NEWS

ചലച്ചിത്ര ഛായാഗ്രഹണ കലയില്‍ അമ്പതുവര്‍ഷം പിന്നിടുന്ന -Madhu Ambat

News

മധു അമ്പാട്ടിന്‍റെ മനസ്സ് അനുഭവങ്ങളുടെ മഹാസാഗരമാണ്. ഇന്ത്യന്‍ സിനിമയിലെ ഒന്‍പത് ഭാഷകളില്‍ ക്യാമറകൊണ്ട് കവിത വിരിയിച്ച മധു അമ്പാട്ടിന്‍റെ ഓരോ ഫ്രെയിമുകളിലും ദൃശ്യചാരുതയുടെ തിരയിളക്കം കാണാം. മധു അമ്പാട്ട് ചലച്ചിത്ര പ്രയാണം തുടങ്ങിയിട്ട് അമ്പതുവര്‍ഷം പിന്നിടുന്നു. അരനൂറ്റാണ്ട് കാലത്തെ യാത്രയില്‍ മൂന്ന് ദേശീയ അവാര്‍ഡുകളും, ആറ് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചത് 251 സിനിമകളിലാണ്.


സംസ്കൃതചിത്രമായ ആദിശങ്കരാചാര്യ, തമിഴ് ചിത്രമായ ശൃംഗാരം, മലയാളം ചിത്രമായ ആദാമിന്‍റെ മകന്‍ അബു തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് നേടിയ മധു അമ്പാട്ട് അശ്വത്ഥാമാവ്, പുരുഷാര്‍ത്ഥം, യാരോ ഒരാള്‍, സൂര്യന്‍റെ മരണം, സ്വാതിതിരുനാള്‍, അമരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സംസ്ഥാന പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയത്.
1975 ല്‍ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മധു അമ്പാട്ട് സ്വതന്ത്ര ഛായാഗ്രാഹകനായത്.

ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴുള്ള മാനസിക വിചാരം?

ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സിനിമ നല്‍കിയ ഒരുപാട് അനുഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരികയാണ്. ഓരോ സിനിമകളും വൈവിധ്യങ്ങളായ ആവേശവും ആഹ്ലാദവും അനുഭവങ്ങളുമാണ് എനിക്ക് സമ്മാനിച്ചത്.

പാലക്കാട്ടെ ചിറ്റൂരിലുള്ള അമ്പാട്ട് തറവാട്ടില്‍ മജീഷ്യനായിരുന്ന ഭാഗ്യനാഥിന്‍റെയും സുലോചനയുടെയും മകനായാണ് ഞാന്‍ ജനിച്ചത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നിന്നും ബി.എസ്.സി ഫിസിക്സ് പഠനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഐ.ഐ.ടിയിലേക്കും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഞാന്‍ അപേക്ഷ നല്‍കിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. ഐ.ഐ.ടിയില്‍ ഇരുപത്തിയേഴാം റാങ്ക് എനിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനാണ് ഞാന്‍ തീരുമാനിച്ചത്. റാങ്ക് ലഭിച്ചിട്ടും സിനിമ പഠിക്കാനുള്ള എന്‍റെ തീരുമാനം കുടുംബത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അമ്മാവന്‍മാരൊക്കെ ഐ.ഐ.ടിയില്‍ ചേരാനാണ് എന്നെ നിര്‍ബന്ധിച്ചത്. പക്ഷേ എന്‍റെ ഇഷ്ടത്തിന് അച്ഛന്‍ അനുകൂലമായതോടെ ഞാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1973 ല്‍ സിനിമാറ്റോഗ്രാഫിയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്ന ഡോക്യുമെന്‍ററിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ക്യാമറ ചലിപ്പിച്ചത്. 1975 ല്‍ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായാണ് ഞാന്‍ സിനിമയിലേക്ക് കടന്നുവന്നത്.

സംവിധായകരുമായുള്ള മാനസികമായ അടുപ്പത്തെക്കുറിച്ച്?

