സിജി അഭിനയരംഗത്തേക്ക് വരുന്നത് എങ്ങനെയാണ്?
അമച്വര്‍ തീയേറ്ററിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പ്രൊഫ. രാമാനുജം സാര്‍ സംവിധാനം ചെയ്ത 'കറുത്ത ദൈവത്തെ തേടി' എന്ന നാടകത്തിലൂടെ. തിരുവനന്തപുരം അഭിനയ തീയേറ്റര്‍ റിസര്‍ച്ച് സെന്‍റര്‍ ആയിരുന്നു പ്രൊഡക്ഷന്‍. തുടര്‍ന്ന് ആ തീയേറ്ററില്‍ നിരവധി നാടകങ്ങളുടെ ഭാഗമായി.
ദേശീയവും അന്തര്‍ദേശീയവുമായ നാടകോത്സവങ്ങളില്‍ അവതരണങ്ങളുടെ ഭാഗമായിട്ടുണ്ട്. അതേത്തുടര്‍ന്നാണ് അരങ്ങിനെക്കുറിച്ച് സീരിയസായി കണ്ടുതുടങ്ങിയത്. അതിനുശേഷം പെര്‍ഫോമന്‍സ് ആര്‍ട്സില്‍ എം.ഫില്‍ ചെയ്തു.
സിജി ആദ്യം അഭിനയിച്ച സിനിമ ഏതായിരുന്നു?
നന്ദകുമാര്‍ കാവില്‍ സംവിധാനം ചെയ്ത ഏറനാടിന്‍ പോരാളിയായിരുന്നു എന്‍റെ ആദ്യ സിനിമ.
ഇതുവരെ എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടാകും? ഏതൊക്കെ?
ഏകദേശം 20 സിനിമകളില്‍. ലൂമിയര്‍ ബ്രദേഴ്സ്, കന്യക ടാക്കീസ്, വളപ്പൊട്ടുകള്‍, ഉത്തരം പറയാതെ, ദേവസ്പര്‍ശം, ഇളയരാജ, സുവര്‍ണ്ണ പുരുഷന്‍, ഭീമന്‍റെ വഴി, ഭാരതപ്പുഴ, ചാള്‍സ് എന്‍റര്‍പ്രൈസസ്.. ഈയടുത്ത് കുത്തൂട് ഇങ്ങനെ പോകുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നു. തുടക്കം നായികയായിട്ടായിരുന്നു. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളും ചെയ്തു. ഭാര്യയായി, അവതാരകയായി, ടീച്ചറായി, നക്സലൈറ്റായി... ഭാരതപ്പുഴയിലെ സെക്സ് വര്‍ക്കര്‍ സംസ്ഥാന അവാര്‍ഡ് നേടിത്തന്നു.