NEWS

എന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യണം -സിജി പ്രദീപ്

News

അഭിനയം ഒരു മോഹമായി കൊണ്ടുനടന്നിരുന്നോ?

അങ്ങനെ ചോദിച്ചാല്‍, അതെ. നടക്കാന്‍ സാധ്യത ഇല്ലാന്ന് തോന്നുന്ന ചിലതും നമ്മള്‍ ആഗ്രഹിക്കില്ലെ.., അതുപോലെയായിരുന്നു എനിക്ക് സിനിമയും. ആദ്യത്തെ നാടകാഭിനയത്തിന് ശേഷം വീണ്ടും ആ രംഗത്ത് തുടരണം എന്നുറപ്പിക്കുന്നതും അതുകൊണ്ടാണ്. അതുപക്ഷേ, സിനിമയിലേക്കും എത്തി.

ഏതെങ്കിലും പ്രത്യേകരീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് തീരുമാനമുണ്ടോ?

തീരുമാനം അല്ലാട്ടോ.. ശരിക്കും ആഗ്രഹമാണ്. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കണമെന്നുള്ള ആഗ്രഹം. എന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുന്ന സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.

അഭിനയം ആരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

സ്വാധീനമാണോയെന്നറിയില്ല. കൃത്യമായി ഇന്ന ആളുടെ അഭിനയമെന്ന് എടുത്തുപറയാന്‍ കഴിയില്ല. പക്ഷേ, അഭിനയജീവിതത്തിലേക്ക് കടന്നത് മുതല്‍ ഓരോ ചിത്രത്തിലെയും നാടകത്തിലെയുമൊക്കെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ഒരു സ്വാധീനത്തിനപ്പുറം നോക്കിക്കാണാന്‍... ശ്രദ്ധിക്കാന്‍.. ശ്രമിക്കാറുണ്ട്.. പുതിയതായി എനിക്കെന്തെങ്കിലുമൊന്ന് അവിടെ ഉണ്ടോയെന്ന് തിരയാറുണ്ട്. സുകുമാരി ചേച്ചി, ലളിതചേച്ചി, ഉര്‍വ്വശി ചേച്ചി.. തുടങ്ങിയവരൊക്കെ അഭിനയത്തില്‍ കാണിക്കുന്ന മാജിക് അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ.

ഒരു വലിയ ആഗ്രഹം കൂടി മനസ്സിലുണ്ട്. തമിഴ് സിനിമയില്‍ അമ്മന്‍ വേഷം ചെയ്യണമെന്നത് എന്‍റെ വലിയ ആഗ്രഹമാണ്. ഇത് കുട്ടിക്കാലത്ത് തമിഴിലെ അമ്മന്‍ സിനിമകള്‍ കാണുമ്പോഴുള്ള ആഗ്രഹമായിരുന്നു. അമാനുഷിക കഥാപാത്രങ്ങള്‍ ചെയ്യണമെന്നതും മനസ്സിന്‍റെ ഒരു കോണില്‍ കിടക്കുന്ന വലിയ ആഗ്രഹം തന്നെയാണ്.


LATEST VIDEOS

Interviews