തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ജയം' രവി അഭിനയിച്ചു ഈയിടെ പുറത്തു വന്ന ചിത്രമാണ് 'അഖിലൻ'. വൻ പരാജയമായ ഈ ചിത്രത്തിനെ തുടർന്ന് ജയം രവിയുടേതായി അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗമാണ്. ഏപ്രിൽ 28-ന് പുറത്തു വരാനിരിക്കുന്ന ഈ സിനിമയെ തുടർന്ന് 'ഇറൈവൻ', 'സൈറൺ' തുടങ്ങിയ ചിത്രങ്ങളിലാണ് ജയം രവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് 'ജയം' രവി ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പു വച്ചിരിക്കുന്നതായുള്ള വാർത്ത ലഭിച്ചിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ സിനിമയായി 100 കോടി രൂപയോളം മുതൽ മുടക്കിയാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. ഇത് ആദ്യമായാണ് ജയം രവി സോളോ ഹീറോയായി അഭിനയിക്കുന്ന ഒരു ചിത്രം 100 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'വേൽസ് ഫിലിംസ് ഇന്റർനാഷണലിനു'വേണ്ടി ഐശരി ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. 'ജയം' രവിയും, എ.ആർ.റഹ്‌മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ സിനിമയുടെ മറ്റുള്ള വിവരങ്ങളോട് കൂടിയ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമത്രേ! .