തനിക്കിഷ്ടമില്ലാത്തവരെ വേറെ ആരും ഇഷ്ടപ്പെടേണ്ട... ഇതൊരു മോശം ചിന്താഗതിയാണ്. ദൗര്‍ഭാഗ്യവശാല്‍ പ്രബുദ്ധരെന്ന് സ്വയം ഊറ്റംകൊള്ളുന്ന മലയാളികളില്‍ പലരും ഇത്തരം അധമചിന്താഗതിക്ക് ഉടമകളാണ്. 'നടന്‍ ഉണ്ണിമുകുന്ദന്‍ തീര്‍ന്നു.'എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ അല്ലെങ്കില്‍ വാര്‍ത്തയുടെ പരിവേഷം ചാര്‍ത്തപ്പെട്ട കരക്കമ്പികള്‍ അടുത്തിടെയായി പ്രചരിച്ചുകണ്ട പശ്ചാത്തലത്തിലാണ് മേല്‍പ്പറഞ്ഞ മലയാളിയുടെ നെഗറ്റീവ് പൊതുബോധം പ്രസക്തമാകുന്നത്.
ഉണ്ണിയെക്കുറിച്ച് പ്രചരിക്കപ്പെട്ട കരക്കമ്പിയുടെ രത്നചുരുക്കം ഇതായിരുന്നു- മാര്‍ക്കോ എന്ന ചിത്രം ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച സാഹചര്യത്തില്‍ ഉണ്ണിമുകുന്ദന്‍ തന്‍റെ പ്രതിഫലം ഏഴ് മുതല്‍ എട്ടുകോടിവരെ വര്‍ദ്ധിപ്പിച്ചു, അതിനാല്‍ പ്രൊഡ്യൂസര്‍മാരെല്ലാം അദ്ദേഹത്തെ കൈയൊഴിഞ്ഞു. അഹങ്കാരിയായി മാറിയ ഉണ്ണിയുടെ കഥ ഇതോടെ കഴിഞ്ഞു എന്നും ചില പുംഗവന്‍മാര്‍ വായ്ത്താരി പാടി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകള്‍ക്ക് നിറപ്പകിട്ടേറി ഹിറ്റും ക്ലിക്കും വീഴ്ത്തുന്ന വേന്ദ്രന്മാര്‍ ആ 'അപദാനം' ഏറ്റുപാടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഉണ്ണിയുമായി ബന്ധപ്പെട്ട കരക്കമ്പികളുടെ പിന്നാലെ ഒരു സഞ്ചാരം നടത്താന്‍ നാന തീരുമാനിച്ചു. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ കണ്ടതും കേട്ടതും ഉണ്ണിക്കെതിരായ ഒരു ആസൂത്രിത നീക്കമാണ്. അതിനായി ചിലര്‍ സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തു എന്നുപറഞ്ഞാലും തെറ്റില്ല. ഉണ്ണിയുടെ മാര്‍ക്കോ പുറമെ പറയുന്ന തരംഗമൊന്നും സൃഷ്ടിച്ചില്ലെങ്കിലും അത്യാവശ്യം കാശുവാരിയ ചിത്രമാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. കുറച്ചൊക്കെ പി.ആര്‍. തള്ളുകള്‍ എല്ലാ ചിത്രങ്ങളുടെ പ്രൊമോഷനിലും ഉണ്ടാകും. മാര്‍ക്കോയുടെ കാര്യവും ഭിന്നമല്ല. ഏതായാലും പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഉണ്ണിക്ക് മാര്‍ക്കോ നേട്ടം മാത്രമാണ് സമ്മാനിച്ചത് എന്ന് നിസ്സംശയം പറയാം.
മാര്‍ക്കോയുടെ വിജയത്തിന് പിന്നാലെ ഉണ്ണി തന്‍റെ പ്രതിഫലം കൂട്ടി എന്നതും നേരാണ്. ഇന്ന് സിനിമ ഇന്‍ഡസ്ട്രിയിലെ ഒരു ന്യൂനോര്‍മല്‍ മെത്തേഡാണ് അത്. ഒരു പടം വിജയിച്ചാല്‍ അതിന്‍റെ പേരില്‍ പ്രതിഫലം 25 മുതല്‍ 50 ലക്ഷം വരെയൊക്കെ വര്‍ദ്ധിപ്പിക്കുന്ന നായകനടന്മാരുള്ള നാടാണ് കേരളം. നേരത്തെ 40 ലക്ഷം പറഞ്ഞുറപ്പിച്ച ചിത്രത്തിന് പിന്നീട് 75 ലക്ഷം ആവശ്യപ്പെട്ട വിരുതനും നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. തന്‍റെ ഏറ്റവും പുതിയ ചിത്രം സൂപ്പര്‍ഹിറ്റായി എന്ന ഒറ്റക്കാരണം കൊണ്ടാണ് ഒന്നരക്കൊല്ലം മുമ്പ് 40 ലക്ഷത്തിന് ഉറപ്പിച്ച ഡീലിന് വിരുദ്ധമായി നായകന്‍ 75 ലക്ഷം ആവശ്യപ്പെട്ടത്.
ഇത് ന്യായീകരിക്കാവുന്ന പ്രവൃത്തി അല്ലാത്തതിനാല്‍ പ്രസ്തുത നടന് തിരിച്ചടികള്‍ നേരിട്ടു എന്നത് സമകാലിക യാഥാര്‍ത്ഥ്യം. ഉണ്ണിവിഷയത്തിലേക്ക് വന്നാല്‍ ഉണ്ണി പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് എത്രയാണ് എന്നത് ആര്‍ക്കും കൃത്യമായ ധാരണയുള്ള കാര്യമല്ല. ഒരുപക്ഷേ ഉണ്ണിക്കോ ഉണ്ണിയുടെ മാനേജര്‍ക്കോ അവരുമായി സംസാരിച്ചിട്ടുള്ള നിര്‍മ്മാതാക്കള്‍ക്കോ മാത്രമാകും അതേക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവുക.
ഏതായാലും പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നതിന്‍റെ പേരില്‍ മാത്രം ഉണ്ണിയെ ഇന്‍ഡസ്ട്രി കൈവിട്ടു, ഇനി ഉണ്ണിക്ക് ചിത്രങ്ങളില്ല എന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പൊള്ളയാണ്. കാരണം ഉണ്ണിയുമായി കൈകൊടുത്തിരുന്ന നിര്‍മ്മാതാക്കള്‍ ആരേലും പ്രോജക്ടില്‍ നിന്നും പിന്‍മാറുകയെങ്കില്‍ അതേക്കുറിച്ച് ഉണ്ണിക്കോ പ്രസ്തുത നിര്‍മ്മാതാവിനോ മാത്രമാകും ആധികാരികമായി പറയാന്‍ സാധിക്കുക. ഇവിടെ ഉണ്ണിയുമായുള്ള വ്യക്തിവിരോധത്തിന്‍റെ പേരില്‍ ചിലര്‍ ചില കഥകള്‍ പടച്ചുവിടുന്നു എന്നതാണ് ലഭ്യമാകുന്ന വിവരം.
മേല്‍ ഉദാഹരണത്തില്‍ പറഞ്ഞ നടന്‍ 40 ലക്ഷത്തിന് ഉറപ്പിച്ച ഡീല്‍ ഒരു വിജയത്തിന്‍റെ പേരില്‍ 75 ലക്ഷം ആക്കാന്‍ ശ്രമിച്ചപോലെ ഉണ്ണിയും എടുത്താല്‍ പൊങ്ങാത്ത തുകയ്ക്ക് ഡീല്‍ ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഉണ്ണിക്കും തിരിച്ചടി നേരിടേണ്ടി വന്നേയ്ക്കാം. കാരണം മലയാളസിനിമയില്‍ അത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഉണ്ണി ഇനിയും മാറിയിട്ടില്ല.
ഉണ്ണിയെവച്ച് പടം ചെയ്യണോ വേണ്ടയോ എന്നത് ഒരു നിര്‍മ്മാതാവിന്‍റെ ചോയ്സാണ്. തനിക്ക് ഇത്രകോടി നല്‍കി ഒരു ഉണ്ണി പ്രോജക്ട് ചെയ്യാന്‍ ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാല്‍ അത് നടന്നിരിക്കും. അതാര്‍ക്കും തടയാന്‍ സാധിക്കില്ല. എടുത്താല്‍ പൊങ്ങാത്ത അല്ലെങ്കില്‍ അര്‍ഹിക്കാത്ത പ്രതിഫലമാണ് ഉണ്ണി ചോദിക്കുന്നതെങ്കില്‍ അയാളെ നിര്‍മ്മാതാക്കള്‍ ക്രമേണ കൈവിട്ടുപോവുകയും ചെയ്യും. എന്നുകരുതി ദേ ഉണ്ണി തീര്‍ന്നു എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പറയുന്നത് നീതിയുക്തവുമില്ല.
അടുത്തിടെ ഉയര്‍ന്ന ഉണ്ണിവിവാദത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കാണാന്‍ സാധിച്ചത് ഉണ്ണിക്കെതിരായി ചില സുഹൃത്തുക്കള്‍ നടത്തിയ ആസൂത്രിതനീക്കത്തിന്‍റെ ബാക്കിപത്രങ്ങളാണ്.
ഉണ്ണി തന്‍റെ അടുത്ത സുഹൃത്തുക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണം അയാളറിയാതെ റെക്കോര്‍ഡ് ചെയ്ത് അതിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ഉണ്ണി ഒരു അഹങ്കാരിയായി മാറിയെന്നും അയാളെ നിര്‍മ്മാതാക്കള്‍ കൈവിട്ടത് ഈ അഹങ്കാരം കൊണ്ടാണെന്നും സ്ഥാപിച്ചെടുക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുകയായിരുന്നു എന്നുമാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. സൈബര്‍ രംഗത്തെ ചില ഒപ്പീനിയന്‍ മേക്കേഴ്സ് ഇതേറ്റെടുത്തപ്പോള്‍ ഇതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ച് തള്ളിയവരും ധാരാളം. ഏതായാലും ഇത്തരം കുത്സിത നീക്കങ്ങളുടെ വക്താക്കളോട് പ്രേക്ഷകര്‍ക്കും ഉണ്ണിയുടെ ആരാധകര്‍ക്കും ചോദിക്കാനുള്ളത് ഇത്രമാത്രം- ഇതൊക്കെ മോശമല്ലേ സാര്‍....