NEWS

അഭിനയചക്രവാളത്തില്‍ മാരിവില്‍ശോഭയായ് ജയഭാരതി

News

 

ലയാള സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തുകയും പിന്നീടത് സിംഹാസനമാക്കി ദശകങ്ങളോളം രാജ്ഞിയായി വാഴുകയും ചെയ്ത നടിയാണ് ജയഭാരതി. ശാരദ, ഷീല, കെ.ആര്‍. വിജയ, രാഗിണി- പത്മനിമാര്‍ മലയാളചലച്ചിത്രരംഗത്ത് സജീവമായി നിലനില്‍ക്കുമ്പോഴാണ് ജയഭാരതി ഒരു അതിഥിയെപ്പോലെ കടന്നുവരികയും തന്‍റേതായ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിക്കുകയും ചെയ്തത്. ഏകദേശം മുന്നൂറില്‍പ്പരം ചിത്രങ്ങളില്‍ ജയഭാരതി ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മാസ്മരിക സൗന്ദര്യത്തിന്‍റെ അതിഭാവുകത്വമില്ലാത്തവിധം എപ്പോഴും മലയാളിയുടെ മനസ്സിലെ അയലത്തെ സുന്ദരിയായിരുന്നു ജയഭാരതി. 

അതേസമയം കൗമാരമനസ്സുകളില്‍ ലൗകികകാമനകള്‍ സൃഷ്ടിക്കുംവിധം രതിനിര്‍വ്വേദസാധ്യതകള്‍ പരീക്ഷിക്കാനും ഒരുപോലെ ജയഭാരതിക്ക് കഴിഞ്ഞു. അത് നടിയിലെ അഭിനയമാരിവില്‍ വര്‍ണ്ണങ്ങളിലെ ഒരു നിറം മാത്രമായിരുന്നു. പിന്നെ ചേച്ചിയായും, അമ്മയായും, സഹോദരിയായും, കാമുകിയായും, എത്രയെത്ര വര്‍ണ്ണങ്ങള്‍ അതിനൊപ്പം വെള്ളിത്തിരയില്‍ ചാലിച്ചെടുക്കാന്‍ ജയഭാരതിക്ക് കഴിഞ്ഞു. അവരുടെ ചലച്ചിത്രജീവിതം മലയാളസിനിമയുടെ അസ്തിത്വഭാവുകത്വത്തിന്‍റെ ഗരിമ വര്‍ദ്ധിപ്പിക്കുന്ന അദ്ധ്യായം കൂടിയാണ്.

ജയഭാരതിയുടെ ആദ്യനാമം ലക്ഷ്മിഭാരതി എന്നായിരുന്നു. ശിവശങ്കരന്‍പിള്ളയുടെയും ശാരദപിള്ളയുടെയും പുത്രിയായി കൊല്ലത്താണ് ജനനം. കുട്ടിക്കാലത്ത് കലാമണ്ഡലം നടരാജന്‍, രാജാറാം, വാഴുവൂര്‍, സാംരാജ്പിള്ള എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് നൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1967 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത 'പെണ്‍മക്കളി'ലൂടെയായിരുന്നു ചലച്ചിത്ര അഭിനയത്തുടക്കം. ചെറിയ ചെറിയ വേഷങ്ങളിലൂടെയുള്ള പ്രത്യക്ഷപ്പെടലിനുശേഷം ജയഭാരതിയെ ഒരു നായികാസ്ഥാനത്തേയ്ക്ക് പ്രതിഷ്ഠിച്ച ചിത്രമായിരുന്നു പി. ഭാസ്ക്കരന്‍ സംവിധാനം ചെയ്ത 'കാട്ടുകുരങ്ങ്.' ജനറല്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ കെ. രവീന്ദ്രന്‍നായര്‍ നിര്‍മ്മിച്ച ചിത്രം. അതില്‍ ഭാസ്ക്കരന്‍മാഷ് എഴുതി ദേവരാജന്‍റെ സംഗീതത്തില്‍ പി. സുശീല പാടിയ ഒരു സുന്ദരഗാനമുണ്ട്. മാറോടണച്ചുഞാന്‍ ഉറക്കിയിട്ടും എന്‍റെ മാനസവ്യാമോഹമുണരുമ്പോള്‍ എന്ന ഗാനം. ആ ഗാനത്തിന് ആവിഷ്ക്കാരം നല്‍കിയത് ജയഭാരതിയായിരുന്നു. സാഹിത്യകാരന്‍ വി.കെ.എന്‍ ന്‍റെ ഇഷ്ടഗാനം കൂടിയായിരുന്നു അത്.

