NEWS

ചൂതാട്ടമാണ് സിനിമയെന്ന് ജോയ് മാത്യു

News

സിനിമ ചൂതാട്ടമാണെന്നും കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്നതാണ് അവസ്ഥയെന്നും നടൻ ജോയ് മാത്യു. സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം സംബന്ധിച്ച് താരം നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമയിൽ അഭിനയിക്കാൻ വിലക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റിന് തന്നെയാണ് ഇപ്പോഴും വിലയെന്നും എല്ലാവരെയും പ്രതിസ്ഥാനത്ത് നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

 ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ...

”ഷെയ്‌നും ശ്രീനാഥിനും വിലക്കുകളില്ല. ആർക്ക് വേണമെങ്കിലും അവരെ വച്ച് സിനിമയെടുക്കാം. ഇഷ്ടമില്ലാത്തവർ എടുക്കണ്ട. താരമൂല്യം ഉണ്ടാക്കുന്നത് നിർമാതാക്കളാണ്. ഈ ആള് തന്നെ അഭിനയിക്കണമെന്ന് നിർമ്മാതാക്കൾ വാശി പിടിക്കുന്നത് അവരുടെ അഭിനയം കണ്ടിട്ടല്ല, താരമൂല്യം കൊണ്ടാണ്. ചൂതാട്ടമാണ് സിനിമ.”

”ആദ്യ ഷോ കഴിഞ്ഞാൽ ഫലം അറിയാം. കിട്ടിയാൽ കിട്ടി പോയാൽ പോയി. ലാഭമുണ്ടാക്കണം എന്നാഗ്രഹിച്ചു തന്നെയാണ് എല്ലാവരും സിനിമ എടുക്കുന്നത്. ആർട്ടിസ്റ്റിന് തന്നെയാണ് ഇപ്പോഴും വില. അവരാണ് ഏറ്റവും വില കൂടിയ ഉത്പ്പന്നം. സെറ്റിൽ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കാം. ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാൻ കഴിയില്ല.”
”ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം ലഹരി ഉപയോഗിച്ച് ഒരാൾക്ക് പെർഫോം ചെയ്യാൻ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാൽ പോലും അഭിനയിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരു കുട്ടിക്കളിയല്ല, ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകൾ ഉണ്ടാകും, ഫൈറ്റ് സീൻ ഉണ്ടാകും.”

”ഇതിനൊക്കെ ലഹരി ഒരു സഹായ ഘടകമല്ല. നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നാണ് പരാതി ഉയർന്നത്. അവര് തന്നെ പ്രശ്‌നക്കാർ ആരാണെന്ന്. വെറുതെ ശൂന്യാകാശത്തേക്ക് വെടിവച്ചിട്ട് കാര്യമില്ല. പ്രശ്‌നക്കാരെ സിനിമയിലേക്ക് വിളിക്കാതിരുന്നാൽ പോരെ. അല്ലാതെ എല്ലാവരെയും പ്രതിസ്ഥാനത്ത് നിർത്തരുത്” എന്നാണ് ജോയ് മാത്യു പറയുന്നത്.


LATEST VIDEOS

Top News