NEWS

ഓസ്കാര്‍ കിട്ടിയ ആദ്യത്തെ രണ്ടുവര്‍ഷം എനിക്ക് പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയുണ്ടായില്ലെങ്കില്‍ ഞാന്‍ പാപ്പരായേനെ... -Resul Pookutty

News

ചലച്ചിത്രലോകത്തെ പരമോന്നത പുരസ്ക്കാരമായ ഓസ്ക്കാര്‍, പത്മശ്രീ എന്നിവയ്ക്ക് പുറമെ അനേകം അംഗീകാരങ്ങള്‍ സ്വന്തമാക്കിയ റസൂല്‍ പൂക്കുട്ടി ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രശസ്ത സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണ്. റസൂല്‍ പൂക്കുട്ടിയുടെ വിശേഷങ്ങളിലേക്ക്...

ഓസ്ക്കാര്‍ വരെ നേടിയ താങ്കള്‍ക്ക് എങ്ങനെയാണ് സ്വഭാവത്തിലും ജീവിതത്തിലും മാറ്റമില്ലാതെ തുടരാന്‍ സാധിക്കുന്നത്?

മാറ്റങ്ങള്‍ ഇല്ല എന്നുപറയാന്‍ സാധിക്കില്ല. മാറ്റങ്ങള്‍ എന്നിലും ഉണ്ടായിട്ടുണ്ടാവും. അത് സ്വാഭാവികമാണ്. ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയതുകൊണ്ടായിരിക്കാം നമ്മളൊക്കെ ഇവിടം വരെയൊക്കെ എത്തിയത്. നാട്ടിലൊരു ചൊല്ലുണ്ട് തലമറന്ന് എണ്ണ തേക്കരുത് എന്ന്. പിന്നെ എങ്ങനെയാണ് വന്ന വഴികള്‍ മറക്കാന്‍ സാധിക്കുക. എന്‍റെ നാടും നാട്ടിലെ സംസ്ക്കാരവും എല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആ സംസ്ക്കാരം ഞാന്‍ എന്‍റെ മക്കള്‍ക്കും പകര്‍ന്ന് കൊടുത്തിട്ടുണ്ട്.

അവസരങ്ങള്‍ നിരസിക്കപ്പെട്ടിട്ടുണ്ടോ?

എന്നെ പലരും റിജക്റ്റ് ചെയ്തിട്ടുണ്ട്. ഓസ്ക്കാര്‍ കിട്ടിയതിനുശേഷവും ഒരുപാട് പേര്‍ റിജക്റ്റ് ചെയ്യുകയുണ്ടായി. നമ്മളെ ആരെങ്കിലും റിജക്ട് ചെയ്താല്‍ അത് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. കാരണം നിങ്ങള്‍ വളരെ മികച്ചതാണ് എന്നുപറഞ്ഞു റിജക്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു. അത് ഞാന്‍ ഇന്ത്യയില്‍ മാത്രം ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്. ഒരു പ്രധാന അവാര്‍ഡ് വേദിയിലേക്ക് ലോകത്തിലെ മികച്ച അഞ്ച് വര്‍ക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഞാനും അവിടെ പോയിരുന്നു. ക്ഷണിതാവായി. എനിക്ക് നോമിനേഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ വച്ച് മീറ്റ് ചെയ്ത ഓരോ ആളുകളും എനിക്ക് താങ്കളുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് പറയുകയുണ്ടായി. ഇവിടെയുള്ള വ്യത്യാസം ഒന്ന് ആലോചിച്ചുനോക്കൂ.
 
ഓസ്ക്കാറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോള്‍, ഇവിടെയുള്ളവര്‍ പറയുന്നത് 'നീ ജോലിയില്‍ വളരെ മിടുക്കനായതുകൊണ്ട് നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ല, എന്നാണ്. ഓസ്കാര്‍ കിട്ടിയ ആദ്യത്തെ രണ്ടുവര്‍ഷം എനിക്ക് പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയുണ്ടായില്ലെങ്കില്‍ ഞാന്‍ പാപ്പരായേനെ. ഓസ്ക്കാര്‍ കിട്ടിയതിനുശേഷമാണ് പഴശ്ശിരാജ ചെയ്യുന്നത്. അതിനുശേഷമാണ് ഇന്ദ്രന്‍ ചെയ്തത്. സൗത്ത് ഇന്ത്യന്‍ സിനിമയാണ് എന്നെ പിടിച്ചുനിര്‍ത്തിയത്. താങ്ക്സ് ടു ദെം.


LATEST VIDEOS

Interviews