അജിത്തിനെ നായകനാക്കി എഴില്‍ സംവിധാനം ചെയ്ത 'പൂവെല്ലാം ഉന്‍വാസം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സോനാ ഹൈഡന്‍. അതിനുശേഷം കഴിഞ്ഞ ഇരുപതിലേറെ വര്‍ഷക്കാലമായി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമാലോകത്ത് ഗ്ലാമര്‍ താരമായും, സ്വഭാവനടിയായും തന്‍റെ ജൈത്രയാത്ര തുടരുന്നതിനിടെയാണ് സ്വന്തം ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ആധാരമാക്കി 'സ്മോക്ക്' എന്ന വെബ് സീരീസ് താരം സംവിധാനം ചെയ്തിരിക്കുന്നു. ഏറെ പ്രതിസന്ധികളേയും എതിര്‍പ്പുകളേയുമാണ് ഈ സീരീസ് റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സോന അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതത്രെ. സിനിമയിലെ പല ഉന്നത വ്യക്തികളും ഇതിലെ കഥാപാത്രങ്ങളാവുന്നുണ്ടെന്നാണ് സൂചന. ഈ സന്ദര്‍ഭത്തില്‍ അവര്‍ 'നാന'യ്ക്കുവേണ്ടി അനുവദിച്ച അഭിമുഖത്തില്‍ വളരെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്.. അതിലെ പ്രസക്തഭാഗങ്ങള്‍....
സോനയ്ക്ക് കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായതെന്നും, കുറെ എതിര്‍പ്പുകളും മറ്റുള്ളവരുടെ ഇടപെടലുകളും ഉണ്ടായതായി കേള്‍ക്കുന്നുണ്ടല്ലോ...?
പ്രശ്നങ്ങളൊന്നും തന്നെ വേണ്ട എന്നുകരുതി ഞാന്‍ ഒതുങ്ങിക്കഴിയുകയായിരുന്നു. അപ്പോഴാണ് നീ എന്തു ചെയ്താലും നിന്നെ വിടില്ല നിന്നെ ഒതുക്കും എന്ന കണക്ക് എതിര്‍പ്പുകള്‍ ഉണ്ടായത്. 'സ്മോക്ക്' എന്ന വെബ്സീരീസ് തുടങ്ങിയപ്പോള്‍തന്നെ എവിടെ നിന്നാണെന്നറിയില്ല, ഒന്നല്ല, രണ്ടല്ല ഒരു സംഘം തന്നെ എനിക്കെതിരായി രൂപപ്പെട്ടു. ഇത്രയും മാനസിക പീഡനങ്ങള്‍ അനുഭവിച്ച ശേഷം ഇനി എന്തും നേടിരാനുള്ള ഒരു മനക്കരുത്ത് ഇപ്പോള്‍ എനിക്ക് കിട്ടി.
ഈ വെബ്സീരീസ് സംവിധാനം ചെയ്യുന്നത് പലരോടും പകരം വീട്ടാനായിട്ടാണ് എന്ന് പറയപ്പെടുന്നുണ്ടല്ലോ?
അങ്ങനെയൊരു പ്രതികാരചിന്ത എനിക്കില്ല. ഒരുപാട് ചതികള്‍ക്ക് ഞാന്‍ വിധേയയായിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെയും പേര് ഞാന്‍ ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം അവരുടെ കുടുംബങ്ങളെ ഓര്‍ത്ത്. ഞാന്‍ സമ്പാദിച്ചത് എനിക്ക് മാത്രമായി മാറ്റിവയ്ക്കാന്‍ അറിയുമായിരുന്നെങ്കില്‍ ഇന്ന് എനിക്ക് ചുരുങ്ങിയത് ഇരുന്നൂറ് കോടിയുടെ ആസ്തി ഉണ്ടാവുമായിരുന്നു. എനിക്കറിയാവുന്നത് സിനിമയാണ,് അഭിനയമാണ്. അതിലൂടെ വളരണം എന്ന് ആഗ്രഹിച്ചു. എല്ലാവരും എന്നോടൊപ്പം എനിക്ക് ചുറ്റും ഉണ്ടാവണം എന്ന് ആഗ്രഹിച്ച് എനിക്ക് ചുറ്റുമുള്ള എല്ലാവരേയും സഹായിച്ചു. ഞാന്‍ കൊച്ചുകൊച്ചു തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ തിരുത്തി നല്ല രീതിയില്‍ സമൂഹത്തില്‍ ജീവിച്ചുകാണിക്കണം എന്ന് ആഗ്രഹിച്ചു. എന്നാല്‍ അതൊക്കെ തെറ്റായിപ്പോയി എന്ന് തോന്നുന്നു. ഒരുപക്ഷേ ഞാന്‍ കപടജീവിതം നയിച്ചിരുന്നുവെങ്കില്‍ നല്ല രീതിയിലായിരുന്നിരിക്കുമോ എന്തോ അറിഞ്ഞുകൂടാ. എന്നാലിന്ന് ചെയ്യാത്ത തെറ്റുകളുടെ പേരില്‍ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്.