റീല്‍സിലൂടെ സിനിമയിലേക്ക്
അഭിനയം നേരത്തെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് റീല്‍സ് വീഡിയോകള്‍ ചെയ്തിരുന്നത്. പക്ഷേ അത് സിനിമയിലേക്കുള്ള വഴി തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല. ഡബ്സ്മാഷ്, മ്യൂസിക്കലി തുടങ്ങിയ ആപ്പുകള്‍ വൈറലായ സമയത്താണ് ഞാന്‍ വീഡിയോകള്‍ ചെയ്തുതുടങ്ങിയത്. പിന്നീട് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ ആര്യ എന്ന താരത്തെ അനുകരിച്ച് വീഡിയോ ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ അത് വൈറലായി. അങ്ങനെയാണ് ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തുന്നത്. ആദ്യത്തെ വിഷ്വല്‍ മീഡിയ അനുഭവം അതാണെന്ന് പറയുന്നതാകും ശരി. വൈകാതെ സിനിമയിലേക്ക് ഓഫറുകള്‍ വന്നുതുടങ്ങി.
എന്തായാലും പഠനം പൂര്‍ത്തിയാക്കിയശേഷം നോക്കാമെന്നായിരുന്നു തീരുമാനം. പഠനം കഴിഞ്ഞു ജോലിക്ക് കയറി. അധികം വൈകാതെ കല്യാണവും കഴിഞ്ഞു. പിന്നെ ഞാനും ഭര്‍ത്താവും കൂടി ചേര്‍ന്നാണ് എ.ആര്‍. റീല്‍സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് തുടങ്ങിയത്. സിനിമകളിലെ സീനുകള്‍ അഭിനയിച്ച് റീല്‍സ് ചെയ്യുക അതായിരുന്നു പ്രധാന പരിപാടി. ഒരു തമാശയ്ക്ക് വേണ്ടി തുടങ്ങിയതാണ് പക്ഷേ അത് ആഗ്രഹിച്ചതിലേക്കുള്ള വഴിയായി.
കട്ടയ്ക്ക് നില്‍ക്കുന്ന വീട്ടുകാര്‍
അഭിനയമോഹത്തിന് വീട്ടില്‍ നിന്ന് നല്ല പിന്തുണയുണ്ട്. കണ്ണൂരിലെ പയ്യന്നൂരാണ് എന്‍റെ നാട്. അച്ഛനും അമ്മയും ഏട്ടനും ഭര്‍ത്താവും അടങ്ങുന്നതാണ് കുടുംബം. എം.എസ്.സി മൈക്രോബയോളജി പഠിച്ചശേഷം മൈക്രോബയോളജിസ്റ്റ് ആയി ജോലി നോക്കിയിരുന്നു. ഭര്‍ത്താവ് രാഹുല്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഓഫീസര്‍ ആയി ജോലി ചെയ്യുകയാണ്. കലാപരമായ കാര്യങ്ങളില്‍ പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് തന്നെയാണ്. പിന്നെ ചേട്ടന്‍ ജിതിന്‍ ഭാര്‍ഗ്ഗവന്‍. ഞാന്‍ എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചവര്‍ ഇവര്‍ രണ്ടുപേരുമാണ്. പ്രേമലുവില്‍ എന്‍റെ ഭാവിവരനായി എത്തുന്നതും രാഹുലേട്ടനാണ്. അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്സിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാഹുലേട്ടന് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്. ഞങ്ങളൊരേ നാട്ടുകാരാണ്. ഫെയ്സ്ബുക്കിലൂടെയാണ് പരിചയം. പൂര്‍ണ്ണമായും പ്രണയവിവാഹമെന്ന് പറയാന്‍ കഴിയില്ല. എന്‍റെ കുടുംബവും രാഹുലേട്ടന്‍റെ കുടുംബവും എല്ലാ പിന്തുണയുമായി കൂടെത്തന്നെയുണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷം.