ശങ്കർ സംവിധാനം ചെയ്ത്, കമൽഹാസൻ, സിദ്ധാർത്ഥ്. എസ്.ജെ.സൂര്യ, ബോബി സിംഹ തുടങ്ങിയവർ അഭിനയിച്ച 'ഇന്ത്യൻ' രണ്ടാം ഭാഗം രണ്ടാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. വൻ പ്രതീക്ഷകളോടെ റിലീസായ ഈ ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്. ചിത്രം കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകളും, സോഷ്യൽ മീഡിയയിൽ വന്ന ട്രോളുകളും സിനിമയുടെ കളക്ഷനെ വളരെയധികം ബാധിച്ചു. ഇതിനെ തുടർന്ന് ‘ഇന്ത്യൻ' മൂന്നാം ഭാഗത്തെ എങ്ങിനെയെങ്കിലും വമ്പൻ വിജയമാകുന്ന ഒരു ചിത്രമായി ഒരുക്കണം എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചതായി ഒരു വിവരം പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ചിത്രീകരിച്ചു വച്ചിരിക്കുന്ന ചില രംഗങ്ങൾ മാറ്റി പകരം പുതിയ രംഗങ്ങൾ ചിത്രീകരിക്കാനൊരുങ്ങി വരികയാണ് ശങ്കറും, കമൽഹാസനും എന്നാണ് പറയപ്പെടുന്നത്. രണ്ടാം ഭാഗം പരാജയമായതിനാൽ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയോട് റീ-ഷൂട്ടിങ്ങിനായുള്ള ചെലവ് ചോദിക്കാതെ താൻ തന്നെ ചെലവ് വഹിക്കാമെന്ന് കമൽഹാസൻ പറഞ്ഞതായും ഒരു റിപ്പോർട്ട് ഉണ്ട്. ശങ്കർ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന തെലുങ്ക് ചിത്രമായ ‘ഗെയിം ചേഞ്ചറി’ൻ്റെ ജോലികൾ പൂർത്തിയാക്കിയ ശേഷമേ ‘ഇന്ത്യൻ-3’യുടെ റീ-ഷൂട്ടിങ്ങ് തുടങ്ങുകയുള്ളൂവത്രേ. അതിനാൽ 'ഇന്ത്യൻ-3' ഒരുങ്ങി പ്രദർശനത്തിനെത്താൻ കുറച്ചു സമയം എടുക്കും എന്നും പറയപ്പെടുന്നുണ്ട്.