താങ്കള്‍ സിനിമയിലേക്ക് വന്നതെങ്ങനെയെന്ന് പറയാമോ?
2012-13 കാലഘട്ടത്തില്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ച "ABCD'' എന്ന സിനിമയിലൂടെയാണ് ഞാന്‍ ആദ്യം സിനിമയില്‍ വരുന്നത്. "ABCD'' ക്കുവേണ്ടി ഒരു ഓഡിഷന്‍ നടന്നിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ ചെറിയ ഒരു വേഷം ചെയ്യുന്നത്.
അഭിനയം ഒരു മോഹമായിരുന്നോ?
തീര്‍ച്ചയായും, അതൊരു മോഹം തന്നെയായിരുന്നു. സിനിമയിലെത്തും മുമ്പ് ചില നാടകങ്ങളിലും അഭിനയിച്ചിരുന്നു. അഞ്ചുവര്‍ഷക്കാലം നാടകങ്ങളിലൂടെ അഭിനയത്തെക്കുറിച്ച് പഠിക്കുകയും പരിശീലിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരു നല്ല നടനായി മാറണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാനതെല്ലാം ചെയ്തിരുന്നത്.
"ABCD' ക്കുശേഷം തുടര്‍ന്ന് ചെയ്ത സിനിമകള്‍ ഏതൊക്കെയാണ്?
രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അഭിനയിച്ചു. ടീച്ചര്‍, അര്‍ച്ചന 31 നോട്ടൗട്ട്... തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇടയ്ക്കൊരു തമിഴ് സിനിമ ചെയ്തു. കടശീല ബിരിയാണി. ഇതിനിടയില്‍ 'ചാര്‍ളി' എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയാമോ?
അത് നല്ലൊരു അനുഭവം തന്നെയായിരുന്നു. ഒരു സിനിമ എങ്ങനെയാണ് രൂപം കൊണ്ടുവരുന്നതെന്ന് അ ടു ദ അറിയാനും പഠിക്കാനും കഴിഞ്ഞു. ഞാന്‍ സിനിമ പഠിച്ചത് ഒരു ഡയറക്ടര്‍ പോയിന്‍റ് ഓഫ് വ്യൂവിലാണ്, ഒരു നടനെന്ന നിലയിലുള്ള കാഴ്ചപ്പാടിലല്ല. ഇപ്പോഴും ഞാന്‍ സിനിമയെ നോക്കിക്കാണുന്നത് ഒരു ഫിലിം മേക്കറിന്‍റെ കാഴ്ചപ്പാടിലൂടെയാണ്. അതാണ് എനിക്ക് കുറച്ചുകൂടി അറിയാവുന്നതും പഠിച്ചിട്ടുള്ളതും.
ക്യാമറയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച പരിചയത്തെക്കുറിച്ച് പറയാമോ?
സിനിമയോടുള്ള സ്നേഹംകൊണ്ടാണ് ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നടന്‍ മാത്രമാണ്. ക്യാമറയുടെ പിന്നിലാണ് സിനിമയുടെ എല്ലാ ജോലികളും നടക്കുന്നത്. അതുപക്ഷേ, നല്ല ഹാര്‍ഡ് വര്‍ക്കുമാണ്. ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് സിനിമ പൂര്‍ണ്ണമാകുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരുടേയും പങ്കാളിത്തം ഒരു സിനിമയ്ക്കുണ്ട്.
താങ്കളുടെ പുതിയ സിനിമ ഏതാണ്?
പുതിയ സിനിമയുടെ പേര് 'കടകന്‍' എന്നാണ്. മലപ്പുറം ചാലിയാര്‍ പുഴയുടെ തീരത്ത് നടക്കുന്ന ഒരു കഥയാണ്. എല്ലാത്തരം ചേരുവകളും അടങ്ങിയ സിനിമയാണിത്. സജി മച്ചാടാണ് ഈ ചിത്രത്തിന്‍റെ ഡയറക്ടര്‍. ഒരു മാസ്സ് സിനിമയായിട്ടാണ് ഞങ്ങള്‍ ഈ സിനിമയെ കാണുന്നത്. രണ്ട് തമിഴ് സിനിമയും റിലീസാകാനുണ്ട്. സ്വര്‍ഗ്ഗവാസലും മനുസിയും.
ഭാവിയില്‍ സിനിമയില്‍ നടനാകുക.. അല്ലെങ്കില്‍ സംവിധായകനാകുക.. എന്തായിരിക്കും തീരുമാനം?
ഇപ്പോള്‍ ഒന്നും തീരുമാനിച്ചുവച്ചിട്ടില്ല. ഒരു നടനായിട്ടാണ് ഇപ്പോള്‍ തുടരുന്നത്. ഇങ്ങനെതന്നെ തുടര്‍ന്നും മുന്നോട്ടുപോകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഭാവിയില്‍ ഒരുപക്ഷേ, ഞാനൊരു സംവിധായകനോ അല്ലെങ്കില്‍ ഒരു നിര്‍മ്മാതാവായോ ആയി മാറിയേക്കാം. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനം ആയതുകൊണ്ട് ആരുടെയും ജോലി ചെറുതല്ല.