മലയാള സിനിമയിലെ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളായ ഔസേപ്പച്ചൻ 200-ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന് പേരുകേട്ട ഔസേപ്പച്ചൻ 50-ലധികം സിനിമകൾക്ക് പശ്ചാത്തല സംഗീതം മാത്രം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴിതാ ആദ്യമായി ‘റൂട്ട് നമ്പർ-17’ എന്ന തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കിവരികയാണ്. തന്റെ 45 വർഷ സിനിമാ ജീവിതത്തിൽ ഒരു തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇത് ആദ്യമായാണ്.
തമിഴിൽ 'തായ് നിലം' എന്ന ചിത്രം സംവിധാനം ചെയ്ത അഭിഷാഷ് ജി.ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റൂട്ട് നമ്പർ-17'. ഒരുപാട് തമിഴ് ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ജിത്തൻ രമേശാണ് നായകൻ, അഞ്ജു പാണ്ഡ്യയാണ് നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ മലയാളി താരം ഹരീഷ് പേരടി, അരുവി മദൻ, അമർ രാമചന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഗാന പ്രകാശന ചടങ്ങ് ഈയിടെ ചെന്നൈയിൽ നടക്കുകയുണ്ടായി. അപ്പോൾ അതിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞത് ഇങ്ങിനെയാണ്.
''45 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ ഒരു തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇത് ആദ്യമായാണ്. ചെന്നൈയിലാണ് എന്റെ സിനിമാ യാത്ര തുടങ്ങിയത്. അപ്പോൾ ഏകദേശം 75 ശതമാനവും ഞാൻ ചെന്നൈയിൽ തന്നെ ആയിരുന്നു. ഇതുവരെ നൂറുകണക്കിന് സിനിമകൾക്ക് ഞാൻ സംഗീതം നൽകി. പക്ഷേ എന്തുകൊണ്ടാണ് നിങ്ങൾ തമിഴിൽ സംഗീതം ചെയ്യാത്തതെന്ന് നിറയെ പേര് ചോദിക്കാറുണ്ട്. വിദ്യാസാഗർ, ഹാരിസ് ജയരാജ് തുടങ്ങി എന്റെ കൂടെ പ്രവർത്തിച്ച പലരും ഇന്ന് തമിഴ് സിനിമയിൽ മികച്ച സംഗീത സംവിധായകരാണ്. ഞാൻ എന്തിന് പോയി അവരെ നശിപ്പിക്കണം എന്ന് കരുതിയാണ് തമിഴ് സിനിമകൾക്ക് സംഗീതം നൽകാൻ അപ്പോൾ താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറിയത്. എനിക്ക് മലയാള സിനിമ മാത്രം മതിയെന്ന ഒരു മനോഭാവവുമുണ്ടായിരുന്നു അപ്പോൾ'' എന്നാണു ഒസേപ്പച്ചൻ പറഞ്ഞത്.