ജ്ഞാനവേൽ സംവിധാനം ചെയ്ത്, രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, തുഷാര വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രമാണ് 'വേട്ടൈയ്യൻ'. ഈയിടെ റിലീസായ ഈ ചിത്രം നല്ല അഭിപ്രായം നേടി കളക്ഷനിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനികാന്ത് അഭിനയിച്ചു ഇതിന് മുൻപ് റിലീസായ ചിത്രങ്ങളെ അപേക്ഷിച്ച് നല്ല മെസ്സേജ് തരുന്ന ഒരു ചിത്രം കൂടിയാണ് 'വേട്ടൈയ്യൻ'. അതിനാൽ കുടുംബ പ്രേക്ഷകരും ഈ ചിത്രം കാണാൻ തിയേറ്ററുകളിലേക്ക് വിസിറ്റ് ചെയ്തു വരികയാണ്, അങ്ങിനെ ചിത്രം വമ്പൻ വിജയമായതിനെ തുടർന്ന് ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചെന്നൈയിൽ മീഡിയകൾക്ക് നന്ദി പറയുകയുണ്ടായി. അപ്പോൾ 'വേട്ടൈയ്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന് സംവിധായകൻ ജ്ഞാനവേലിനോട് ചോദിച്ചപ്പോൾ, ''ചിത്രത്തിൻ്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പിന്നാമ്പുറക്കഥയെ ആസ്പദമാക്കി ഒരു കഥ സൃഷ്ടിക്കാനുള്ള ആലോചനയും ഉണ്ട്. എന്നാൽ രജനികാന്ത് അതിന് സമ്മതിക്കണം. രജനികാന്ത് 'ഓകെ' പറയുകയാണെങ്കിൽ 'വേട്ടൈയ്യൻ' രണ്ടാം ഭാഗം നിശ്ചയമായി വരും'' എന്നാണ് ജ്ഞാനവേൽ പറഞ്ഞത്. അതിനാൽ രണ്ടാം ഭാഗ ചിത്രങ്ങളുടെ ലിസ്റ്റിൽ 'വേട്ടൈയ്യ'നും ഇടം പിടിക്കും എന്ന് പ്രതീക്ഷിക്കാം!