സംവിധായകരുമായുള്ള അടുപ്പം നല്ല സിനിമകള്‍ക്ക് പിറവി നല്‍കാനും കാരണമാവുന്നു. ഭരതന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരോടൊപ്പം സിനിമ ചെയ്യുമ്പോഴൊക്കെ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. വി.ആര്‍. ഗോപിനാഥ്, ശാരദാരാമനാഥന്‍, സലിം അഹമ്മദ് എന്നിവരുടെ സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോഴും സംതൃപ്തിയായിരുന്നു. മാത്രമല്ല, ഓരോ സംവിധായകരുടെയും ശൈലി വ്യത്യസ്തമാണല്ലോ. കഥയുടെ വൈകാരികതയിലൂടെ സഞ്ചരിക്കുമ്പോള്‍ ദൃശ്യങ്ങളുടെ മനോഹാരിതയും നിറത്തിന്‍റെ പ്രാധാന്യവും പ്രധാനമാണല്ലോ. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലാണ് കഥയുടെ പ്രയാണത്തിന് അനുസൃതമായി ഏറ്റവും കൂടുതല്‍ കളര്‍ടോണ്‍ ഉപയോഗിച്ചത്. അംഗരാജ്യത്തിലെ ഭൂപ്രദേശങ്ങള്‍ മുഴുവന്‍ വരള്‍ച്ചയിലായപ്പോള്‍ കൊടുംചൂടിന്‍റെ പ്രതീകമായി ദൃശ്യങ്ങളില്‍ മുഴുവന്‍ ചുവപ്പിന്‍റെ പശ്ചാത്തലമായിരുന്നു. പിന്നീട് ഋഷ്യശൃംഗന്‍ വന്ന് എല്ലാവരിലും ആഹ്ലാദം പകര്‍ന്ന് മഴ പെയ്യിക്കുമ്പോള്‍ പച്ചയും, നീലയും നിറമാണ് ഉപയോഗിച്ചത്. ഇതാവട്ടെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. എനിക്കേറെ ഇഷ്ടപ്പെട്ട സംവിധായകനായിരുന്നു ഭരതന്‍. ഭരതന്‍റെ നിരവധി ചിത്രങ്ങള്‍ ചെയ്തെങ്കിലും വൈശാലിയും, അമരവും, പാഥേയവും വ്യത്യസ്തമായ പാറ്റേണിലുള്ള ചിത്രങ്ങളായിരുന്നു.

ആത്മസുഹൃത്തുക്കളിലൊരാളായ ഭരതന്‍റെ വേര്‍പാടിനുശേഷം താങ്കള്‍ മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നുവല്ലെ?

അതെ. ഭരതന്‍റെ വേര്‍പാട് എനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. ഞാനും ഭരതനും ഒരിക്കലും പിണങ്ങിയിട്ടില്ല. ചിത്രീകരണവേളകളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. ഭരതന്‍റെ വേര്‍പാട് മാനസികമായി എന്നെ തളര്‍ത്തിയിരുന്നു. ഞാന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഭരതന്‍റെ അവസാനചിത്രം ചുരമായിരുന്നു. മറ്റ് ഭാഷകളില്‍ സിനിമകള്‍ ചെയ്തെങ്കിലും മലയാളത്തില്‍ നിന്നുള്ള ഓഫറുകള്‍ ഞാന്‍ വേണ്ടെന്ന് വച്ചു. ഭരതന്‍റെ സാന്നിധ്യമില്ലാത്ത മലയാള സിനിമയിലേക്ക് കടന്നുവരാന്‍ എനിക്ക് മാനസികമായി പ്രയാസമുണ്ടായിരുന്നു. പിന്നീട് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബുവിലൂടെയാണ് ഞാന്‍ മലയാളത്തില്‍ വീണ്ടും സജീവമായത്.

വ്യത്യസ്ത സംസ്ക്കാരങ്ങളുള്ള ഒന്‍പത് ഭാഷകളിലെ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച താങ്കള്‍ക്ക് വെല്ലുവിളികള്‍ അനുഭവപ്പെട്ടിരുന്നോ...?

