ജാസിക്കൊപ്പം പാടാൻ പോയാൽ പിന്നെ ആര്‍ക്കും തന്റെ ചിത്രങ്ങളിൽ പാടാൻ അവസരം ലഭിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇതോടെ മലയാളത്തിലെ മുൻനിര പിന്നണിഗായകരിൽ പലരും ജാസിയോട് സഹകരിക്കാതെയായി
കൊച്ചി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഗായകൻ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ അദ്ദേഹം ഓര്‍ക്കുന്നത് ഒരു ഇൻഡസ്ട്രി തന്നെ തനിക്കെതിരെ നിലകൊണ്ട ഇരുണ്ട ഭൂതകാലത്തെക്കുറിച്ചാണ്. 2004ൽ പുറത്തിറങ്ങിയ ജയരാജ് ചിത്രം ഫോര്‍ ദി പ്യൂപ്പിളിലെ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ഗാനത്തോടെ മലയാള പിന്നണിഗാനരംഗത്ത് സൂപ്പര്‍ ഡ്യൂപ്പര്‍ തരംഗമായ ജാസി ഗിഫ്റ്റ് ഇത്തരം അപമാനങ്ങൾ നേരിടുന്നത് ഇതാദ്യമല്ല. തന്റെ ആദ്യചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ ജാസിക്ക് ലഭിച്ചത് സാക്ഷാൽ എ.ആര്‍. റഹ്മാന് പോലും ലഭിക്കാത്ത ഹൈപ്പായിരുന്നു. തുടര്‍ന്ന് പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ ഗാനം ആലപിക്കാനും സംഗീതസംവിധാനം ചെയ്യാനും അവസരങ്ങളുടെ പെരുമഴ തന്നെ അദ്ദേഹത്തെ തേടിയെത്തി. വിദേശരാജ്യങ്ങളിൽ നിന്ന് മറ്റുരാജ്യങ്ങളിലേക്ക് ജാസി പറന്നുകൊണ്ടേയിരുന്നു. അത്രകണ്ട് സ്റ്റേജ് ഷോകളായിരുന്നു അന്നദ്ദേഹത്തിന് ലഭിച്ചത്. 2005ൽ പുറത്തിറങ്ങിയ ശങ്കര്‍ മെയ്ഡ് ബ്രഹ്മാണ്ഡ ചിത്രം അന്ന്യൻ ജാസിയുടെ മൈലേജ് പതിൻമടങ്ങാക്കി. പക്ഷേ, ആ വേഗപ്പാച്ചിലിന് ആയുസ് അധികനാൾ ഉണ്ടായിരുന്നില്ല.
ഏതാണ്ട് അതേകാലഘട്ടത്തിൽ തന്നെ സംഗീതസംവിധാനരംഗത്ത് ഉദിച്ചുയര്‍ന്ന മറ്റൊരു താരം ജാസിയുടെ കടയ്ക്കൽ കത്തിവെച്ചു. ജാസിക്കൊപ്പം പാടാൻ പോയാൽ പിന്നെ ആര്‍ക്കും തന്റെ ചിത്രങ്ങളിൽ പാടാൻ അവസരം ലഭിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇതോടെ മലയാളത്തിലെ മുൻനിര പിന്നണിഗായകരിൽ പലരും ജാസിയോട് സഹകരിക്കാതെയായി. ഒരേസമയം പാടുകയും, യുവാക്കളെ ഹരംകൊള്ളിക്കുന്ന റോക്കിംഗ് ഗാനങ്ങളും മെലഡിയുമൊക്കെ ഈണമിടുകയും ചെയ്തിരുന്ന ജാസി വളര്‍ന്നുവരുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതിയ ചിലരാണ് ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചത്. മാത്രമല്ല, ജാസിയുടെ ജാതിയും മതവുമെല്ലാം അദ്ദേഹത്തിന് വിലങ്ങുതടിയായി മാറി. അതോടെ സൂര്യശോഭയിൽ ഉദിച്ചുയര്‍ന്ന താരം ക്ഷണനേരം കൊണ്ട് അസ്തമയത്തിലേക്ക് കടന്നു. എന്നാൽ, തമിഴിലും തെലുങ്കിലും ജാസിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഒരുഘട്ടത്തിൽ ജാസി തന്റെ തട്ടകം ഹൈദ്രാബാദിലേക്ക് മാറ്റിനടുകയും ചെയ്തു. എന്നാൽ ക്രമേണ അവിടെയും അവസരങ്ങൾ കുറഞ്ഞ ജാസി കഴിഞ്ഞ കുറച്ചുനാളുകളായി പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. അടുത്തിടെ ചില ചാനൽ ഷോകളിലും മറ്റും സജീവമായി പങ്കെടുത്ത ജാസി വീണ്ടും ഒരു മടങ്ങിവരവിന്റെ പാതയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
അതിനിടെയാണ് കോലഞ്ചേരി കോളേജിൽ പ്രിൻസിപ്പൽ മൈക്ക് തിരികെവാങ്ങിയ ദുരനുഭവം അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. കോളേജ് ഡേയിൽ മുഖ്യഅതിഥി ആയെത്തിയ ജാസി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം പാടാനായി മൈക്ക് എടുത്തപ്പോൾ കോറസ് പാടാൻ ഒപ്പം വന്ന സഹായി കൂടെക്കൂടി. ഇത് അനുവദിക്കാൻ പറ്റില്ലെന്നും കോളേജിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും പറഞ്ഞ് പ്രിൻസിപ്പൽ മൈക്ക് തിരികെ വാങ്ങുകയായിരുന്നു. ഇതിലൂടെ ജാസിയെ അപമാനിക്കാനല്ല ശ്രമിച്ചതെന്നും കോളേജിലെ നടപടിക്രമങ്ങൾ അറിയിക്കുകയാണ് ചെയ്തതെന്നും പ്രിൻസിപ്പൽ പിന്നീട് വിശദീകരിച്ചു. എന്നാൽ താൻ അപമാനിതനായെന്ന നിലപാടിൽ തന്നെയാണ് ജാസി. അതേസമയം, മലയാള സിനിമാരംഗത്തെ വമ്പൻമാരിൽ നിന്നുണ്ടായ തിരിച്ചടികളും പാരവെയ്പ്പും വെച്ചുനോക്കുമ്പോൾ കോലഞ്ചേരി മാറ്റര്‍ സിമ്പിൾ ആണെന്നാണ് ജാസി തന്റെ സുഹൃത്തുക്കളോട് പറഞ്ഞതത്രേ.