തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകന്മാരിൽ ഒരാളായ പ.രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'തങ്കലാൻ'. 'ചിയാൻ' വിക്രം നായകനാകുന്ന ഈ ചിത്രത്തിൽ മലയാളി താരം പാർവതിയാണ് നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ മറ്റൊരു മലയാളി താരമായ മാളവിക മോഹനൻ, പശുപതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങി വരുന്ന ഈ ചിത്രം കെ.ജി.എഫ്. സിനിമയുടെ ശൈലിയിൽ സ്വർണ്ണ ഖനിത്തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കോലാർ ഗോൾഡ് ഫീൽഡ് ഏരിയയിൽ ദ്രുതഗതിയിൽ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ പ്രശസ്ത ഹോളിവുഡ് നടൻ ഡാനിയേൽ കാൽടാഗിറോൺ ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്. നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തനായ ഡാനിയൽ കാൽടാഗിറോൺ ഒരു വേട്ടക്കാരന്റെ വേഷത്തിലാണത്രെ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
'സ്റ്റുഡിയോ ഗ്രീൻ' ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങി വരുന്നത്. കാർത്തിയെ നായകനാക്കി 'മദ്രാസ്', രജനികാന്തിനെ നായകനാക്കി 'കപാലി', 'കാലാ', ആര്യ നായകനായ,
'സാർപെട്ട പരമ്പര' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ.രഞ്ജിത്ത് ഒരുക്കി വരുന്ന 'തങ്കലാൻ' തമിഴ് സിനിമാ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.