'വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സിനിമയുടെ രചയിതാവും സംവിധായകനുമായ എസ്. വിപിന്‍ സംസാരിക്കുന്നു
ആദ്യസിനിമയുടെ പ്രതികരണങ്ങള്‍
കുറെ നാളത്തെ അധ്വാനത്തിന്‍റെ ഫലം കണ്ട സന്തോഷമാണ് ഇപ്പോഴുള്ളത്. സിനിമ പ്രേക്ഷകര്‍ ആസ്വദിക്കുന്നു. അതിലെ ഹ്യൂമര്‍ എലമെന്‍റ്സ് അവര്‍ ഏറ്റെടുക്കുന്നു, ചെറിയ സിനിമകള്‍ക്കും ഇവിടെ ഇടമുണ്ടെന്ന് എന്നത് വ്യക്തമാകുന്നു.
സാധാരണ കണ്ടുവരുന്ന നായകന്‍ നായിക സംഗതികള്‍ ഒന്നുമില്ലാത്ത ഒരു സിനിമയായിരുന്നു. കുറെയധികം പച്ചയായ ജീവിതങ്ങളെ കാണിക്കുന്ന സിനിമ എന്ന് വേണേല്‍ പറയാം.

മരണവും ഡാര്‍ക്ക് കോമഡിയും
എന്‍റെ സിനിമയ്ക്കകത്ത് പറയുന്നത് ഡാര്‍ക്ക് കോമഡിയാണ് എന്ന അഭിപ്രായമെനിക്കില്ല. വളരെ പ്ലസന്‍റ് ആയിട്ടുള്ള കോമഡിയാണ് സിനിമയിലുള്ളത് എന്നാണ് എന്‍റെ അഭിപ്രായം.
2021 നവംബര്‍ മുതലൊക്കെയാണ് ഈ സിനിമയുടെ തിരക്കഥ എഴുത്ത് തുടങ്ങുന്നത്. ലോക്ക്ഡൗണ്‍ ഭീഷണി മാറിയിട്ടില്ലാത്ത സമയമാണ്. ഒരു ചെറിയ ഇടത്തുനിന്നുകൊണ്ട് എങ്ങനെ ഒരു രണ്ട് മണിക്കൂര്‍ സിനിമ ചെയ്യാം എന്നതാണ് ആദ്യം ചിന്തിച്ചത്.
ഒരു വീടിന്‍റെ പരിസരത്തേക്ക് നാട്ടുകാര്‍ പലരും വരുന്നതിനെപ്പറ്റി ആലോചിച്ചു. മരണം വിവാഹം പോലുള്ള സംഗതികളിലാണ് അത്തരം കാര്യങ്ങള്‍ നടക്കുക. നേരത്തെ ഞാന്‍ ചെയ്ത അഞ്ചിന്‍റന്ന് സഞ്ചയനം എന്ന ഷോര്‍ട്ട് ഫിലിം ഒരു മരണവീട് പ്രമേയമാക്കിയതാണ്. മരണവീട്ടില്‍ നിന്നുകൊണ്ട് തമാശ കണ്ടെത്താന്‍ പറ്റും എന്നത് അഞ്ചിന്‍റന്ന് സഞ്ചയനം തന്ന ധൈര്യമാണ്. ഷോര്‍ട്ട് ഫിലിമിന് അന്ന് നല്ല സ്വീകാര്യത കിട്ടിയിരുന്നു. അങ്ങനെയാണ് മരണത്തെ വിഷയമാക്കി ഒരു സിനിമ ചെയ്യാമെന്നുള്ള ധൈര്യം വരുന്നത്. പല പല ഘട്ടങ്ങളിലൂടെ എഴുത്ത് മുന്‍പോട്ട് കൊണ്ടുപോയിട്ടാണ് സ്ക്രിപ്റ്റ് ഇപ്പോഴുള്ള വിധത്തില്‍ എഴുതി എത്തിയത്.

