പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ-2'. കമൽഹാസൻ, കാജൽ അഗർവാൾ, എസ്.ജെ.സൂര്യ, സിദ്ധാർത്ഥ്, രകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, നെടുമുടി വേണു, വിവേക്, ബോബി സിംഹ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം ജൂലായ് 12-ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും തകൃതിയായി നടന്നു വരികയാണ്. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ് മൂവിസ്' ആണ് ചിത്രത്തിനെ വിതരണം ചെയ്യുന്നത്. അതിനാൽ തമിഴ്നാട്ടിലുള്ള 80 ശതമാനം തിയേറ്ററുകളിലും 'ഇന്ത്യൻ-2' ആയിരിക്കും പ്രദർശിപ്പിക്കുക. ചിത്രം റിലീസായ ഒരാഴ്ചക്കുള്ളിൽ തന്നെ ചിത്രത്തിന്റെ നിർമ്മാണ ചെലവെങ്കിലും തിരികെ എടുക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് നിറയെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്. അതിനോടനുബന്ധിച്ചു 'ഇന്ത്യൻ-2' ഐമാക്സ് നിലവാരത്തിൽ ഇന്ത്യയിൽ ഉള്ള എല്ലാ ഐമാക്സ് തിയേറ്ററുകളിലും റിലീസ് ചെയ്യാനും ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുൻപ് തമിഴിൽ പുറത്തുവന്ന 'പൊന്നിയിൻ സെൽവൻ', 'ലിയോ', 'ക്യാപ്റ്റൻ മില്ലർ' തുടങ്ങിയ ചില തമിഴ് സിനിമകൾ മാത്രമേ ഐമാക്സ് തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടുള്ളൂ എന്നത് എടുത്തുപറയേണ്ടതാണ്. ഈ ചിത്രങ്ങളെ തുടർന്ന് 'ഇന്ത്യൻ-2' ചിത്രവും ഐമാക്സ് തിയേറ്ററുകളിൽ റിലീസാകുന്നു എന്ന വാർത്ത സിനിമാ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.