കാട്ടുകുരങ്ങിലെ നായികയില്‍ നിന്നും അതുപോലെ എത്രയോ നായികാകഥാപാത്രങ്ങളിലേയ്ക്ക് ഒരു നദിപോലെ ഒഴുകാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ജയഭാരതി. മലയാള സിനിമയില്‍ ഓരോ നായകനും കാലം ഓരോ അഭിനയപരിധി നിശ്ചയിക്കുമ്പോഴും അവര്‍ക്കെല്ലാം കണ്ണുമടച്ച് ജോഡിയായി തിരഞ്ഞെടുക്കാവുന്ന ഏകനടി ജയഭാരതി മാത്രമായിരുന്നു. അങ്ങനെ എത്രയോ പ്രേംനസീര്‍, മധു,വിന്‍സന്‍റ്, സോമന്‍ നായകചിത്രങ്ങളിലാണ് നായികയായി ജയഭാരതിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ഇന്നത്തെ ചലച്ചിത്രലോകത്തിന് ചിന്തിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയാണിത്. മമ്മൂട്ടിക്ക് ചേരുന്ന നായിക. മോഹന്‍ലാലിന് ചേരില്ല; അതുപോലെ തിരിച്ചും ചേരാത്ത അവസ്ഥയില്‍ ഇവിടെ മറുഭാഷയില്‍ നിന്നും എത്രയോ നായികമാര്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ കെട്ടിയിറക്കപ്പെടുകയും വിരുന്നുകാരായി വന്നശോഷം മടങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. അവിടെയാണ് പ്രേംനസീറിന്‍റെയും വിന്‍സന്‍റിന്‍റെയും സോമന്‍റെയും ജോഡിയായി മടുക്കാത്തവിധം ജയഭാരതി നായികയായി നിലനിന്നത്.

നടന്‍ ജോസ്പ്രകാശിന്‍റെ നിര്‍ദ്ദേശപ്രകാരം ജേസി സംവിധാനം ചെയ്ത 'ശാപമോക്ഷം' ചിത്രത്തില്‍ ജയന്‍  (കൃഷ്ണന്‍ നായര്‍ എന്നപേര് ജയന്‍ എന്നാക്കിയത് ജോസ് പ്രകാശാണ്) ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയതിനുപിന്നില്‍ ജയഭാരതിയുടെ പങ്ക് നിഷേധിക്കാനാവില്ല. സുപ്രിയായുടെ പഞ്ചമി എന്ന ചിത്രത്തിലെ നായികയായിരുന്നു ജയഭാരതി. അതില്‍ പ്രതിനായക കഥാപാത്രമായി അഭിനയിക്കാമെന്നേറ്റ കെ.പി. ഉമ്മറിന് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ റോളിലേയ്ക്ക് ജയഭാരതിയുടെ നിര്‍ദ്ദേശപ്രകാരം സംവിധായകന്‍ ഹരിഹരന്‍ ജയനെ പരീക്ഷിക്കുകയായിരുന്നു. അത് എത്രമാത്രം വിജയകരമായിരുന്നുവെന്ന് ഹരിഹരന്‍റെ തന്നെ ശരപഞ്ജരം എന്ന ചിത്രം തെളിയിക്കുക കൂടി ചെയ്തു. ജയഭാരതിയുടെ ആദ്യ കസിന്‍ കൂടിയാണ് ജയന്‍. ജയഭാരതിയുടെ അമ്മ ശാരദപിള്ള ജയന്‍റെ അച്ഛന്‍ മാധവന്‍പിള്ളയുടെ സഹോദരിയാണ്. ആ ബന്ധുത്വമാണ് ജയനെ വില്ലനായ പഞ്ചമി ചിത്രത്തിലെ ഫോറസ്റ്റ് റേഞ്ചറാക്കിയത്.