നാടും നാട്ടുകാരും പിന്നെ തോന്നയ്ക്കലും
ഞാന്‍ തോന്നയ്ക്കല്‍കാരനാണ്. എന്‍റെ നാട്ടിലും എന്‍റെ വീട്ടിലും ഒക്കെ കാണുന്നതും ഞാന്‍ അനുഭവിച്ചിട്ട് ഉള്ളതുമായ വിഷയങ്ങളാണ് സിനിമയില്‍ ഉള്ളത്. ഈ സിനിമയിലെ മെമ്പര്‍ കുമാര്‍ എന്ന കഥാപാത്രം ഒരുപക്ഷേ ഞാനായിരിക്കും. എന്‍റെ ആത്മാശം ഉള്ള കഥാപാത്രമാണത്. ഞങ്ങളുടെ നാട്ടില്‍ സംസാരിക്കുന്ന അതേ ശൈലി തന്നെയായിരുന്നു ഞാന്‍ എന്‍റെ ഷോര്‍ട്ട് ഫിലിമില്‍ ഉപയോഗിച്ചിരുന്നത്. അതിന് പലരും നല്ല അഭിപ്രായം പറഞ്ഞതാണ് സിനിമയിലും അതേ ശൈലി തന്നെ ഉപയോഗിക്കാന്‍ ധൈര്യമായത്. ആ ശൈലിയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ജീവന്‍ വച്ച ഫീല്‍ എനിക്ക് തോന്നുന്നത്.
ഷൂട്ട് തുടങ്ങിയശേഷം കണ്ണൂര്‍ക്കാരിയായ അനശ്വരയെയും പന്തളംകാരനായ സിജു സണ്ണിയെയും നെടുമങ്ങാട്ടുകാരനായ അസീസിനെയുമൊക്കെ തോന്നയ്ക്കലിലെ ശൈലിയിലേക്ക് കൊണ്ടുവന്നു. അതേസമയം തിരുവനന്തപുരംകാരനായ അരുണിനെ പന്തളം ഭാഗത്തെ ശൈലിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു.

നിര്‍മ്മാതാവ് വിപിന്‍ദാസ്
മുന്നേ നിരവധി പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഞാന്‍ ഈ തിരക്കഥ പിച്ച് ചെയ്തിട്ടുള്ളതാണ്. തിരക്കഥ ഇഷ്ടമായി പലരും പ്രോജക്ട് ഓണ്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അവരൊക്കെ പല കാരണങ്ങളാല്‍ പിന്നോട്ട് പോകുകയായിരുന്നു. കൃത്യമായ ഒരു നായകന്‍ നായിക പരിപാടി ഒന്നും തിരക്കഥയില്‍ ഇല്ലാത്തതും നിലവില്‍ ഹിറ്റ് ആവുന്ന സിനിമകളുടെ പാറ്റേണ്‍ ഒന്നും അല്ലാത്തതും ഒക്കെയാണ് അവര്‍ പിന്‍മാറാന്‍ കാരണം. ഇത്തരം ഒരു സിനിമയെ ജനങ്ങള്‍ ഏറ്റെടുക്കുമോ എന്ന പേടി അവര്‍ക്കെല്ലാം ഉണ്ടായിരുന്നു. അത് സ്വാഭാവികമായും ആണ്. ഇതിനിടയില്‍ ഒരു തവണ ഞാന്‍ അസീസ് നെടുമങ്ങാടിനോട് ഈ കഥ പറഞ്ഞിരുന്നു. അസീസ് ആണ് വിപിന്‍ ദാസിലേക്ക് കണക്ട് ചെയ്യുന്നത്. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ട വിപിന്‍ദാസ് സിനിമ ചെയ്യാന്‍ തയ്യാറായി. ഞാന്‍ 2024 ഒക്ടോബറില്‍ ആയിരുന്നു വിപിന്‍ദാസിനെ കാണുന്നത്. ആ നവംബറില്‍ ഞങ്ങള്‍ ഷൂട്ട് തുടങ്ങി.