ഓരോ സംസ്ഥാനങ്ങളിലും സംസ്ക്കാരം, ഭാഷ, വസ്ത്രധാരണം എന്നിവയൊക്കെ വൈവിധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ആസ്വാദനരീതിയും വ്യത്യസ്തമാണ്. യഥാര്‍ത്ഥത്തില്‍ മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും കന്നഡത്തിലും സിനിമ ചെയ്യുമ്പോള്‍ വസ്ത്രങ്ങളിലെ നിറവും, പ്രകാശവും വ്യത്യസ്തമായാണ് ഉപയോഗിച്ചത്. ഓരോ ഭാഷയിലും ചിത്രീകരിക്കുന്ന സീനുകളിലെ ലൈറ്റ് ഓഫ് ഫീലിംഗ് വൈവിധ്യമുള്ളതാണ്. മലയാളികളുടെ വികാരപ്രകടനമല്ല തമിഴരുടേത്. മലയാളിയുടെ സങ്കടം തമിഴിലെത്തുമ്പോള്‍ ഉച്ചത്തിലാവാറുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഞാന്‍ സിനിമകള്‍ ക്യാമറ ചെയ്യാറുള്ളത്.

മനോജ് നൈറ്റ് ശ്യാമളന്‍റെ ആദ്യചിത്രമായ പ്രേയിംഗ് വിത്ത് ആംഗറില്‍ ക്യാമറ ചലിപ്പിച്ചുകൊണ്ട് താങ്കള്‍ ഹോളിവുഡ്ഡിലെത്തിയതിന്‍റെ അനുഭവത്തെക്കുറിച്ച്...?

യഥാര്‍ത്ഥത്തില്‍ മനോജ് നൈറ്റ് ശ്യാമളന്‍ ഹോളിവുഡ് സിനിമ ചെയ്തിട്ടില്ല. കാരണം, ഹോളിവുഡില്‍ രണ്ട് ഫിലിം സ്റ്റുഡിയോകളാണുള്ളത്. അമേരിക്കന്‍ സ്റ്റുഡിയോ, ന്യൂയോര്‍ക്ക് സ്റ്റുഡിയോ എന്നിവയാണിത്. ഹോളിവുഡ്ഡില്‍ ശ്രദ്ധേയനായ മാറിയ മനോജ് നൈറ്റ് ശ്യാമളന്‍ സ്റ്റുഡിയോ ബേസ്ഡ് സിനിമകളാണ് ചെയ്യുന്നത്. മനോജിന്‍റെ പ്രേയിംഗ് വിത്ത് ആംഗര്‍ ചെയ്യുമ്പോള്‍ ചിത്രീകരണത്തില്‍ അമേരിക്കയിലെ ശൈത്യകാലത്തെ സീനുകളില്‍ മഞ്ഞുമഴ പെയ്യിക്കാന്‍ സ്നോ മെഷീനാണ് ഞാന്‍ ഉപയോഗിച്ചത്. സിനിമയിലെ ഈ സീന്‍ കണ്ട് അമേരിക്കക്കാര്‍ ചെയ്തതാണെന്ന് ചിലര്‍ വിലയിരുത്തിയിരുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും സിനിമകളില്‍ ക്യാമറ ചലിപ്പിച്ചതിന്‍റെ എക്സ്പീരിയെന്‍സിനെക്കുറിച്ച്...?

മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയിലെ ടാലന്‍റായ ആര്‍ട്ടിസ്റ്റുകളാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ ഇവരെക്കുറിച്ചുള്ള ഇമേജ് മനസ്സില്‍ തെളിഞ്ഞുവരാറുണ്ട്. മമ്മൂട്ടിയുടെ അമരം, പാഥേയം, തെലുങ്കിലെ സൂര്യപുത്രലു, മോഹന്‍ലാലിന്‍റെ രാജശില്‍പ്പി തുടങ്ങിയ ചിത്രങ്ങള്‍ ഞാന്‍ ആസ്വദിച്ച് ചെയ്ത സിനിമകളാണ്.

താങ്കളുടെ കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

ലതയാണ് ഭാര്യ. മലയാളം സിനിമകള്‍ക്ക് വേണ്ടി ലത സബ്ടൈറ്റില്‍ എഴുതാറുണ്ട്. രണ്ട് മക്കളുണ്ട്. മൂത്തമകന്‍ ദര്‍ശന്‍ ക്യാമറാമാനായി എന്‍റെ കൂടെയുണ്ട്. ഇളയമകന്‍ റിത്വിന്‍ യു.എസിലാണ് ജോലി ചെയ്യുന്നത്.

എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: അജേഷ് ആവണി


LATEST VIDEOS

Interviews