വെള്ളിത്തിരയിലെന്നപോലെ രാഷ്ട്രീയത്തിലും
തന്‍റേതായ പാതയിലൂടെ സഞ്ചരിക്കുന്ന
മുകേഷ് നാനയ്ക്കൊപ്പം.
സിനിമയില്‍ വരുന്ന പുതിയ അഭിനേതാക്കള്‍ക്ക് വളരെയധികം ലക്കി ചാം ആണ് മുകേഷ് എന്നുപറയാറുണ്ടല്ലോ. അത് ശരിയാണോ?
ഞാന്‍ പുതിയ ആളുകളുമായി കംഫര്‍ട്ടബിള്‍ ആണ്. അതില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒക്കെ നല്ല ഫ്രണ്ട്ലി ആണ്. അവന്‍റെ അച്ഛന്‍റെ സുഹൃത്ത് ആണല്ലോ ഞാന്‍. അതുപോലും മറന്ന് കുറെയധികം ഓപ്പണ്‍ ആയി സംസാരിക്കാറുണ്ട് ഞങ്ങള്‍. ഫഹദ് ഫാസിലും ദുല്‍ഖറും ഒക്കെ അതുപോലെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്.
രാഷ്ട്രീയജീവിതം മറ്റൊരുവശത്ത് കൂടി വളരെ നന്നായി പോയിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു സിനിമാനടന്‍ കൂടിയാകുമ്പോള്‍ സ്വാഭാവികമായും സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ ആരാധകര്‍ സ്റ്റേജില്‍ കയറി വരികയോ മറ്റോ ചെയ്തിട്ടുണ്ടോ? അങ്ങനെ ഏതെങ്കിലും പൊതുപരിപാടികള്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?
ഇല്ല. ഞാന്‍ ഒരു യങ് ഹീറോ ആയി സിനിമയില്‍ തിളങ്ങി നിന്ന സമയം പോലും എനിക്ക് ടൗണിലേക്ക് ഇറങ്ങാം, മാര്‍ക്കറ്റില്‍ പോകാം. അന്നത്തെ കാലത്ത് ഗള്‍ഫില്‍ ഒക്കെ ആയിരുന്നു പോകാന്‍ ബുദ്ധിമുട്ട്. ഇന്ന് എല്ലാവരുടെ കയ്യിലും ക്യാമറ ഉണ്ട്. ഞാന്‍ എല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യും. സമയം എടുത്ത് എല്ലാവരെയും കാണും, ഫോട്ടോ എടുക്കും.
43 വര്‍ഷമായി സിനിമയില്‍ ഉണ്ട്. ഇത്ര വര്‍ഷകാലയളവില്‍ ആരോടാണ് ഏറ്റവും കുടുതല്‍ കടപ്പാടുള്ളത്?
എന്‍റെ എല്ലാ സുഹൃത്തുക്കളുമായും എനിക്ക് വലിയ കടപ്പാടുണ്ട്. അങ്ങനെ ഒരുപാട് പേരുണ്ട്. അവരെല്ലാവരും സിനിമയില്‍ നിന്ന് ആയിരിക്കണമെന്നില്ല. സിനിമയില്‍ എനിക്ക് വലിയ സൗഹൃദങ്ങള്‍ ഇല്ല. അത് ഉണ്ടായിരിക്കരുത് എന്നാണ് എന്‍റെ പക്ഷം.
ഇത്രവര്‍ഷക്കാലത്തെ സിനിമാജീവിതത്തില്‍ എപ്പോഴെങ്കിലും സിനിമ വേണ്ടാ എനിക്ക് വേറെ എന്തെങ്കിലും തൊഴില്‍ ചെയ്യാം എന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ എനിക്ക് ഒരിക്കല്‍പോലും തോന്നിയിട്ടില്ല. സിനിമയില്‍ ഞാന്‍ സജീവമായി നിലനിന്നിരുന്ന ആളായതുകൊണ്ടാണ് ഞാന്‍ ചെയ്യുന്ന നാടകങ്ങള്‍ കാണാന്‍ ആളുകള്‍ ഉണ്ടായത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നതും എനിക്ക് വോട്ട് ചെയ്യുന്നതും. സിനിമയല്ലാതെ എനിക്ക് വേറൊന്നു ചിന്തിക്കാന്‍ ആവില്ല. അതാണ് സത്യം. ആദ്യം തന്നെ എനിക്ക് സിനിമ കിട്ടിയില്ലെങ്കില്‍ പോലും ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കും എന്നല്ലാതെ വേറൊരു തൊഴില്‍മേഖല ഞാന്‍ ആലോചിക്കാറില്ല.