'പുത്തം പുതുകാലൈ പൊന്‍നിറവോളൈ' എന്ന ഗാനരംഗത്തിലടെ തമിഴ് സിനിമാപ്രേമികളുടെ മാനസം കീഴടക്കിയ നുണക്കുഴി കവിളുള്ള സുന്ദരി താരമാണ് സൃഷ്ടി ഡാങ്കേ. ഒരു പതിറ്റാണ്ടുകാലമായി സിനിമയില്‍ നായികയായി തുടരുന്ന സൃഷ്ടിയുടെ ഒട്ടനവധി സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും ഒരു 'ബ്രേക്ക്' ഇതുവരെ കരഗതമായിട്ടില്ല. ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ച 'ചന്ദ്രമുഖി 2' എന്ന സിനിമയും പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നിരുന്നാലും സിനിമയില്‍ സമയത്തിനാണ് പ്രാധാന്യം എന്നാണ് പറയാറ്. തന്‍റേതായ ഒരു ദിവസം സുനിശ്ചിതമെന്ന് ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്ന സൃഷ്ടി ഡാങ്കേയുമായി ഒരു മുഖാമുഖം.
സൃഷ്ടി ഡാങ്കേയെ എപ്പോഴാണ് മുന്‍നിര നായകന്മാരുടെ നായികയായി സ്ക്രീനില്‍ കാണാനാവുക?
എപ്പോള്‍ ചാന്‍സ് കിട്ടുന്നുവോ അപ്പോള്‍ കാണാം. ഞാനും ഏറെ പ്രതീക്ഷയോടെ അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കയാണ്. എന്‍റെ ദിവസം ഉടന്‍ ഉണ്ടാവുമെന്നാണ് വിശ്വാസം.
ഒരിക്കല്‍ അച്ഛനാണ് സൃഷ്ടിയുടെ ഹീറോ എന്ന് പറഞ്ഞിരുന്നു. അച്ഛനില്‍ ഇഷ്ടപ്പെട്ട ഘടകം എന്താണ്...?
എല്ലാ മിഡില്‍ ക്ലാസ് ഫാമിലിയിലും അച്ഛന്‍ എന്ന വ്യക്തി സ്വയം അദ്ധ്വാനിച്ച് മുന്നേറുന്ന ആളായിരിക്കും. എന്‍റെ കുടുംബത്തിലും അങ്ങനെതന്നെ. പത്തുവര്‍ഷമായിട്ട് ഞാന്‍ സിനിമയിലുണ്ടെങ്കിലും വലിയ രീതിയില്‍ വിജയിക്കാനായില്ല. അങ്ങനെയുള്ളപ്പോള്‍ 'സിനിമ ഉപേക്ഷിച്ചിട്ട് വാ. എന്നിട്ട് വിവാഹം കഴിക്കൂ' എന്നേ എല്ലാ അച്ഛന്മാരും പറയുകയുള്ളൂ. അവരായിട്ട് പറഞ്ഞില്ലെങ്കിലും സമൂഹത്തിന് വേണ്ടി അങ്ങനെ പറയേണ്ട അവസ്ഥയിലേക്ക് അവര്‍ തള്ളപ്പെടും. എന്നാല്‍ എന്‍റെ അച്ഛന്‍ ഇന്നുവരെ അങ്ങനെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യ്. നിന്നെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യാം. തീര്‍ച്ചയായും ഒരു നാള്‍ നീ വലിയ ആളായി തീരും എന്ന് പറഞ്ഞു എന്‍കറേജ് ചെയ്യും. 'കൊച്ചുപ്രായം തൊട്ട് നീ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. നിന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിന്നെ ഞാന്‍ ആക്ടിംഗ് ക്ലാസില്‍ ചേര്‍ത്തു. മൂന്നുമാസം കൊണ്ട് നീ അഭിനയം മതിയാക്കും എന്ന് കരുതി. പക്ഷേ അഭിനയത്തെ നീ നിന്‍റെ കരിയറാക്കി മാറ്റുമെന്ന് ഞാന്‍ കരുതിയില്ല. അതുകൊണ്ട് നിന്‍റെ സ്വപ്നത്തെ നീ ഉപേക്ഷിക്കരുത് എന്നുപറഞ്ഞു. ഇങ്ങനെ ഒരു അച്ഛനെക്കിട്ടിയത് ഞാന്‍ ഏതോ ജന്മത്തില്‍ ചെയ്ത പുണ്യത്തിന്‍റെ ഫലം.
നിങ്ങളുടെ ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പം...?
ബോയ്ഫ്രണ്ടായിരുന്നാല്‍ മതി. ജെന്‍റില്‍മാനായി ഹ്യൂമര്‍ സെന്‍സുള്ള, പറയുന്ന കാര്യം പെട്ടെന്ന് ഉള്‍ക്കൊള്ളുന്ന ഒരാളായിരിക്കണം. എന്നെപോലെ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കണം.
സൃഷ്ടിയുടെ വിനോദങ്ങള്‍.. നേരമ്പോക്ക്?
ട്രാക്കിംഗ്, സൈക്കിളിംഗ്, സമയം കിട്ടുമ്പോഴൊക്കെ ഇത് രണ്ടും ചെയ്യും. ശരീരം ഫിറ്റായി വയ്ക്കണമല്ലോ. പിന്നെ ഹാന്‍റ്ക്രാഫ്റ്റ് പഠിക്കുന്നുണ്ട്.