മലയാളത്തില്‍ ഒരുപാട് മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടനാണ് അപ്പഹാജ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രമാണ്. എന്നാല്‍ നടന്‍ ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ല. തിരുവനന്തപുരത്ത് ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന്‍റെ വിശേഷങ്ങളിലേക്ക്...
യഥാര്‍ത്ഥ പേര്?
യഥാര്‍ത്ഥപേര് ഹാജ ഹുസൈന്‍ എന്നാണ്. അന്തരിച്ച സംവിധായകന്‍ സിദ്ധിഖും ഫാസിലിക്കയും എന്നെ അപ്പ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ അവര്‍ വിളിച്ചു വിളിച്ച് ഞാന്‍ അപ്പഹാജ ആവുകയായിരുന്നു.
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം?
സിനിമ മാത്രമാണ് എന്‍റെ ജീവിതം എന്നൊന്നും ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ആരെങ്കിലും വിളിക്കുമ്പോള്‍, നല്ല വേഷങ്ങള്‍ വരുമ്പോള്‍ പോയി ചെയ്യും എന്ന് മാത്രമേയുള്ളൂ. ബിസിനസ്സില്‍ ആണ് ശ്രദ്ധ മുഴുവന്‍. സിനിമയില്‍ സജീവമായിരുന്ന കാലത്തും ബിസിനസ്സിലൂടെ തന്നെയാണ് ഞാന്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ചെറിയൊരു റെസ്റ്റോറന്‍റ് ഉണ്ട്. സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ് 13 വര്‍ഷത്തിനുശേഷം ആണ് ഞാന്‍ ഇന്‍ ഹരിഹര്‍ നഗര്‍ 2 ല്‍ അഭിനയിക്കുന്നത്.
കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍?
സിനിമയുടെ ഭാഗമാവുക എന്നത് മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അല്ലാതെ ഇന്ന കഥാപാത്രം തന്നെ എനിക്ക് ചെയ്യണം എന്നൊരു ആഗ്രഹം ഒന്നും എനിക്കില്ല.
ചെയ്യാന്‍ പറ്റാതെ പോയ സിനിമകള്‍?
വിഷമം തോന്നിയത് നായര്‍സാബ് എന്ന സിനിമയില്‍ 10 പേര്‍ ആയിരുന്നു. അതില്‍ പത്താമന്‍ ആകേണ്ടിയിരുന്നത് ഞാന്‍ ആയിരുന്നു. പക്ഷേ അപ്പോഴത്തെ സാഹചര്യം മൂലം എനിക്കത് ചെയ്യാന്‍ പറ്റിയില്ല. അതില്‍ ഒരുപാട് ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. അവരുമായിട്ടുള്ള കൂടിക്കാഴ്ച നഷ്ടപ്പെട്ടതില്‍ ഭയങ്കര സങ്കടം ഉണ്ട്.
മമ്മുക്കയുമായുള്ള ആത്മബന്ധം?
മമ്മൂക്കയുമായി ഒട്ടനവധി സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മമ്മുക്കയുമായി ഒരുപാട് യാത്ര ചെയ്യാനും സാധിച്ചിട്ടുണ്ട്. 'സംഘം', 'മൗനം സമ്മതം' എന്നീ സിനിമകളൊക്കെ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ കോണ്ടസ കാറില്‍ ആണ് ഞങ്ങള്‍ ഒരുമിച്ച് പൊള്ളാച്ചിയിലൊക്കെ ഷൂട്ടിന് പോയിരുന്നത്. ആ സമയം ഒക്കെ ഇപ്പോഴും മനസ്സില്‍ ഓര്‍ക്കാന്‍ കഴിയുന്ന സുന്ദരനിമിഷങ്ങള്‍ ആണ്.