സിനിമയെന്ന സ്വപ്നത്തിലേക്ക് വളരെ കഷ്ടപ്പെട്ട് എത്തിച്ചേര്‍ന്ന ഒരു വ്യക്തിയാണ്. എങ്ങനെയായിരുന്നു ആ യാത്ര?
എന്നെ സംബന്ധിച്ച് വളരെ മനോഹരമായ ഒരു യാത്രയായിരുന്നു അത്. ഈ യാത്ര ഇങ്ങനെ ജീവിതം മുഴുവന്‍ നീളട്ടെ എന്നാണ് എന്‍റെ ആഗ്രഹം.
എങ്ങനെയാണ് പത്തുവര്‍ഷത്തെ സിനിമയിലേക്കുള്ള യാത്രയെ ഓര്‍ക്കുന്നത്?
സിനിമയില്‍ എന്തെങ്കിലും ആവണം അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 10 വര്‍ഷം അത്ര വലിയ സമയം ഒന്നുമല്ല. സിനിമയുടെ പിറകെ രണ്ടുവര്‍ഷമായി നടന്നു മതിയായി എന്നൊക്കെ പറഞ്ഞു ഇന്നത്തെ പല കുട്ടികളും എനിക്ക് മെസ്സേജ് അയയ്ക്കാറുണ്ട്. അവരോടൊക്കെ ഞാന്‍ പറയാറുള്ളത് ഒന്നേയുള്ളൂ. കാത്തിരിക്കാന്‍ പറ്റുമെങ്കില്‍ മാത്രം സിനിമയെ ആഗ്രഹിക്കാം. കാരണം അതൊരു നീണ്ട പ്രക്രിയയാണ്. അത് മനസ്സിലാക്കി വേണം നമ്മള്‍ മുന്നോട്ടുപോകാന്‍. കാത്തിരിക്കാന്‍ സമയം കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ പതിയെ പിന്തിരിയുന്നതായിരിക്കും നല്ലത്. പക്ഷേ എല്ലാവര്‍ക്കും അങ്ങനെ സമയം എടുക്കണം, എന്നാലും കാത്തിരിക്കാനുള്ള ക്ഷമ വേണം. ഞാന്‍ പല ഇന്‍റര്‍വ്യൂവിലും ഇത് സംസാരിക്കാറുണ്ട്.
കാരണം ഒരു സാധാരണക്കാരനായ സിനിമാമോഹിയായ ഞാന്‍ ഈ നിലയില്‍ എത്തി എന്നുള്ളത് ചിലര്‍ക്കെങ്കിലും ഒരു പ്രചോദനമാകുമല്ലോ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നെ സംബന്ധിച്ച് എന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷം എനിക്ക് ആവശ്യമായി വന്നു. എന്‍റെ ആദ്യത്തെ പടം തുടങ്ങിയ സമയത്ത് തന്നെ രണ്ടാമത്തെ സിനിമയും ഷൂട്ട് തുടങ്ങിയിരുന്നു. അതെല്ലാം ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് വലിയ നേട്ടം തന്നെയായിരുന്നു. അതിനുശേഷം മാളികപ്പുറം വന്‍ഹിറ്റായി. പലരും നമ്മളെ വിശ്വസിച്ച് കഥ ഏല്‍പ്പിക്കുന്നു. അതെല്ലാം വലിയ സന്തോഷങ്ങളാണ്.
തുടക്കസമയത്ത് തന്നെ അടുപ്പിച്ച് അടുപ്പിച്ച് ഹിറ്റ് സിനിമകളുടെ തന്നെ ഭാഗമാകാന്‍ സാധിച്ചു. അപ്പോള്‍ സ്വാഭാവികമായും ചെയ്ത വര്‍ക്കിനെ സംബന്ധിച്ച് ഒരു ടെന്‍ഷനും മറ്റും ഉണ്ടായിരുന്നില്ലേ?
ഇല്ല. എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. കാരണം അന്ന് എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന് മാത്രമായിരുന്നു ആഗ്രഹം. ഈ പത്തുവര്‍ഷത്തിനിടെ കഥ പറഞ്ഞല്ലോ. ഈ പത്ത് വര്‍ഷത്തിനിടയ്ക്ക് ഞാന്‍ ഒരു രാത്രി പോലും എന്തെങ്കിലും എഴുതാതെ കിടന്നിട്ടില്ല. എന്‍റെ കഥകളില്‍ എനിക്ക് അത്രയും വിശ്വാസം ഉണ്ടായിരുന്നു. ആദ്യത്തെ തിരക്കഥ 'നൈറ്റ് ഡ്രൈവ്' നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തത്. ഏകദേശം ഒരു മൂന്നുമാസം അത് ട്രെന്‍ഡിംഗ് ആയിരുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ എഴുതിയ തിരക്കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'പത്താം വളവ്' ആയിരുന്നു.