ഓരോ ഭാഷയിലും ഒരുപാട് സിനിമകൾ നിർമ്മിച്ച് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നുണ്ടെങ്കിലും ആ സിനിമകൾ എല്ലാം കാണാൻ ആരാധകർ അധികം വരുന്നത് ഇല്ല. കൊറോണ എന്ന മഹാമാരി ഉണ്ടായ കാലഘട്ടത്തിൽ തിയേറ്ററുകൾ എല്ലാം അടച്ചിട്ടപ്പോൾ, OTT പ്ലാറ്റ്‌ഫോമുകൾ സിനിമാ ആരാധകർക്ക് ഒരു ബദൽ വിനോദമായി മാറി. കുടുംബസമേതം തിയേറ്ററിൽ സിനിമ കാണാൻ പോയാൽ 3000 രൂപ മുതൽ 4000 രൂപ വരെ ചിലവ് വരും. അതേ സമയം പ്രതിവർഷം 1500 രൂപ മുടക്കിയാൽ ഒ.ടി.ടി.യിൽ ഒരുപാട് സിനിമകൾ കാണാം എന്നുള്ള കാര്യം ആളുകളെ വളരെയധികം ആകർഷിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഒ.ടി.ടി.യിൽ സിനിമ കാണുന്നവരുടെ എണ്ണം അധികമാവുകയും, സിനിമാ തിയേറ്ററിൽസിനിമ കാണുന്നവരുടെ എണ്ണം കുറയുകയും ചെയ്തു.
ഇതിനെ തുടർന്ന് ഇപ്പോൾ മുൻനിര നായകന്മാരുടെ സിനിമകൾ വരുമ്പോൾ മാത്രമാണ് തിയേറ്ററുകളിലേക്കു നിറയെ ആരാധകർ വരുന്നതും, തിയേറ്ററുകൾ നിറയുന്നതും. അതും കുറച്ചു ദിവസത്തേക്ക് മാത്രം. അതിനാൽ, OTT കമ്പനികൾ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വാഗ്‌ദാനം ചെയ്യുന്നത് പോലെ, ഇപ്പോൾ ഇന്ത്യയിലെ നിറയെ തിയേറ്റർ ശൃഖലകൾ ഉള്ള PVR സിനിമാസ് ചില പ്ലാനുകൾ വാഗ്ദാനം ചെയ്യാൻ പോകുകയാണ് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച്, 699 രൂപ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയാൽ ഒരാൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ PVR തിയേറ്ററുകളിൽ പ്രതിമാസം 10 സിനിമകൾ വരെ കാണാമത്രെ! ഇത് പദ്ധതി ആദ്യഘട്ടമായി ഡൽഹിയിലും, മുംബൈയിലുമാണ് നടപ്പാക്കുന്നത്. ഇതിനുള്ള പ്രതികരണം അനുസരിച്ച് ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണത്രെ പി.വി.ആർ. കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇത് സിനിമാ ആരാധകർക്ക് സന്തോഷം തരുന്ന ഒരു വാർത്ത തന്നെയാണ്.