മമ്മൂട്ടി ഇന്ദ്രന്‍സിനെക്കുറിച്ച് 29 വര്‍ഷം മുന്‍പ് ഇങ്ങനെ പറഞ്ഞു. 'മലയാള സിനിമയിലെ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ ഇന്ദ്രന്‍സായിരിക്കും.' ഹാസ്യനടനായിരുന്ന ഇന്ദ്രന്‍സിനെക്കുറിച്ച് മമ്മൂട്ടി നടത്തിയ പ്രവചനം പോലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഇന്ദ്രന്‍സ് മലയാളികളുടെ പ്രിയതാരമായി വളരുകയായിരുന്നു.
വര്‍ണ്ണമഴ പെയ്തിറങ്ങുന്ന സിനിമയില്‍ താരപ്രൗഢിയില്‍ അഭിരമിക്കാതെ ലാളിത്യത്തിന്‍റെ പ്രതിരൂപമായ ഇന്ദ്രന്‍സ് ക്യാമറയുടെ മുന്നിലെത്തിയിട്ട് നാല്‍പ്പത് വര്‍ഷം പിന്നിടുന്നു.
40 വര്‍ഷത്തിനിടയില്‍ 650 ലധികം സിനിമകളിലാണ് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ഇന്ദ്രന്‍സ് ജീവന്‍ നല്‍കിയത്. തമിഴില്‍ ശങ്കറിന്‍റെ നന്‍പനുശേഷം നാല് സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചെങ്കിലും ഷൂട്ടിംഗിന് കൂടുതല്‍ ദിവസം വേണമെന്നതും, തമിഴ് ഡയലോഗ് പറയാനുള്ള പ്രയാസവും കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തമിഴ് സിനിമയിലെ കോമഡി ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ഗുണ്ടകളുണ്ടെന്ന ജഗതി ശ്രീകുമാര്‍ നല്‍കിയ മുന്നറിയിപ്പും ഇന്ദ്രന്‍സിന്‍റെ മനസ്സില്‍ ഭയം നിറച്ചു. അങ്ങനെ, മറ്റ് ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ധാരാളം പണം ലഭിക്കുമെങ്കിലും മലയാളം വിട്ട് മറ്റെവിടേക്കുമില്ലെന്ന് ഇന്ദ്രന്‍സ് തീരുമാനിക്കുകയായിരുന്നു.
പ്രേക്ഷകമനസ്സുകളില്‍ രൂപത്തിലും ഭാവത്തിലും പൊട്ടിച്ചിരിയുടെ രസമുകുളങ്ങള്‍ വാരിവിതറി കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയിലലിയാന്‍ ഇന്ദ്രന്‍സിന് പ്രത്യേക വൈദഗ്ദ്ധ്യമാണ്. സാധാരണക്കാരുടെ തയ്യല്‍ക്കാരനായി ജീവിതയാത്രയ്ക്ക് തുടക്കം കുറിച്ച ഇന്ദ്രന്‍സ് വസ്ത്രാലങ്കാരകനായ ലക്ഷ്മണന്‍റെ അസിസ്റ്റന്‍റായി 1979 ല്‍ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴ് സിനിമയിലെ ചിരിരാജാവായിരുന്ന നാഗേഷിന്‍റെ കടുത്ത ആരാധകനായിരുന്ന ഇന്ദ്രന്‍സ് ചെറിയ വേഷങ്ങളിലൂടെ വസ്ത്രാലങ്കാര ജോലിയോടൊപ്പം സിനിമാഭിനയത്തിലും സജീവമാവുകയായിരുന്നു.
പ്രിന്‍സിപ്പാള്‍ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര വസ്ത്രാലങ്കാരകനായ ഇന്ദ്രന്‍സ് എണ്‍പതിലധികം സിനിമകളില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതിനുശേഷമാണ് അഭിനയശാഖയില്‍ ശ്രദ്ധ പതിപ്പിച്ചത്. അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ കുടക്കമ്പീ... യെന്ന വിളി ഇന്ദ്രന്‍സിനെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റി.
വാര്‍ദ്ധക്യപുരാണത്തിലെ നാടകമാനേജര്‍ കറ്റാനം കുട്ടിക്കൃഷ്ണനും, ത്രീമെന്‍ ആര്‍മിയിലെ ഓട്ടോ രജനിയും ഇന്ദ്രന്‍സിന്‍റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. ഹാസ്യനടനെന്ന നിലയില്‍ നിലയുറപ്പിച്ചിരുന്ന ഇന്ദ്രന്‍സിന് കഥാവശേഷനിലൂടെ സീരിയസ്സായൊരു കഥാപാത്രത്തെ നല്‍കിയത് ടി.വി ചന്ദ്രനായിരുന്നു. ഈ ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ വേറിട്ട അഭിനയശൈലി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, മനുവിന്‍റെ മണ്‍ട്രോതുരുത്ത്, അടൂര്‍ ഗോപാലകൃഷ്ണന്‍റെ പിന്നെയും തുടങ്ങിയ സിനിമകളിലൂടെ സഞ്ചരിച്ച ഇന്ദ്രന്‍സിന് ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചത് മലയാള സിനിമയില്‍ ചര്‍ച്ചാവിഷയമായി. ഇതോടെ ഇന്ദ്രന്‍സ് ജനപ്രിയനായി മാറുകയും ചെയ്തു.
