NEWS

അഭിനയരംഗത്തുനിന്നും സംവിധാനരംഗത്തെത്തിയപ്പോള്‍ ജയന്‍ ചേര്‍ത്തല രവീന്ദ്ര ജയനാകുന്നു

News

നടന്‍ എന്ന നിലയിലായിരിക്കും ജയന്‍ ചേര്‍ത്തല പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാകുന്നത്. സിനിമയുടെ പിന്നാമ്പുറത്ത് പല മേഖലകളിലും പ്രവര്‍ത്തിച്ച് അനുഭവസമ്പത്ത് നേടിയിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ ഒരു സിനിമയുടെ സംവിധായകനാകുന്നു.

സിനിമയുടേയും സീരിയലിന്‍റേയും അണിയറയില്‍ അസോസിയേറ്റ് ഡയറക്ടറായും തിരക്കഥാജോലികളില്‍ പങ്കെടുത്തും എഴുതിയും ചര്‍ച്ച ചെയ്തും അഭിനയിച്ചും സഞ്ചരിച്ചിട്ടുള്ള ജയന്‍റെ മനസ്സില്‍ ഒരു ലക്ഷ്യം പണ്ടേയുണ്ടായിരുന്നു. അത് സിനിമാസംവിധായകനാകുക എന്നത് തന്നെയായിരുന്നു. അതിനുവേണ്ടി ചില ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നുവെങ്കിലും അതിന്‍റെ കാത്തിരിപ്പിലായിരുന്നു ജയന്‍ ചേര്‍ത്തല.
പക്ഷേ...?

ഇപ്പോള്‍ സംവിധായകന്‍റെ പദവി അലങ്കരിക്കുന്നത് തികച്ചും യാദൃച്ഛികമായി തന്നെയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. സിനിമ ഒരു വലിയ സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുന്നതുകൊണ്ടുതന്നെ സിനിമാമേഖലയിലെ ഏത് ജോലിയും ചെയ്യുവാന്‍ ഇഷ്ടമാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു.

കന്നിസംരംഭത്തെക്കുറിച്ച് ഇങ്ങനെ അറിയാം-

വിന്‍സ് പ്രൊഡക്ഷന്‍സാണ് ബാനര്‍. ഒരു സ്ക്കൂളിന്‍റെ പശ്ചാത്തലത്തിലാണ് 'കിറ്റ് ക്യാറ്റ്' 
എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ കഥ പറയുന്നത്.

പ്രിന്‍സിപ്പല്‍ ഇന്ദുടീച്ചര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്. ഉര്‍വശിക്കൊപ്പം പുതുമുഖ നായികയായി എത്തുന്നത് ശ്രീസംഖ്യയാണ്. പ്രശസ്ത നടി കല്‍പ്പനയുടെ മകളാണ് ശ്രീസംഖ്യ. തന്‍റെ ആദ്യസിനിമയില്‍ അമ്മയുടെ അനുജത്തിക്കൊപ്പം ശ്രീസംഖ്യ അഭിനയിക്കുന്നു എന്നുള്ളതാണ് ഈ പുതുമുഖ നായികയെ വേറിട്ടുനിര്‍ത്തുന്ന വിശേഷം.

ഇന്ദ്രന്‍സ്, രഞ്ജിപണിക്കര്‍, മധുപാല്‍, ജോണി ആന്‍റണി, ഷമ്മിതിലകന്‍, ബാലാജിശര്‍മ്മ, അരുണ്‍ ദേവസ്യ, സീനുസോഹന്‍ലാല്‍, കൃഷ്ണപ്രസാദ്, വി.കെ. ബൈജു, പീറ്റര്‍, കോശി, മീരനായര്‍, മഞ്ജുസതീഷ്, സഞ്ജുമധു തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളായി ഏതാനും കൗമാരക്കാരും അഭിനയിക്കുന്നുണ്ട്. അവരില്‍ പ്രധാന വേഷം ചെയ്യുന്നത് ഗോഡ്വിനാണ്. മൃദുല്‍, അജിംഷ, ശ്രദ്ധജോസഫ്,  അനുശ്രീ പ്രകാശ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയുടെ ആദ്യപകുതി സ്ക്കൂള്‍ പശ്ചാത്തലമാണെങ്കിലും രണ്ടാം പകുതിയില്‍ ഉടനീളം ത്രില്ലിംഗ് മൂഡാണ്. ഒരു മര്‍ഡര്‍ നടക്കുന്നതോടെ അതിന്‍റെ തെളിവെടുപ്പുകളും ആരാണ് ആ കൊലപാതകം നടത്തിയതെന്നുമുള്ള കണ്ടെത്തലാണ് പ്രേക്ഷകരെ ജിജ്ഞാസാഭരിതരാക്കുന്നത്. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കൊല നടത്തിയത് ആരെന്ന് സംശയം തോന്നിപ്പിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ഒടുവില്‍ യഥാര്‍ത്ഥ ഘാതകനെ കണ്ടെത്തുന്നതാണ് സിനിമയുടെ ക്ലൈമാക്സിനെ ബലപ്പെടുത്തുന്നത്.

അഭിനയരംഗത്ത് ജയന്‍ ചേര്‍ത്തല എന്നറിയപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ സംവിധായകന്‍റെ പുതിയ വേഷം അണിയുമ്പോള്‍ അദ്ദേഹം തന്‍റെ പേരൊന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. രവീന്ദ്ര ജയന്‍ എന്നായിരിക്കും ഇനിമേല്‍ അറിയപ്പെടുക. തിരക്കഥ, സംഭാഷണം: നിജീഷ് സഹദേവന്‍, ക്യാമറ: ജിജു സണ്ണി, കലാസംവിധാനം: അനീഷ് കൊല്ലം, കോസ്റ്റ്യൂംസ് സുകേഷ് താനൂര്‍, മേക്കപ്പ് ജിതേഷ് പൊയ്യ.

ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനായക ശശികുമാര്‍, സുനില്‍ജി ചെറുകടവ്, സംഗീതം സുബിന്‍ ജേക്കബ്ബ്, എഡിറ്റിംഗ് ഗ്രേസണ്‍, ഫൈറ്റ് മാസ്റ്റര്‍ പ്രഭു.
ലൈന്‍ പ്രൊഡ്യൂസര്‍: ബെന്‍സി അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: സജീവ് ജാഫര്‍, മാനേജര്‍: അഖില്‍ ബേബി, കോ-റൈറ്റേഴ്സ്: കലേഷ്-ബിനു, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: കൊടുമണ്‍ രവികുമാര്‍, പ്രശാന്ത് വി.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സി. തിലകന്‍, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: അരുണ്‍ സിത്താര, ഷൈന്‍, പ്രിയ, രാഹുല്‍. സ്റ്റിൽ ഫോട്ടോ ഗ്രാഫർ
  ഷൈജു ചിറണിക്കൽ. അടൂര്‍, കൈപ്പട്ടൂര്‍, ആര്യങ്കാവ്,  കുറ്റാലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.

ജി. കൃഷ്ണന്‍
ഫോട്ടോ: സിനു കാക്കൂര്‍


LATEST VIDEOS

Interviews