അന്ന് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ പാനിക് അറ്റാക്ക് വന്നപോലെയായിരുന്നു. പെട്ടെന്നൊരു ഫ്ളാഷ് അടിക്കുന്ന പോലെ, സ്റ്റേജിലെല്ലാം സ്റ്റക്ക് ആവുന്ന ഒരു അവസ്ഥയുണ്ട്. അതുപോലെയായിരുന്നു. പക്ഷെ ആ അവസ്ഥയെ മാറ്റിയെടുക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് കംഫര്‍ട്ടാക്കി. അങ്ങനെ ആത്മവിശ്വാസം വന്നതോടെയാണ് നന്നായി അഭിനയിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ എവിടെക്കണ്ടാലും മമ്മൂക്കയോട് പോയി സംസാരിക്കാനുള്ള സ്പേസുണ്ട്. സിനിമാ വിശേഷങ്ങള്‍ അഭിറാം രാധാകൃഷ്ണന്‍ നാനയോട് പങ്കുവയ്ക്കുന്നു.

അന്ന് സൗബിയെ വിളിച്ചു
ചെറുപ്പം മുതല്‍ കലാപരമായ കാര്യങ്ങള്‍ ചെയ്തായിരിക്കും ജീവിക്കുക എന്നുറപ്പിച്ചിരുന്നു. എന്‍റെ ഗുരു സിദ്ധുഭായ്(സിദ്ധാര്‍ത്ഥ് ഭരതന്‍) പറയുമായിരുന്നു, നമ്മളെല്ലാം സിനിമ ചെയ്യാന്‍ വേണ്ടിയാണ് നില്‍ക്കുന്നത് നീയും കൂടിക്കോയെന്ന്. 'ചന്ദ്രേട്ടന്‍ എവിടെ'യായില്‍ സംവിധാനസഹായിയായി നിന്നു, ഒപ്പം സിനിമയില്‍ ചെറിയ വേഷവും ചെയ്തു. അതിന് നല്ലൊരു വിജയം ഉണ്ടായി. അടുത്ത പരിപാടി പിടിക്കാന്‍ നില്‍ക്കുമ്പോഴാണ് സിദ്ധുഭായ്ക്ക് ആക്സിഡന്‍റ് സംഭവിക്കുന്നത്. ഞാന്‍ അവിടെ മുഴുവന്‍ സമയം ഉണ്ടെങ്കിലും ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു. അത്ര ആശങ്കയുണ്ടായിരുന്നു. ആ സമയത്താണ് ഫേസ്ബുക്കില്‍ അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ സൗബിന്‍ ചിത്രത്തിന്‍റെ പരസ്യചിത്രം കാണുന്നത്. അപ്പോള്‍ സൗബിനെ വിളിച്ചു എന്തെങ്കിലും തൊഴിലവസരം ഉണ്ടാകുമോയെന്ന് ചോദിച്ചു.
സുഹൃത്തുക്കളുടെ കൂടെയാണ് അണ്‍ കംഫേര്‍ട്ട്
സുഹൃത്തുക്കളുടെ സിനിമയിലാണ് തുടക്കസമയത്ത് കൂടുതലും അഭിനയിച്ചത്. ഒരിക്കലും അവരുടെ പ്രോജക്ടില്‍ അഭിനയിക്കുമ്പോള്‍ കംഫര്‍ട്ടബിളാവില്ല. പെര്‍ഫോമിംഗ് ആംഗ്സൈറ്റി ഉണ്ടാവാറുണ്ട്. സുഹൃത്ത് ആയതുകൊണ്ടായിരിക്കുമോ എനിക്ക് ഈ കഥാപാത്രം വിളിച്ചുതന്നത്. ഡെലിവറി ചെയ്യാന്‍ കഴിയില്ലേയെന്നൊക്കെ ചിന്തിക്കും. അതുപോലെ അവരാണെങ്കില്‍ ഒരു മടിയും കൂടാതെ തുറന്നുപറയുകയും ചെയ്യും. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധിച്ചു മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. സുഹൃത്തുക്കള്‍ അല്ലാത്തവരുടെ പ്രോജക്ടില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വരില്ല. അതാണ് എളുപ്പം.

കുടുംബത്തില്‍ നിന്നുള്ള സിനിമ
ചിദംബരവും ഗണപതിയും കസിന്‍സാണ്. കോവിഡും ലോക്ക്ഡൗണും കഴിഞ്ഞ് പണിയൊന്നും ഇല്ലാത്ത സമയത്താണ് ജാന്‍ എ മന്നിലേക്ക് വിളിക്കുന്നത്. ഞാന്‍ കസിന്‍ ആയതുകൊണ്ട് വിളിച്ചതല്ല, അങ്ങനെ വിളിക്കണമെന്നുമില്ലല്ലോ. ഇവന്‍റ് കോര്‍ഡിനേറ്ററായ അക്ഷയ്കുമാര്‍ അഭിനേതാവ് എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. ചിദംബരത്തിന്‍റെ രണ്ടാമത്തെ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് വന്നപ്പോഴും എനിക്കതില്‍ ഒരു സ്പേസ് തന്നു.