NEWS

ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ സിനിമയില്‍ ആദ്യന്തം വരുന്ന കഥാപാത്രത്തെ അവതരിപ്പിക്കണം എന്നത് എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു... -ലോസലിയാ മരിയനേശന്‍

News

ലോസലിയാ മരിയനേശന്‍ എന്ന ശ്രീലങ്കന്‍ സുന്ദരി തെന്നിന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തയായത് 'ബിഗ്‌ബോസ്'(തമിഴ്) ജേതാവായതോടെയാണ്. എന്നാല്‍ അതിനുമുമ്പേ തന്നെ ശ്രീലങ്കയില്‍ ന്യൂസ് റീഡറായും അവതാരകയായും പിന്നീട് അഭിനേത്രിയായും ഈ സുന്ദരി ആരാധകഹൃദയങ്ങളെ കീഴടക്കിയിരുന്നു. തമിഴില്‍ ഹര്‍ബജന്‍ സിങ്, അര്‍ജ്ജുന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ സിനിമയില്‍ രംഗപ്രവേശം. അതിനുശേഷം 'ഗൂഗുള്‍ കട്ടപ്പ'യില്‍ അഭിനയിച്ച ലോസ്‌ലിയാ ഇടവേളയ്ക്കുശേഷം അരുള്‍രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ഹൗസ് കീപ്പിങ്' എന്ന സിനിമയിലെ നായികയായിട്ടാണ് ചെന്നൈയില്‍ എത്തിയത്.  ആ സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നൈയിലെത്തിയ ലോസ്‌ലിയാ നല്‍കിയ അഭിമുഖത്തില്‍ നിന്ന്....

നിങ്ങള്‍ എങ്ങനെയാണ് പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നത്..?

എന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്, എന്റെ കഥാപാത്രം സിനിമയില്‍ എത്രദൂരം ട്രാവല്‍ ചെയ്യുന്നുണ്ട്, അതിന്റെ ദൈര്‍ഘ്യം എന്താണ് എന്നിത്യാദികാര്യങ്ങള്‍ നോക്കിയാണ് ഞാന്‍ സിനിമകള്‍ ചൂസ് ചെയ്യുന്നത്. ഇപ്പോള്‍ നിര്‍മ്മാണസ്ഥാപനത്തിന്റെ കെട്ടുറപ്പും നോക്കി തുടങ്ങി. എങ്കിലേ ഒരു ബുദ്ധിമുട്ടും കൂടാതെ പടം റിലീസാവും എന്ന വിശ്വാസം വരൂ. മുഖ്യമായും എന്താണ് കഥ എന്നതില്‍ അതീവശ്രദ്ധ ചെലുത്തും. ആ കഥ അല്ലെങ്കില്‍ അതിന്റെ കോണ്‍സപ്റ്റ് അത് നല്‍കുന്ന സന്ദേശം ഈ സമൂഹത്തിന് ആവശ്യമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതും വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. 

നിങ്ങള്‍ക്ക് തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കുന്നില്ലല്ലോ? എന്തുകൊണ്ടാണത്?

ഞാന്‍ വളരെയധികം ആലോചിച്ച് ക്ഷമയോടെയാണ് ഇപ്പോള്‍ ഓരോ സിനിമയും സെലക്ട് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ കുറെ മോശം അനുഭവങ്ങള്‍ മുമ്പേ എനിക്കുണ്ടായിട്ടുണ്ട്. ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ സിനിമയില്‍ ആദ്യന്തം വരുന്ന കഥാപാത്രത്തെ അവതരിപ്പിക്കണം എന്നത് എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു.

നിങ്ങളെ ഏറ്റവുമധികം ആകര്‍ഷിച്ച ഹീറോയിന്‍ ആരാണ്...?

അസിന്‍... അവരെ എനിക്ക് വളരെയധികം ഇഷ്ടമാണ്. ചെറുപ്പത്തില്‍ അവരുടെ സിനിമകളെല്ലാം ഒന്നും വിടാതെ കണ്ടിട്ടുണ്ട്. അവരുടെ ഡ്രസ്സിങ് സെന്‍സ്, സ്റ്റൈല്‍, സംസാരിക്കുന്ന രീതി എന്നിങ്ങനെ എല്ലാം ഇഷ്ടമാണ്. അവര്‍ അഭിനയിച്ച സിനിമയിലെ പാട്ടുകള്‍ എല്ലാം റിപീറ്റ് മോഡില്‍ കണ്ടിട്ടുണ്ട്. ഗജിനിയിലെ സുട്രും വിഴി സുടറേ എന്ന ഗാനം എന്റെ ആള്‍ടൈം ഫേവറിറ്റാണ്.

ബോയ്ഫ്രണ്ട്, ബോയ്‌ബെസ്റ്റില്‍ ഇതില്‍ ആരാണ് വളരെ അപകടകാരി...?

സ്വകാര്യജീവിതത്തില്‍ എനിക്ക് ബോയ്ഫ്രണ്ട്‌സൊന്നുമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ 'മിസ്റ്റര്‍ ഹൗസ് കീപ്പിങ്ങി'ല്‍ എന്ന ചിത്രത്തില്‍ രണ്ടുപേരുമുണ്ട്. ഒരു മിസ് അണ്ടര്‍ സ്റ്റാന്‍ഡിംഗിലൂടെയാണ് ഈ സിനിമയുടെ ട്രാവല്‍.

എന്താണ് നിങ്ങളുടെ ഹോബികള്‍...?

സിനിമകള്‍ കാണുക, ഫാമിലിക്കും ഫ്രണ്ട്‌സിനുമൊപ്പം സമയം ചെലവിടുക. ലോങ്ങ് ട്രാവല്‍ ചെയ്യുക. ജിം, വര്‍ക്ക് ഔട്ട്, യോഗ ഇത്രയൊക്കെയേ ഉള്ളൂ.

ഷൂട്ടിംഗ് ഇല്ലാത്ത ലോസ്‌ലിയായുടെ ഒരു ദിവസം എങ്ങനെയുള്ളതായിരിക്കും?

ഷൂട്ടിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ നേരത്തെ തന്നെ എഴുന്നേല്‍ക്കും. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്തിട്ട്,  വൈകുന്നേരം ഫ്രണ്ട്‌സിനെക്കാണാന്‍ പോകും.

ആരാധകരോട് ലോസ്‌ലിയായ്ക്ക് പറയാനുള്ളത്..?

ആരാധകര്‍ എന്ത് വലിയ വാക്കാണ്. അവരെ സപ്പോര്‍ട്ടേഴ്‌സ് എന്നുപറയാം. ഇത്ര വര്‍ഷമായി വലിയ സപ്പോര്‍ട്ട് നല്‍കി വരുന്ന അവര്‍ക്ക് വളരെയധികം 'താങ്ക്‌സ്.'


 

 


LATEST VIDEOS

Interviews