NEWS

അതുല്യകലാകാരന് വിട

News

ചിരിയിലൂടെ എല്ലാ ദുഃഖങ്ങളെയും എന്നെന്നേക്കുമായി മറക്കാന്‍ പഠിപ്പിച്ച ഇന്നസെന്റ് എന്ന അതുല്യകലാകാരന് വിട പറഞ്ഞിരിക്കുന്നു. സിനിമ- രാഷ്ട്രീയം തുടങ്ങിയ കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഇന്നസെന്റ്. ജീവിതാവസാനം വരെ ഓര്‍ത്ത് ചിരിക്കാനായി എത്രയെത്ര കഥാപാത്രങ്ങളെ പ്രേക്ഷകന് സമ്മാനിച്ചിട്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിലേയ്ക്ക് മറഞ്ഞത്. ഇന്നസെന്റിലെ രാഷ്ട്രീയക്കാരന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അദ്ദേഹം ചാലക്കുടി എം.പിയായി തെരഞ്ഞെടുക്കുന്നത് 2014 ലാണ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനില്‍ നിന്നാണ് ഇന്നസെന്റ് അന്ന് ഒരു ജനപ്രതിനിധിയുടെ തിരക്കുകളിലേയ്ക്കിറങ്ങിയത്. ഒരു കൊച്ചുകുട്ടിയുടെ പ്രസരിപ്പോടെ തന്നെ അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും ഒരൂപോലെ സജീവമായ കാലഘട്ടമായിരുന്നു അത്. ഇതിനിടയില്‍ എപ്പോഴോ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാതെ വന്ന ക്യാന്‍സര്‍ എന്ന മഹാരോഗത്തെയും തന്റെ സ്വതസിദ്ധമായ ചിരിയിലൂടെ അദ്ദേഹം നേരിട്ടു. എം.പിയായതിനുശേഷം ആദ്യമൊക്കെ പാര്‍ലമെന്റില്‍ പോകുമ്പോള്‍ അദ്ദേഹത്തിന് വലിയ കൗതുകമായിരുന്നു. എറണാകുളത്ത് നിന്നും ഫ്‌ളൈറ്റില്‍ കയറി ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലിറങ്ങി ലോക്‌സഭയിലെ പച്ചപരവതാനി വിരിച്ച എ.സി.ഹാളിലായിരുന്നു ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് വരുന്ന എം.പിമാരെയും കേന്ദ്രമന്ത്രിമാരെയും ഒക്കെ കണ്ടു. സുഖമായി ഇരിക്കുന്നത് വളരെ രസമുള്ള പരിപാടിയെന്നായിരുന്നു ഇന്നസെന്റ് പറയാറ്. എന്നാല്‍ പിന്നീട് പാര്‍ലമെന്റില്‍ പോകുമ്പോള്‍ പഴയപോലത്തെ രസമൊന്നും കിട്ടിയില്ല. കാരണം കൂടെയിരിക്കുന്നതില്‍ പലരും ഇന്നസെന്റിനെക്കാളും വലിയ മണ്ടന്മാരാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഭാഷയൊന്നും വലിയ പിടിയില്ലാത്തതുകൊണ്ട് ആദ്യമൊക്കെ ഇന്നസെന്റിന് പാര്‍ലമെന്റില്‍ അല്‍പ്പം പരിഭ്രമമുണ്ടായിരുന്നു. പിന്നീട് മനസ്സിലായി അതിലൊന്നും വലിയ കാര്യമില്ലെന്ന്. പാര്‍ലമെന്റില്‍ ബി.ജെ.പി ഉള്‍പ്പെടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ എം.പിമാര്‍ക്കും ഇന്നസെന്റിനോട് വലിയ ഇഷ്ടമായിരുന്നു. താനൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന വേര്‍തിരിവൊന്നും കാണിക്കാതെ എന്ത് ആവശ്യപ്പെട്ടാലും എല്ലാവരും അത് ചെയ്തുകൊടുക്കുമായിരുന്നു. 'പിന്നെ അവര്‍ നമുക്ക് അധികം ഇപ്പോള്‍ കുറ്റം പറയാനും കഴിയില്ല. മുന്‍പ് അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്തൊക്കെ അവരോട് ചെയ്‌തോ അതൊക്കെ അവരും അധികാരം കിട്ടുമ്പോള്‍ തിരിച്ചുചെയ്യില്ലേ.' ഇന്നസെന്റ് അത് പറയുമ്പോള്‍ രാഷ്ട്രീയക്കാരനുപരി ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്റെ നിഷ്‌ക്കളങ്കതയുണ്ടായിരുന്നു.
ജനോപകാരപ്രദമായ നിരവധി വിഷയങ്ങള്‍ ഇന്നസെന്റ് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒന്ന് ആതുരസേവനരംഗത്ത് നിലനില്‍ക്കുന്ന ചില ഗൗരവതരമായ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. ക്യാന്‍സര്‍ എന്ന മാരകമായ രോഗം വന്നതിനുശേഷം ഒരുപാട് തിരിച്ചറിവുകള്‍ വന്ന ആളായിരുന്നു ഇന്നസെന്റ്. ഒരു കീമോ എടുക്കുന്നതിന് നാല്‍പത്തിരണ്ടായിരം മുതല്‍ അന്‍പതിനായിരം വരെയാണ് ചെലവ്. കയ്യില്‍ അത്യാവശ്യം കുറച്ചുകാശും സമ്പാദ്യവുമൊക്കെ ഉള്ളതുകൊണ്ടുതന്നെ ഇന്നസെന്റ് പിടിച്ചുനിന്നു എന്നുപറയാം. പക്ഷേ അന്നോടന്നുള്ള അന്നത്തിന് മാത്രം വക കണ്ടെത്താന്‍ കഴിയുന്ന സാധാരണക്കാരായ ജനങ്ങള്‍ എങ്ങനെ ഇത്രയും വലിയൊരു തുകയുണ്ടാക്കും. അവര്‍ക്കൊക്കെ ഇത്തരം രോഗങ്ങള്‍ വന്നാല്‍ സ്വയം വേദന തിന്നു ജീവന്‍വെടിയുകയല്ലാതെ മറ്റുവഴികളില്ല. ഇന്നസെന്റ് കീമോ ചെയ്യുന്ന കാലത്ത് മനസ്സ് പൊള്ളുന്ന അത്തരം നിരവധി കാഴ്ചകള്‍ കണ്ടിട്ടുണ്ട്. കഷ്ടമാണ് അവരുടെയൊക്കെ ജീവിതങ്ങള്‍. 'നമ്മളീ പകയും വൈരാഗ്യവുമൊക്കെ കാലങ്ങളോളം കൊണ്ടുനടന്ന വീട്ടുന്ന കാലത്തു ഒരു നേരമെങ്കിലും ക്യാന്‍സര്‍ വാര്‍ഡിലൂടെ ഒന്ന് സഞ്ചരിക്കണം. എന്തിന് വേണ്ടിയാണ് ഈ അങ്കപ്പുറപ്പാട് എന്ന് ഒരു നിമിഷമെങ്കിലും നമ്മള്‍ ചിന്തിച്ചുപോകും.' ഇന്നസെന്റ് അത് പറഞ്ഞപ്പോള്‍ മുഖം അതീവ ഗൗരവമായിരുന്നു.. സാധാരണക്കാര്‍ക്ക് ക്യാന്‍സറിന്റെ മരുന്നുകള്‍ വളരെ മിതമായ നിരക്കില്‍ ഇന്ത്യ മുഴുവന്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ആ രോഗത്തിന്റെ ഭീകരമായ അവസ്ഥ വേണ്ടുവോളം അനുഭവിച്ച ആളെന്ന നിലയില്‍ വളരെ ആധികാരികമായി തന്നെ ആ പ്രശ്‌നം ഇന്നസെന്റ് സഭയില്‍ അവതരിപ്പിച്ചു.