നവാഗതനായ സംവിധായകനും എക്സ്പീരിയെന്‍സുള്ള നിര്‍മ്മാതാവും
വിപിന്‍ദാസ് എന്‍റെ ഷോര്‍ട്ട് ഫിലിം നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അറിയില്ലെങ്കില്‍ കൂടിയും ആ ഷോര്‍ട്ട് ഫിലിം വിപിന്‍ദാസിന് ഇഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് ഈ തിരക്കഥ ഞാന്‍ വായിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന് മനസ്സിലായത് അത് ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ആണെന്ന്. അതൊരു വളരെ പോസിറ്റീവ് ആയ കാര്യമായിരുന്നു. ഞാന്‍ അത് നന്നായി ചെയ്യുമെന്ന് അതുകൊണ്ടൊക്കെ തന്നെ അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ചില ഘട്ടങ്ങളില്‍ എനിക്ക് എന്തെങ്കിലും കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഒപ്പീനിയന്‍ ചോദിക്കുമായിരുന്നു. പ്രത്യേകിച്ച് മ്യൂസിക് പ്ലേസ് ചെയ്യുന്ന അവസരങ്ങളില്‍ ഒക്കെ. പലപ്പോഴും ഞങ്ങളുടെ ആസ്വാദനരീതി ഒരേ തരത്തിലാണ് എന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും തോന്നിയിട്ടുമുണ്ട്.

മല്ലികാസുകുമാരന്‍ മുതല്‍ അനശ്വര രാജന്‍ വരെ
പഴയകാലഘട്ടം മുതല്‍ പുതിയ കാലഘട്ടം വരെയുള്ള ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ഈ സിനിമയിലുണ്ട്. വാസ്തവത്തില്‍ ഈ സിനിമയുടെ സ്ക്രിപ്റ്റ് ചെയ്തുകഴിഞ്ഞ സമയത്ത് പ്രോജക്ട് ഓണ്‍ ആയിട്ടില്ലെങ്കിലും ഞാന്‍ കാസ്റ്റിംഗിനെപ്പറ്റി ഒക്കെ വളരെ കാര്യമായി ആലോചിക്കുമായിരുന്നു. അനശ്വരയെ അഞ്ജലി ആയും ജോമോന്‍ ജ്യോതിറിനെ ശക്തിയായും ഒക്കെ ഞാന്‍ ആ സമയത്ത് തന്നെ കണ്ടിട്ടുണ്ട്. വിപിന്‍ദാസ് അടുത്തേക്ക് എത്തിയ ശേഷമാണ് ഞാന്‍ അനശ്വരയുടെ അടുത്തേക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ എത്തുന്നത്. പ്രൊഡക്ഷന്‍ ഓണ്‍ ആയ അവസരത്തില്‍ ആദ്യം കാസ്റ്റ് ചെയ്യപ്പെടുന്നത് അസീസ് നെടുമങ്ങാട്, ബൈജുസന്തോഷ്, നോബി തുടങ്ങിയവര്‍ ആണ്. സാവിത്രി അമ്മയായി മല്ലികാസുകുമാരനെ ഏറ്റവും ഒടുവിലാണ് തിരഞ്ഞെടുത്തത്. സിനിമ ഷൂട്ട് തുടങ്ങുന്നതിനും ഒരാഴ്ച മുന്നേ മാത്രമായിരുന്നു അത്. കൊമേഴ്സ്യല്‍ സാധ്യത വെച്ചാണ് മല്ലിക സുകുമാരനിലേക്ക് ആ കഥാപാത്രം എത്തുന്നത്. മല്ലിക സുകുമാരന്‍ ആ കഥാപാത്രം ചെയ്തത് ഞങ്ങളുടെ സിനിമയുടെ വലിപ്പം കൂടാന്‍ സഹായകരമായി.