ഇപ്പോള്‍ ജയഭാരതിയെക്കുറിച്ചെഴുതാന്‍ നിമിത്തമായത് 1977 ല്‍ അവര്‍ നല്‍കിയ ഒരഭിമുഖം 25-9-2011 ലെ നാനയില്‍ അതേപടി പ്രസിദ്ധീകരിച്ചതാണ്. തോപ്പില്‍ഭാസി ഒരിക്കല്‍ എഴുതി കെ.പി.എ.സി അവതരിപ്പിച്ച 'യുദ്ധകാണ്ഡം' നാടകം അദ്ദേഹം തന്നെ സംവിധാനം ചെയ്ത് ചലച്ചിത്രമാക്കുന്നതിന്‍റെ പ്രധാന ചിത്രീകരണം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്. അതിലെ പ്രധാന കഥാപാത്രമായ ചിത്രകാരന്‍ പ്രസാദിനെ സിനിമയില്‍ അവതരിപ്പിച്ചത് നടന്‍ മധു ആയിരുന്നു. നായികയായി ജയഭാരതിയും. അന്ന് ജയഭാരതി താമസിച്ചത് കൊല്ലത്ത് നീലാ ഹോട്ടലിലായിരുന്നു. ഒപ്പം അവരുടെ മാതാവും സന്നിഹിതയായിരുന്നു. മലയാള ചലച്ചിത്ര രംഗത്തെ വഴക്കാളിയും അഹങ്കാരിയുമായ നടിയെന്ന് ചില സംവിധായകരും നിര്‍മ്മാതാക്കളും സഹനടീനടന്മാരും വിശേഷിപ്പിക്കാറുള്ള ഭാരതി തികച്ചും അന്തര്‍മുഖിയായിരുന്നുകൊണ്ട് സ്വയം വിമര്‍ശനപരമായാണ് അന്ന്'നാന'യോട് സംസാരിച്ചത്. ഒരു പ്രസിദ്ധീകരണത്തോട് സംസാരിക്കുന്നതിലുപരി സ്വന്തം ജീവിതത്തെ പുനഃപരിശോധനനടത്തുന്ന പ്രതീതിയാണ് അപ്പോഴുണ്ടായത്.

