NEWS

'പണി' പാളുന്ന സിനിമാക്കാര്‍!

News

തന്‍റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാന്‍ അല്ലെങ്കില്‍ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാന്‍ ആരേലും ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടന്‍ ജോജുജോര്‍ജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങള്‍ക്കുള്ള അവസരം എല്ലാ താരങ്ങള്‍ക്കുമുണ്ട്. പക്ഷേ, വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍, വിമര്‍ശനം ഭീഷണിക്ക് വഴിമാറിയിട്ടുണ്ടോ അല്ലെങ്കില്‍ വാക്കുകള്‍ യുക്തിഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി' എന്ന തന്‍റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാര്‍ത്ഥിയെ നടന്‍ ജോജുജോര്‍ജ്ജ് ഫോണില്‍ വിളിച്ച് സംസാരിച്ചത് വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

വിടെ കാര്യങ്ങളെ ഒരു തേര്‍ഡ് പാര്‍ട്ടി വ്യൂവിലൂടെ വിലയിരുത്താം. ജോജുവിന്‍റെ(സംവിധാനം, അഭിനയം, നിര്‍മ്മാണപങ്കാളിത്തം) ചിത്രം മോശമാണെന്നും അതില്‍ അദ്ദേഹത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്നും ഒരാള്‍ ഫേസ്ബുക്കില്‍ എഴുതുന്നു. പ്രസ്തുത കണ്ടെന്‍റ് ഇന്‍സ്റ്റഗ്രാമിലും ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുന്നു. സിനിമാക്കൂട്ടായ്മകളുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിലും അയാള്‍ അത് ഷെയര്‍ ചെയ്യുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ അഡ്മിന്‍റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഓരോ കണ്ടെന്‍റും പ്രസിദ്ധീകരിക്കപ്പെടുകയുള്ളൂ. 

സിനിമയെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്ന അത്തരം പ്ലാറ്റ്ഫോമുകള്‍ പ്രേക്ഷകരില്‍ ചിലരെയെങ്കിലും സ്വാധീനിക്കും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. കാരണം ലോകസിനിമയുമായി എക്പോസ് ചെയ്യപ്പെട്ട ഒരു കമ്മ്യൂണിറ്റിയാകും ഇത്തരം ഗ്രൂപ്പുകളിലെ സജീവഅംഗങ്ങള്‍. അതുകൊണ്ടുതന്നെ ക്രിയാത്മകമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും ഇത്തരം വേദികളില്‍ ഹോട്ട് കേക്കായി മാറാറുണ്ട്. ഇത് ജോജുവിന്‍റെ ചിത്രത്തിന്‍റെ മാത്രം കാര്യമല്ല കേട്ടോ.

അത്തരത്തില്‍ നമ്മുടെ ഗവേഷക വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത സംഗതി ശ്രദ്ധിക്കപ്പെടുകയും സജീവ ചര്‍ച്ചയാവുകയും ചെയ്തു. ഇത് പലരും പല തലത്തിലാകും സ്വീകരിച്ചിട്ടുണ്ടാവുക. മോശം സിനിമകളെ തിരഞ്ഞുപിടിച്ചു വിമര്‍ശിക്കുന്നവരും, ജോജുജോര്‍ജ്ജ് എന്ന നടനോട് വ്യക്തിവിരോധമുള്ളവരും ജോജു എന്ന നടനെ ഇഷ്ടമില്ലാത്തവരുമൊക്കെ പ്രസ്തുത പോസ്റ്റ് ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടാകാം. ഇത് ശ്രദ്ധയില്‍പ്പെട്ട ജോജുവിന് മാനസികപ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റ് പറയാന്‍ സാധിക്കില്ല. കാരണം, ഒരു സിനിമാക്കാരനും ഒരു മോശം സംഗതി സൃഷ്ടിക്കണം എന്ന ഉദ്ദേശ്യത്തോടെ ആകില്ലല്ലോ ഒന്നിന് പിന്നാലെ ഇറങ്ങിത്തിരിക്കുക. വര്‍ഷങ്ങള്‍ നീണ്ട അധ്വാനവും കാത്തിരിപ്പും പ്രതീക്ഷയും അതിനെല്ലാമുപരി സാമ്പത്തികഭാരവും അണിയറക്കാര്‍ക്കുമേല്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തെ നിസ്സാരമായി കാണാന്‍ സാധിക്കില്ല. ഇവിടെ ജോജുവിന്‍റെ കാര്യവും അങ്ങനെതന്നെയായിരുന്നു.

