സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി, 'ദ കിംഗ് ഓഫ് മ്യൂസിക്' എന്ന പേരിൽ ഒരു ചിത്രം ഒരുങ്ങുന്നു എന്നും, ഈ ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ധനുഷ് ആണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. 'റോക്കി' , സാണി കായിതം', ധനുഷ് നായകനായ 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അരുണ്‍ മാതേശ്വരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു ഈയിടെ റിലീസായി വമ്പൻ വിജയം നേടിയ 'രായൻ' എന്ന ചിത്രത്തിനെ തുടർന്ന് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് 'കുബേര'. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇതിനെ തുടർന്ന് ഇളയരാജയുടെ ബയോപിക്കായ 'ദ കിംഗ് ഓഫ് മ്യൂസിക്കി' ലാണ് ധനുഷ് അഭിനയിക്കാനിരിക്കുന്നത്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിന് ആരായിരിക്കും സംഗീതം നൽകുക എന്ന കാര്യത്തിൽ വ്യത്യസ്തമായ വാർത്തകളാണ് പുറത്തുവവന്നു കൊണ്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ സന്തോഷം തരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതായത് ഇളയരാജ തന്നെയാണ് തന്റെ ബയോപിക്കായ 'ദ കിംഗ് ഓഫ് മ്യൂസിക്'ന് സംഗീതം നൽകുന്നത്. ഇത് ഒരു അപൂർവ സംഭവമാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തില്‍ രാമസ്വാമിയുടെയും, ചിന്നതായമ്മാളുടെയും മകനായി ജനിച്ച് സംഗീതലോകത്തിന്റെ നെറുകയിലെത്തി ഇസൈജ്ഞാനിയായി മാറിയ ഇളയരാജ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് ഒട്ടേറെ പ്രതിഭാധനരായ ഗായകരെ ലഭിച്ചത് ഇളരാജയുടെ ഗാനങ്ങളിലൂടെയായിരുന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഇളയരാജയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുള്ള ഒരു വ്യക്തിയുടെ ജീവിതം സിനിമയായി കാണാൻ കാത്തിരിക്കുകയാണ് ഇളയരാജയുടെ ആരാധകരും സിനിമാ ആരാധകരും.