക്കാറുണ്ട്. വിജയ് സേതുപതി നായകനായ കാതലും കടന്തു പോവും എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഫാമിലി ക്യാരക്ടറാണ്. പിന്നെ, മലയാളത്തിലെ പ്രേമം തെലുങ്കിലെ ഹിറ്റായിരുന്നു. കന്നഡത്തിൽ നായികയായി അഭിനയിച്ച കൊട്ടിഗബു വൻവിജയമായിരുന്നു സുദീപ് നായകനായ ഈ ചിത്രം പൂർത്തിയാവാൻ മാസങ്ങൾ വേണ്ടിവന്നു.
സിനിമയിൽ തിരക്കേറുന്ന മഡോണ സെബാസ്റ്റ്യൻ സെലക്ടീവാണോ?
തീർച്ചയായും, തുടക്കം മുതൽക്കേ സെലക്ടീവാണ്. സെലക്ടീവായതുകൊണ്ടാണ് പതിനേഴോളം സിനിമകളിൽ മാത്രം ഞാൻ അഭിനയിച്ചത്. പ്രേമത്തിലൂടെ സിനിമയിലെത്തിയ എനിക്ക് മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽ തിരക്കേറുമ്പോഴും സെലക്ടീവാകുന്ന കാര്യത്തില ഇപ്പോഴും ഉറച്ചുനിൽക്കുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷാചിത്രങ്ങളിലെ സംവിധായകരും കഥകൾ പറയാറുണ്ട്. കഥ ഇഷ്ടമായിട്ടില്ലെങ്കിൽ കാര്യങ്ങൾ തുറന്നുപറയാറുണ്ട്. ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും നടത്തിയിട്ടില്ല.
വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഹോം വർക്ക് നടത്താറുണ്ടോ...?
സംവിധായകർ കഥ പൂർണ്ണമായും പറഞ്ഞുതരുമ്പോൾ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചും പറഞ്ഞുതരാറുണ്ട്. സ്വാഭാവികമായും ഒരു സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതുവരെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കാറുണ്ട്. ചിത്രീകരണം കഴിയുന്നതോടെ ആ കഥാപാത്രത്തെ മനസ്സിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. മറ്റൊരു സിനിമയിലേക്ക് പോവുമ്പോൾ പുതിയ കഥാപാത്രങ്ങൾ മനസ്സിലേക്ക് കയറിവരും. ഒരു കഥാപാത്രങ്ങളെ ചേർത്തുനിർത്തി ആരാധകർ സന്തോഷം പങ്കുവയ്ക്കാറുണ്ട്.
സെബാസ്റ്റ്യന്റെ പുതിയ മഡോണ ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ?
മലയാളത്തിൽ പത്മിനി കഴിഞ്ഞാൽ ടൊവിനോ നായകനാവുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പോവുകയാണ്. തമിഴിൽ ജസ്റ്റ് എന്ന ചിത്രത്തിൽ പ്രഭുദേവയുടെ നായികയാണ്. തെലുങ്കിൽ ചൈതന്യയുടെ നായികയായി ഹൂ.. എന്ന ചിത്രത്തിൽ അഭിനയിക്കുന്നു.
മഡോണയുടെ മനസ്സിലെ ആഗ്രഹം...?
മറ്റുഭാഷകളിൽ തിരക്കുണ്ടെങ്കിലും മലയാളത്തിൽ അഭിനയസാധ്യതയുളള വെല്ലുവിളിയുയർത്തുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.