പലതരത്തിലും പലരാലും തെറ്റിദ്ധരിക്കപ്പെട്ട നടിയാണ് ഞാന്‍. നിര്‍മ്മാതാക്കള്‍, സംവിധായകര്‍, മാധ്യമങ്ങള്‍ എല്ലാവരും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ നാനയും പങ്കുചേര്‍ന്നപ്പോള്‍ വളരെ വിഷമമുണ്ടായി. എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ അത് തീര്‍ന്നു. ഒരിക്കല്‍ ഒരു ഡയറക്ടര്‍ ഞാന്‍ അഹങ്കാരിയാണെന്നും എനിക്ക് അഭിനയിക്കാനറിയില്ലെന്നും വരെ ഒരു പത്രത്തിനോട് പറഞ്ഞു. ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. പകരം ആ സംവിധായകന്‍റെ വാദത്തെ ചോദ്യം ചെയ്തത് ശ്രീ പ്രേംനസീറായിരുന്നു. ഇത്രയും പടങ്ങളിലഭിനയിച്ച എനിക്ക് 
അഭിനയിക്കാനറിയില്ലെന്നുള്ള സാംഗത്യത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. പ്രായം കഴിഞ്ഞാല്‍ നടിമാര്‍ക്ക് സിനിമാരംഗത്ത് നില്‍ക്കാനൊക്കുമോ എന്നതാണ് പലരുടെയും സംശയം. എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത് സൗന്ദര്യത്തിലല്ലാതെ അഭിനയിക്കാനുള്ള കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക് പ്രായത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നാണ്. അപ്പോള്‍ വ്യത്യസ്തമായ റോളുകളിലേക്ക് മാറണം. എന്നെയാരും നായികയായി സിനിമാരംഗത്ത് കൊണ്ടുവന്നതല്ല. നാനൂറും അഞ്ഞൂറും രൂപയ്ക്ക് ആദ്യമൊക്കെ അഭിനയിച്ചു. ചെറിയ റോളുകളിലഭിനയിച്ചാണ് ഒന്നാം നിരയിലേക്ക് എത്തിയിട്ടുള്ളത്. അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ പ്രതാപ് പോത്തന്‍റെ സഹോദരനുമായ ഹരിപോത്തനുമായിട്ടായിരുന്നു ജയഭാരതിയുടെ ആദ്യവിവാഹം. സുപ്രിയയുടെ ബാനറിലായിരുന്നു അദ്ദേഹം ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീട് ചില വര്‍ഷങ്ങള്‍ക്കുശേഷം ആ ബന്ധം വേര്‍പെടുത്തി. ആ അവസരത്തിലായിരുന്നു നാന മറ്റൊരു വിവാഹത്തെപ്പറ്റി ഭാരതിയോട് ചോദിച്ചത്. താന്‍ വീണ്ടുമൊരു വിവാഹത്തെപ്പറ്റി ആഗ്രഹിക്കുന്നില്ല. ഭര്‍ത്താവും കുട്ടികളും കുടുംബവും ഇല്ലാതെ ജീവിച്ചാല്‍ ഏകാന്തതയും ഒറ്റപ്പെടലും ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടില്ല. എന്‍റെ സ്ഥിതി പലരെയും പോലെയല്ല. അതേപ്പറ്റി പറയാന്‍ ചില പരിമിതികളുണ്ട്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു പുരുഷനുമൊത്ത് കുറെനാള്‍ ജീവിച്ചിട്ടുള്ളവളാണ് ഞാന്‍. അതുകൊണ്ടാണ് വിവാഹത്തെപ്പറ്റി പറയാന്‍ വിഷമം. അഥവാ ഭാവിയില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അതൊരിക്കലും സിനിമാരംഗത്തുള്ള ആരും ആയിരിക്കില്ലെന്ന് ജയഭാരതി ആണയിട്ടു പറഞ്ഞു.

പക്ഷേ കാലം ജയഭാരതിയുടെ ആ വാക്കുകളെ കാറ്റില്‍പ്പറത്തിക്കളഞ്ഞു. 1977 ല്‍ വിവാഹജീവിതമേ വേണ്ടെന്നു പറഞ്ഞ ജയഭാരതി നടന്‍ സത്താറിനെ വിവാഹം കഴിച്ചു. 1984 ല്‍ ക്രിഷ് ജെ. സത്താറിന്‍റെ(ഉണ്ണകൃഷ്ണന്‍) അമ്മയുമായി വര്‍ഷങ്ങള്‍ പിന്നീടവേ സത്താറുമായുള്ള ബന്ധം ഛേദിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ അവസാനനാളുകളില്‍ ജയഭാരതി കൂട്ടായുണ്ടായിരുന്നു.

മുന്‍ശുണ്ഠിയും കോപവുമാണ് തനിക്കെതിരെ വളരെയധികം ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരാന്‍ കാരണമായിട്ടുള്ളതെന്ന് പറയുന്ന ജയഭാരതിയുടെ ആഗ്രഹം മരണംവരെ അഭിനയിക്കണം എന്നായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഇപ്പോള്‍ അഭിനയരംഗത്തെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ജയഭാരതി പങ്കെടുക്കാറില്ല. ഇടയ്ക്ക് അശ്വതി ആര്‍ട്ട്സ് അക്കാദമി എന്നൊരു നൃത്തവിദ്യാലയം നടത്തിയിരുന്നു. ഇപ്പോള്‍ അതിനെപ്പറ്റിയും കൂടുതല്‍ അറിവില്ല. തികച്ചും ഒരു ചെന്നൈവാസിയായി, സ്വസ്ഥമായി, സ്വയം വിസ്മൃതമായി കഴിയുകയാണ് ആ നടനശ്രീ.

 


LATEST VIDEOS

Exclusive