നൈമിഷികമായ ഒരു ഉള്‍വിസ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലോ അതുമല്ലെങ്കില്‍ ഉള്ളിലെ ലഹരിയുടെ ഉന്മാദത്താലോ ഒരുവേള ജോജുവിനെപ്പോലെ ഒരു താരത്തിന് ആ റിവ്യൂറൈറ്ററോട് ദേഷ്യം തോന്നിയാല്‍ അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. തന്‍റെ പ്രതിഷേധം രേഖപ്പെടുത്താനായി ടിയാനെ ഫോണില്‍ ബന്ധപ്പെടുന്നതിലും തെറ്റില്ല. പക്ഷേ വാക്കുകള്‍ സഭ്യവും യുക്തിഭദ്രവും വസ്തുതാപരമായിരിക്കണം. എന്നാല്‍ ജോജുവിന്‍റെ കാര്യത്തില്‍ മര്യാദയുടെ സീമകള്‍ ലംഘിക്കപ്പെട്ടു എന്നത് നിസ്തര്‍ക്കം. അത് അദ്ദേഹത്തിന്‍റെ സംഭാഷണത്തില്‍ വ്യക്തമാണ്. 

താന്‍ പോസിറ്റീവ് വൈബില്‍ തന്നെ പ്രതികരിക്കാനായി ഫോണ്‍ ചെയ്തതാണെന്ന് ജോജു തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് ലേശം ഓവറായിപ്പോയി എന്നും കാശ് മുടക്കിയവന്‍റെ ദണ്ണം റിവ്യൂവര്‍മാര്‍ക്ക് മനസ്സിലാകില്ല എന്നും ജോജു പറയാതെ പറയുന്നുണ്ട്. പക്ഷേ ഉള്ളിലടക്കിപ്പിടിച്ച അമര്‍ഷം ജോജുവിന് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഫോണിന്‍റെ മറുതലയ്ക്കല്‍ ഉള്ള ആളിനെ നീയെന്നും കൊച്ചുചെറുക്കനെന്നും തന്നെ നേരില്‍ കാണാന്‍ ധൈര്യമുണ്ടോ എന്നും താന്‍ പ്രകോപിതനായാല്‍ എതിര്‍കക്ഷികള്‍ മുള്ളുമെന്നുമൊക്കെ ജോജു തട്ടിവിട്ടത്. 

വാസ്തവത്തില്‍ ജോജു അതൊന്നും പറഞ്ഞതല്ല പറഞ്ഞുപോയതാണ് (വികാരത്തള്ളിച്ചയില്‍ സംഗതി കൈവിട്ടുപോയി) എന്നതാണ് ലേഖകന്‍റെ പക്ഷം.

തെറ്റ് ചെയ്യാത്തവര്‍ ആരുണ്ട് ഗോപു... എന്ന വിഖ്യാത ഇറോട്ടിക് സിനിമാഡയലോഗിനെ അനുസ്മരിച്ചുകൊണ്ടുതന്നെ ജോജുവിന്‍റെ നാവില്‍ കളിയാടിയ വികടസരസ്വതിയെ നമുക്ക് വേണമെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ താന്‍ ആരെയാണോ വിമര്‍ശിച്ചത് അല്ലെങ്കില്‍ വിരട്ടിയത് അവര്‍ക്കെതിരെ നിയമയുദ്ധം നടത്തുമെന്ന് പറഞ്ഞതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വാസ്തവത്തില്‍ ജോജു തന്നെയല്ലേ ആ ചെറുപ്പക്കാരനെ അങ്ങോട്ട് വിളിച്ചതും വിരട്ടല്‍ മോഡില്‍ കയര്‍ത്തു സംസാരിച്ചതും. ആ സാഹചര്യത്തിലും അയാള്‍ വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെയാണ് സംസാരിച്ചത്. 

എന്നാല്‍ ജോജുവാകട്ടെ തന്‍റെ സിനിമാസ്റ്റൈല്‍ മാസ് ഡയലോഗുകളാണ് കാച്ചിയതൊക്കെയും. സംഗതി കൈവിട്ടുപോകുമെന്ന് കണ്ടതോടെ ജോജു രായ്ക്കുരാമാനം ഫേസ്ബുക്ക് ലൈവില്‍ എത്തി. തന്‍റെ ചിത്രത്തെ വിമര്‍ശിച്ച ചെറുപ്പക്കാരന്‍ റിവ്യൂ ബോംബിംഗ് നടത്തിയെന്നും അതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇവിടെ ഇരപ്പെട്ടത് താനാണെന്ന് അവകാശപ്പെട്ട ജോജു ആ ചെറുപ്പക്കാരനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് പറഞ്ഞപ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിന്‍റെ ആരാധകര്‍ പോലും അതിശയപ്പെട്ടിട്ടുണ്ടാകാം.

