NEWS

പഠനത്തെക്കാളും ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് സിനിമകള്‍ കാണാനും മനസ്സിലാക്കാനുമായിരുന്നു

News

ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ആനന്ദപുരം ശശിനായര്‍ 'നാന'യോട് സംസാരിക്കുന്നു

 

താങ്കള്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം'ആനന്ദപുരം ഡയറീസ്' ആണല്ലോ. ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ശശിനായര്‍: ആനന്ദപുരം ഒരു സാങ്കല്‍പ്പിക നഗരമാണ്. പ്രകൃതിരമണീയമായ ഈ സ്ഥലത്താണ് കഥ നടക്കുന്നത്. എന്‍റെ കുട്ടിക്കാലം ചെലവഴിച്ചത് വയനാട്ടിലായിരുന്നു. അതുകൊണ്ട് ഈ പേരിടുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് വയനാടായിരുന്നു. അവിടെ നടക്കുന്ന സംഭവങ്ങള്‍ ഈ കഥയിലെ മുഖ്യകഥാപാത്രം തന്‍റെ ഓര്‍മ്മകളില്‍ നിന്ന് ഡയറിയില്‍ എഴുതുന്നതായിട്ടാണ് ചെയ്തിരിക്കുന്നത്.

ഈ സിനിമയുടെ കഥ താങ്കളുടേതാണല്ലോ?

പല ദുരന്തങ്ങളെയും ധൈര്യപൂര്‍വ്വം നേരിട്ട് വിജയം കൈവരിച്ച ധാരാളം സ്ത്രീകളെ എനിക്ക് നേരിട്ടറിയാം. അത്തരം സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള എന്‍റെ ഒരു ആദരവായിട്ടാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ കണ്ട വ്യക്തികളുടെ യഥാര്‍ത്ഥ ജീവിതവും ഭാവനയും ഇഴചേര്‍ന്നതാണ് ആനന്ദപുരം ഡയറീസിന്‍റെ കഥ.

താങ്കള്‍ക്ക് സിനിമ ഒരു പാഷനായിരുന്നുവോ?

തീര്‍ച്ചയായും. എന്‍റെ പഠനകാലത്ത് തന്നെ സിനിമ തന്നെയായിരുന്നു എന്‍റെ പാഷന്‍. പഠനത്തെക്കാളും ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് സിനിമകള്‍ കാണാനും മനസ്സിലാക്കാനുമായിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോള്‍ 'ആനന്ദപുരം ഡയറീസ്' എന്ന സിനിമ കഥയെഴുതി നിര്‍മ്മിക്കുമ്പോള്‍ നല്ലൊരു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞതിലുള്ള ഒരു സന്തോഷമുണ്ട്.

ചിത്രീകരണ അനുഭവങ്ങള്‍ പറയാമോ?

ലൊക്കേഷന്‍ വയനാട് ആയതുകൊണ്ടുതന്നെ കാലാവസ്ഥയും വന്യമൃഗങ്ങളും പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. എങ്കില്‍പോലും അതിന്‍റെ സൗന്ദര്യം ഫ്രെയിമില്‍ നല്ല വിഷ്വല്‍ നല്‍കിയിട്ടുമുണ്ട്. മഴ ശക്തമായപ്പോള്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

വയനാട്ടില്‍ ആനകളുടെ ശല്യം കൂടിയ പ്രദേശമാണ് ചെമ്പ്രമല. ഒരു പാട്ട് സീന്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചത് അവിടെയാണ്. ഉദ്വേഗം നിറഞ്ഞ, സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ അതിന്‍റെ മുള്‍മുനയില്‍ നിന്നുകൊണ്ടാണ് അ ഗാനരംഗം ഷൂട്ട് ചെയ്തത്. രാത്രിനേരം ഷൂട്ടുകഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയരികില്‍ ആനകളുണ്ടായിരുന്നു. അത്രയും റിസ്ക്കെടുത്ത് അവിടെ ഷൂട്ട് ചെയ്തത് ചിത്രത്തിന്‍റെ ദൃശ്യഭംഗിക്ക് വേണ്ട മിഴിവ് നല്‍കുന്നുണ്ട്.

സിനിമാനിര്‍മ്മാണ രംഗത്ത് വരുവാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?

അപ്പൂപ്പനും ചെറുമകള്‍ക്കും ഒന്നിച്ചുപോയി കാണാവുന്ന സിനിമകള്‍ ഇപ്പോള്‍ വളരെ കുറച്ചാണെന്ന് തന്നെ പറയാം. അത്തരം സിനിമകള്‍ ഇനിയും ധാരാളമായി മലയാളത്തില്‍ വരേണ്ടതുണ്ട്.
 


LATEST VIDEOS

Interviews