ഇന്നസെന്റിന്റെ മണ്ഡലത്തിലെ അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്താനുള്ള മാമോഗ്രാം മെഷീനും ഡയാലിസിസ് മെഷീനും എം.പി ഫണ്ടില്‍ നിന്നും കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എം.പിയായതിനുശേഷം ചെയ്ത കാര്യങ്ങളില്‍ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ഇന്നസെന്റ് ജനപ്രതിനിധി ആയപ്പോള്‍ ചില പരമ്പരാഗത രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അത്രയ്ക്കങ്ങ് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.

വെറുതെ സിനിമയിലഭിനയിച്ചു നടക്കുന്ന സമയത്ത് അയാള്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നാണ് ചിലര് പറഞ്ഞത്. രാഷ്ട്രീയ അതികായനായ പി.സി. ചാക്കോയെ ആണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വലിയ കഴിവൊന്നും ആവശ്യമില്ലെന്ന് എനിക്കന്നാണ് മനസ്സിലായതെന്ന് പിന്നീട് ഇന്നസെന്റ് പറയുമായിരുന്നു.

'പത്തുമുപ്പതുകൊല്ലമായി ടി.വിയില്‍ കാണുന്ന എന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് എനിക്ക് ജനങ്ങള്‍ അന്ന് വോട്ടുചെയ്തത്. ഈ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ജയ് വിളികളുമൊക്കെ ഒരു നീര്‍കുമിളയുടെ ആയുസ്സേ ഉള്ളൂവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അന്ന് വോട്ട് ചെയ്തത് ഞാന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കാരനും വോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഇലക്ഷന് നിന്ന മൂന്നാമത്തെ ദിവസം തന്നെ എനിക്ക് മനസ്സിലായി മികച്ച ഭൂരിപക്ഷത്തില്‍ ഞാന്‍ ജയിക്കുമെന്ന്. വോട്ട് ചോദിച്ചു വീടുകളില്‍ ചെല്ലുമ്പോള്‍ പ്രായമായവരും കുട്ടികളും ഒക്കെ എന്നോട് കാണിക്കുന്ന സ്‌നേഹം എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തി. അത് ഒരു രാഷ്ട്രീയക്കാരനോടുള്ള സ്‌നേഹമായിരുന്നില്ല. അതേ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തന്നെയാണ് എന്നും ഇന്നസെന്റ് സംസാരിച്ചിരുന്നത്. രാഷ്ട്രീയക്കാരന്റെയും സിനിമാതാരത്തിന്റെയും നാട്യങ്ങള്‍ ഇന്നസെന്റിന് ചേരില്ലായിരുന്നു.
പി.ജി.എസ്. സൂരജ്‌


Feactures