ഇനി ജോജു അവകാശപ്പെട്ടതുപോലെ റിവ്യൂ ബോബിംഗ് നടന്നു എന്നുതന്നെ ഇരിക്കട്ടെ. അത് തെളിയിക്കാന്‍ ലേശം ബുദ്ധിമുട്ടാണ് എന്ന സാമാന്യബോധം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് നമുക്ക് അനുമാനിക്കേണ്ടി വരും. ഒരുപക്ഷേ അദ്ദേഹത്തിന് അക്കാര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കില്‍ മറ്റാരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണമായിരുന്നു. ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല ജോജു സ്വയം തീര്‍ത്ത ഒരു കുഴിയില്‍ ചെന്ന് പതിച്ച് സ്വയമേവ അപഹാസ്യനായി മാറുകയായിരുന്നു എന്ന് കരുതേണ്ടി വരും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ജോജുവിന്‍റെ വിവാദ എഫ്.ബി  ലൈവ് സംഭാഷണത്തിലെ വാക്കുകള്‍ തന്നെയാണ്. 

അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു- 'ഞാന്‍ ക്രിയാത്മകമായ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. അതിനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്.' എന്നെ ഇഷ്ടമില്ലാത്തവരും എന്നെ ശത്രുവായി കാണുന്നവരും ധാരാളം. അവരുടെ വാക്കുകളെ ഞാന്‍ അവഗണിക്കുന്നു. ഞാന്‍ എന്‍റെ വഴിക്ക് പോവുകയാണ്... പക്ഷേ ഈ വാക്കുകളും ജോജുവിന്‍റെ ഫോണ്‍ സംഭാഷണവും തമ്മില്‍ സമരസപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇവിടെ ആ ചെറുപ്പക്കാരനോട് പ്രതിഷേധിച്ചതിന് പിന്നിലെ കാരണം റിവ്യൂ ബോംബിംഗ് ആണ് എന്നതാണ് ജോജുവിന്‍റെ വാദം. അത് കേവലം ഒരു വാദം മാത്രമാണ് എന്നതുമാത്രമേ ഈ ഘട്ടത്തില്‍ കരുതാനാവുകയുള്ളൂ. ഇനി അഥവാ മറിച്ചൊരു സത്യമുണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടാനുള്ള എല്ലാ അവകാശവും ജോജുവിനുണ്ട്. അതിനായി അദ്ദേഹത്തിന് നിയമസംവിധാനങ്ങളെ സമീപിക്കാമെന്നിരിക്കെ ഫോണ്‍വിളി കലാപരിപാടി നടത്തിയത് ലേശം ചീപ്പായിപ്പോയി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ല. ഇനി പ്രസ്തുത സംഭാഷണത്തിലൂടെ ഒരു നെഗറ്റീവ് പബ്ലിസിറ്റി ആണ് ടിയാന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനെ ഒരു മികച്ച കച്ചവടതന്ത്രമായി കാണുന്നതിലും തെറ്റുണ്ടാകില്ല എന്നതാണ് ലേഖകന്‍റെ പക്ഷം.

എന്നാല്‍ അതിനൊരു നെഗറ്റീവ് പബ്ലിസിറ്റി സ്റ്റണ്ടല്ല ജോജു നടത്തിയതെങ്കില്‍ ജോജുവിന്‍റെ ഈ വാക്കുകള്‍ കൂടി കാണാതെ പോകുന്നത് ശരിയാകില്ല. ജോജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം. 'പിന്നിട്ട വഴികളില്‍ ഒരുപാട് അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിനോടൊക്കെ പൊരുതി മുന്നേറിയതുകൊണ്ടാണ് ഞാനിങ്ങനെയൊക്കെ ആയത്. ഞാനിങ്ങനെയാണ്.' അതെ ജോജു ജോര്‍ജ്ജ് ഇങ്ങനെയൊക്കെയാണ്. പക്ഷേ, ജോജുവിനെപ്പോലുള്ള താരങ്ങളെ താരങ്ങളാക്കിയ സാമാന്യജനങ്ങളും ഇങ്ങനൊക്കെയാണ് എന്ന വസ്തുതയും കാണേണ്ടതുണ്ട്.


LATEST VIDEOS

Top News