ആരോടും പരിഭവമില്ലാതെ, മലയാള സിനിമയിലെ പഴയ തലമുറയിലെയും, പുതിയ തലമുറയിലെയും, ചലച്ചിത്ര പ്രവര്‍ത്തകരുടെ ഊഷ്മളമായ സൗഹൃദം അനുഭവിച്ചറിഞ്ഞ ഇന്ദ്രന്‍സ് വിനയത്തിന്‍റെ ആള്‍രൂപമായി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിറസാന്നിധ്യമായി നിലകൊള്ളുന്നു. അഭിനയശാഖയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന ഇന്ദ്രന്‍സ് തന്‍റെ ചലച്ചിത്രജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
ക്യാമറയുടെ മുന്നിലെത്തിയിട്ട് 40 വര്‍ഷം പിന്നിടുകയാണല്ലോ. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു...?
നിറഞ്ഞ സംതൃപ്തി തന്നെയാണ്. എനിക്കെല്ലാം തന്നത് സിനിമയാണ്. 40 വര്‍ഷം പിന്നിട്ടുവെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒരുപാട് ജീവിതാനുഭവങ്ങളിലൂടെയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. അപൂര്‍വ്വം ചില സിനിമകളിലൊഴികെ ജീവസ്സുറ്റ കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. കഥകളൊന്നും സെലക്ട് ചെയ്യാറില്ലായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്.
ചിരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും സീരിയസ്സ് കഥാപാത്രങ്ങളിലേക്കുള്ള താങ്കളുടെ കടന്നുവരവിനെക്കുറിച്ച്...?
അതൊരു വല്ലാത്ത മാറ്റം തന്നെയായിരുന്നു. കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ സീരിയസ് കഥാപാത്രങ്ങളും എനിക്ക് വഴങ്ങുമെന്ന് തോന്നിയിരുന്നു. എം.പി. സുകുമാരന്‍ സാറിന്‍റെ ശയനം, ദൃഷ്ടാന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ഞാന്‍ സീരിയസ്സ് കഥാപാത്രങ്ങളിലേക്ക് കടന്നുവന്നത്. ശയനത്തിലെ കപ്യാരെന്ന കഥാപാത്രത്തെ കണ്ടിട്ടിട്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറ് നിഴല്‍ക്കുത്തിലെ ബാര്‍ബറായി എന്നെ തെരഞ്ഞെടുത്തത്. അടൂര്‍ സാറിന്‍റെ നാല് പെണ്ണുങ്ങള്‍, പിന്നെയും തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അപ്പോത്തിക്കിരിയിലെ ജോസഫ് എന്‍റെ അഭിനയജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ്. ദിലീപ് നിര്‍മ്മിച്ച് ടി.വി. ചന്ദ്രന്‍ സാറ് സംവിധാനം ചെയ്ത കഥാവശേഷനില്‍ കള്ളന്‍ കൊച്ചാപ്പിയെന്ന കഥാപാത്രത്തേയും മറക്കാനാവില്ല. മണ്‍ട്രോതുരുത്ത്, ഹോം തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളായിരുന്നു.
താങ്കള്‍ സീരിയസ്സായ കഥാപാത്രങ്ങള്‍ ചെയ്ത മിക്ക സിനിമകളും അവാര്‍ഡിനായി പരിഗണിക്കപ്പെടുകയായിരുന്നല്ലോ...?
അതെ. അതുകൊണ്ട് അവാര്‍ഡ് കമ്മിറ്റിയിലുള്ളവര്‍ക്ക് ഓരോ സിനിമകളിലെയും എന്‍റെ കഥാപാത്രങ്ങളിലെ മാറ്റം അറിയാവുന്നതാണ്. അതൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. മാധവ് രാംദാസിന്‍റെ അപ്പോത്തിക്കിരിയിലെ എന്‍റെ അഭിനയം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായിരുന്നു. ആളൊരുക്കത്തില്‍ പപ്പു പിഷാരടിയെന്ന കഥാപാത്രമായി അഭിനയിച്ചതിനാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഡോ. ബിജുവിന്‍റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ചൈനയിലെ ഷാങ്യായ് ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ഷംനാദ് മാട്ടായ