മാറ്റങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയമുണ്ട്. ഇപ്പോള്‍ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകന്‍ വിജിതമ്പി പറയുന്നു. മലയാളസിനിമയില്‍ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുദീര്‍ഘമായ ഒരു ഇടവേള. താങ്കളെ അടുത്തിടെയായി ലൈംലൈറ്റില്‍ കാണാറില്ലല്ലോ?
ഞാനിവിടെ തന്നെയുണ്ട്. സുഖം, സന്തോഷം അങ്ങനെ പോകുന്നു.
കുറച്ചുനാളായിട്ട് കൊച്ചിയില്‍ ആയിരുന്നെന്ന് കേട്ടു?
അതെ. മകന്‍ അവിടെ ആയിരുന്നു. അവനോടൊപ്പമായിരുന്നു കുറച്ചുനാളായിട്ട്. ഇപ്പോള്‍ അയാള്‍ ബംഗളൂരുവിലേക്ക് മാറി. അതോടെ ഞങ്ങള്‍ ഇങ്ങ് തിരുവനന്തപുരത്തേയ്ക്ക് പോന്നു.
പൂര്‍ണ്ണമായി കൊച്ചിയില്‍ നിന്നും പറിച്ചുനട്ടു എന്നാണോ?
ഏയ്... അങ്ങനൊന്നുമില്ല. കൊച്ചിയില്‍ ഓഫീസുണ്ട്. പിന്നെ കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ ഇവിടെയാണല്ലോ അധികവും.
പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്ന് പറയുന്നതുപോലെ മലയാളത്തിലെ എണ്ണം പറഞ്ഞ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായ താങ്കള്‍ എന്തോ വലിയൊരു സംഗതിക്കായിട്ടുള്ള ഒരുക്കങ്ങളിലാണെന്ന് കേട്ടു?
കേട്ടത് കുറച്ചൊക്കെ ശരിയാണ്. ഒരു ബിഗ് ബജറ്റ് പ്രോജക്ടിന്‍റെ പിന്നാലെയാണ്. ഏറെ ശ്രമകരമായ ഒരു ടാസ്ക്കാണത്. വെറുതെ അങ്ങ് ചെന്ന് എക്സിക്യൂട്ട് ചെയ്യാവുന്ന ഒരു സംഗതിയല്ല. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായിട്ട് മുന്നോട്ടുപോകുന്നു.
ബിഗ് ബജറ്റെന്ന് പറയുമ്പോള്‍, ഒന്ന് വിശദമാക്കാമോ?
വേലുത്തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു മെഗാ പ്രോജക്ടാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് വര്‍ക്കെല്ലാം ഏറെക്കുറെ കഴിഞ്ഞു. രഞ്ജിപണിക്കരാണ് സ്ക്രിപ്റ്റ് എഴുതുന്നത്. വാസ്തവത്തില്‍ ഇത് 2005 ല്‍ തുടങ്ങിയ വര്‍ക്കാണ്. ചരിത്രത്തിന്‍റെ ഭാഗമായ ഒരു ഏട് അഭ്രപാളിയില്‍ പകര്‍ത്തുമ്പോള്‍ അതത്ര നിസ്സാരമായിരിക്കില്ലല്ലോ. അതുകൊണ്ട് നല്ല രീതിയില്‍ ഹോം വര്‍ക്ക് നടത്തി കുറേയധികം ഗവേഷണങ്ങളൊക്കെ ചെയ്തതിനുശേഷമാണ് എഴുത്ത് ആരംഭിച്ചതുതന്നെ. പൃഥ്വിയെ മൂന്നോ നാലോ ഗെറ്റപ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ 100 ദിവസത്തിലധികം ഷൂട്ടിനായി തന്നെ വേണ്ടിവരും. പൃഥ്വിയുടെ തിരക്കുകാരണം അതങ്ങോട്ട് ഒത്തുവരുന്നില്ല. അതിനിടെ കോവിഡ് ഉള്‍പ്പെടെയുള്ള സംഗതികള്‍ പ്രതിസന്ധിയായി. ഏറ്റവും ഒടുവില്‍, എമ്പുരാന്‍റെ വര്‍ക്ക് കഴിഞ്ഞാല്‍ ചെയ്യാം എന്ന നിലയ്ക്കാണ് നില്‍ക്കുന്നത്.
ഇതിനിടെ മറ്റേതോ ഒരു പ്രോജക്ട് താങ്കളുടേതായി വരുന്നുണ്ടെന്ന് കേട്ടിരുന്നു?
ബിജുമേനോനെ നായകനാക്കി ഒരു പ്രോജക്ട് പൈപ്പ് ലൈനിലാണ്. അതിന്‍റെ സ്ക്രിപ്റ്റും കാര്യങ്ങളുമൊക്കെ ഒരുവശത്തുകൂടെ പുരോഗമിക്കുന്നുണ്ട്. ചിലപ്പോള്‍ ഒരുപക്ഷേ പൃഥ്വി പ്രോജക്ടിന് മുന്നേ അതും സംഭവിച്ചേക്കാം.