തിരക്കഥാരചനയെന്ന് പറയുന്നത് തുടക്കം മുതല്‍ അവസാനം വരെ വലിയ ഫോക്കസ് ആവശ്യപ്പെടുന്ന ഒരു ജോലിയാണ്. എങ്ങനെയാണ് താങ്കള്‍ ആ ഫോക്കസ് നിലനിര്‍ത്തുന്നത്?
ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളുടെയെല്ലാം സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങുന്നത് ചോറ്റാനിക്കര അമ്പലത്തില്‍ വച്ചാണ്. അതെന്റെ വിശ്വാസമാണ്. പക്ഷേ എനിക്ക് എഴുതാനായി നിശ്ശബ്ദമായ ഒരു സ്ഥലം വേണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്നാവും ഉത്തരം.
ആള്‍ക്കൂട്ടത്തിനിടയിലിരുന്നുപോലും എനിക്ക് എഴുതാന്‍ പറ്റാറുണ്ട്. ഒരു പടത്തിന്റെ സ്‌ക്രിപ്റ്റിംഗ് തുടങ്ങുന്നതിന് മുന്‍പുതന്നെ അതിലെ സീനുകള്‍ സംഭാഷണങ്ങളുള്‍പ്പെടെ എന്റെ മനസ്സില്‍ ഉണ്ടാകും. പലപ്പോഴും ഇത് മനസ്സില്‍ ചിട്ടപ്പെടുത്തുക എന്നുള്ളതാണ് എന്നെ സംബന്ധിച്ച് വലിയൊരു ജോലി. അത് ഷൂട്ട് കഴിഞ്ഞാല്‍ പേപ്പറിലേക്ക് പകര്‍ത്തുക എന്നുള്ളതേയുള്ളൂ. അതില്‍ എനിക്ക് അന്തരീക്ഷം ഏതായാലും കുഴപ്പമില്ല. അതുകൊണ്ടുതന്നെ എനിക്ക് റൈറ്റേഴ്‌സ് ബ്ലോക്കും ഇല്ല.
തിരക്കഥ എഴുതുമ്പോള്‍ അതിന്റെ അഭിനേതാക്കളെയും മനസ്സില്‍ കാണാറുണ്ടോ?
ഇല്ല. ഞാന്‍ അങ്ങനെ മനസ്സില്‍ കാണാറൊന്നുമില്ല. മാളികപ്പുറത്തിന്റെ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഉണ്ണി മുകുന്ദന്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ സീനൊക്കെ എഴുതുമ്പോള്‍ ദിലീപേട്ടനെ ആയിരുന്നു മനസ്സില്‍ കാണാന്‍ കഴിഞ്ഞത്. അതുപോലെ ഞാന്‍ രാജുവേട്ടനോടും മാളികപ്പുറത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്. രാജുവേട്ടന് കഥ ഇഷ്ടമായതുമാണ്. പക്ഷേ അദ്ദേഹത്തിന്റെ ഡേറ്റിന്റെ പ്രശ്‌നം കാരണ മാണ് ചെയ്യാന്‍ കഴിയാതിരുന്നത്. പിന്നെ ഏതൊരു സിനിമയും അത് ആര് ചെയ്യണമെന്ന് ആരോ എഴുതിവച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതൊരു നിമിത്തമാണ.് അത് മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല.
പിന്നെ ഉണ്ണിമുകുന്ദനില്‍ എത്താനുള്ള കാരണം...
ഉണ്ണിയോട് കഥ പറയാന്‍ പോയ അന്നുതന്നെ അത് തീരുമാനമായി. അന്ന് ഉണ്ണി മേപ്പടിയാന്റെ ഷൂട്ട് കഴിഞ്ഞിരിക്കുകയായിരുന്നു. താടിയും മുടിയുമായി ഉണ്ണിക്ക് ശരിക്കും ഒരു അയ്യപ്പന്‍ ഫീലായിരുന്നു. അന്ന് അവിടെ ഉണ്ണിയെ കണ്ടപ്പോള്‍ മനസ്സിലുള്ള കഥാപാത്രം മുന്നില്‍ വന്നുനില്‍ക്കുന്ന പോലെയായി. കഥ കേട്ടപ്പോഴും ഉണ്ണിക്ക് അത് ചെയ്യാന്‍ വലിയ താല്‍പ്പര്യമായി. പിന്നെ ഈ സിനിമയുടെ വിജയം ഉണ്ണി തന്നെയാണെന്ന് ഞാന്‍ പറയും. കാരണം ഉണ്ണി ഈ സിനിമയ്ക്ക് വേണ്ടി അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. തുടക്കം മുതലേയുള്ള വ്രതാചരണം ഉണ്ണിയെപ്പോലെതന്നെ സെറ്റില്‍ എല്ലാവരും പാലിച്ചിരുന്നു.
കുട്ടികളെ എങ്ങനെയാണ് തെരഞ്ഞെടുത്തത്?
കുട്ടികളുടെ ഓഡിഷനായിരുന്നു കുറേയധികം സമയം വേണ്ടി വന്നത്. ദേവനന്ദയുടെ കഥാപാത്രത്തിനായി ഒരുപാട് പേരെ ഓഡിഷന്‍ ചെയ്‌തെങ്കിലും അതൊന്നും കല്ലുവിലേക്ക് എത്തിയിരുന്നില്ല. പിന്നെ ആന്റോ ചേട്ടനാണ് സിനിമയില്‍ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയെ ഓഡിഷന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. അത് ചെയ്യാന്‍ ഞാന്‍ വിഷ്ണുവിനെ ഏല്‍പ്പിച്ചു. ഒരു വൈകുന്നേരം ആണ് ആ കുട്ടി ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാനായി വരുന്നത്. അന്ന് അവള്‍ ധരിച്ചിരുന്നത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ആയിരുന്നു. അപ്പോള്‍തന്നെ എനിക്ക് എന്തോ പ്രതീക്ഷയുണ്ടായി. 'എന്നെക്കൂടി ശബരിമലയില്‍ കൊണ്ടുപോവ്വോ' എന്ന് ചോദിക്കുന്ന രംഗമാണ് ചെയ്തുകാണിക്കാന്‍ പറഞ്ഞത്. ആ കുട്ടി അത് ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെയാക്കി ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. സിനിമയിലുള്ള ആണ്‍കുട്ടിയും ഓഡിഷനിലേക്ക് കയറി വന്നതുതന്നെ അവന്റെ അച്ഛനുമായി ഒരു തമാശ പൊട്ടിച്ചാണ്. ആ കുട്ടിയുടെ സ്വാഭാവികമായ സംഭാഷണത്തില്‍ നിന്നുതന്നെയാണ് ആ കുട്ടിയെ ഞങ്ങള്‍ സെലക്ട് ചെയ്തത്. അതായിരുന്നു അവന്റെ കഥാപാത്രത്തിന് വേണ്ടതും.
മാളികപ്പുറം കേട്ട വിമര്‍ശനങ്ങള്‍...?
സിനിമയുടെ പേര് വെളിപ്പെടുത്തിയപ്പോള്‍ തന്നെ കേട്ടുതുടങ്ങിയതായിരുന്നു അതിന്റെ വിമര്‍ശനങ്ങളും. പിന്നെ ശബരിമല എപ്പോഴും ചര്‍ച്ചാവിഷയമാണല്ലോ. പ്രത്യേകിച്ച് മാളികപ്പുറം എന്ന പേര് കൂടിയായപ്പോള്‍ സ്ത്രീയെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിക്കുന്ന സിനിമ എന്നുള്ള രീതിയിലൊക്കെ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. അതുകൊണ്ട് പന്തളം കൊട്ടാരത്തില്‍ നിന്നുവരെ ആളുകള്‍ സെറ്റില്‍ വന്നിരുന്നു. അവരോട് സിനിമയുടെ കഥ പറഞ്ഞുമനസ്സിലാക്കിയപ്പോഴാണ് അവര്‍ സിനിമയുടെ കൂടെ നില്‍ക്കാമെന്ന് വാക്കുതന്നത്. സിനിമ കണ്ടിട്ട് അഭിപ്രായം പറയാം എന്ന നിലപാടിലായിരുന്നു ഞങ്ങളും. പക്ഷേ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിനുമപ്പുറം സിനിമ വന്‍ഹിറ്റായി. ഒരു വിശ്വാസിക്ക് ഇത് അയ്യപ്പന്റെ സിനിമയാണെങ്കില്‍ ഒരു സാധാരണ പ്രേക്ഷകന് ഇതൊരു കൊമേഴ്‌സ്യല്‍ സിനിമയാണ്.
മാളികപ്പുറത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായിട്ടും അതിനൊരു രണ്ടാം ഭാഗം ഉണ്ടാകും. ഇപ്പോഴുള്ള മാളികപ്പുറത്തിന് ഒരു ബെഞ്ച് മാര്‍ക്കുണ്ട്. അത് ബ്രേക്ക് ചെയ്യുന്ന രീതിയിലായിരിക്കും മാളികപ്പുറത്തിന് രണ്ടാം ഭാഗം ഒരുങ്ങുക. അതൊരു വലിയ സിനിമ തന്നെയായിരിക്കും.
ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ എപ്പോഴെങ്കിലും അഭിമാനം തോന്നിയിട്ടുണ്ടോ?
എഴുത്തുകാര്‍ക്ക് വലിയ ബഹുമാനവും ആദരവും ഒക്കെയുള്ള ഒരു സംസ്ഥാനമാണ് കേരളം. അതുപോലെ ഇന്ത്യയില്‍ ഏറ്റവും ശക്തമായ റൈറ്റേഴ്‌സ് യൂണിയന്‍ കേരളത്തിലേതാണ്. ആ യൂണിയനില്‍ ഒരു മെമ്പറാവുക എന്നതുതന്നെ എന്നെ സംബന്ധിച്ച് അഭിമാനകരമാണ്. 'ഫെഫ്ക്ക'യിലെ റൈറ്റേഴ്‌സ് യൂണിയന്റെ എക്‌സിക്യുട്ടീവ് മെമ്പറാണ് ഞാനിപ്പോള്‍. ഇതെല്ലാം ഒരു കാലത്ത് എന്റെ സ്വപ്നമായിരുന്നു. അത് സാക്ഷാത്ക്കരിക്കാനായത് അഭിമാനകരം തന്നെയാണ്.