സുനൈന-ദക്ഷിണേന്ത്യൻ സിനിമാനായികനിരയിലെ വെറുമൊരു താരം മാത്രമല്ല. മികച്ചൊരു അഭിനേത്രി കൂടിയാണ്. തെലുങ്കിൽ നിന്നും മലയാളം വഴി തമിഴിൽ നായികയായി എത്തിയ സുനൈന അവിടെ മികച്ച നായികാകഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് തന്റെ അഭിനയമികവ് കാഴ്ചവച്ചു. 'കാതലിൻ വിഴന്തേനി'ലെ മീരയും സീനുരാമസ്വാമിയുടെ 'നീർപറവൈ'യിലെ എസ്തർ എന്ന കഥാപാത്രവും മാത്രം മതി സുനൈനയുടെ അഭിനയപാടവത്തിനുള്ള സാക്ഷ്യപത്രം. 'റെജീന'യും സുനൈനയുടെ അഭിനയത്തിന് നിരൂപക പ്രശംസ നേടിക്കൊടുത്തു. താരജാടകളില്ലാതെ സുനൈന പറഞ്ഞുതുടങ്ങി.
സുനൈന വലിയ നായികാവേഷങ്ങളിൽ മാത്രമല്ലാതെ ചെറിയ നായികാ വേഷങ്ങളും ചെയ്യുമോ..?
സുനൈന: ഞാൻ വലിയ സിനിമ, ചെറിയ സിനിമ, ചെറിയ വേഷം ഇതൊന്നും നോക്കി അഭിനയിക്കാറില്ല. ബേസിക്കലി ഞാനൊരു സ്റ്റേജ് ആക്ടറസ്സാണ്. അതുകൊണ്ട് ഈ പടം എനിക്ക് ലൈഫ് തരും, ആ പടം എനിക്ക് ലൈഫ് തരും എന്നൊന്നും ചിന്തിക്കാറേയില്ല. ചെറുപ്പം മുതലേ ഡാൻസും ആക്ടിംഗുമായി എൻഗേജ്ഡ് ആയിരുന്നതുകൊണ്ട് അത്തരം ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. ആസ് ആൻ ആക്ടർ എല്ലാ സിനിമകളിലും വളരെയധികം എന്റെ കഥാപാത്രങ്ങളെ ആസ്വദിച്ച് അഭിനയിച്ചുവരുന്നു.
'കാതലിൻ വിഴുന്തേൻ' മുതൽ 'റെജീനാ' വരെയുള്ള സുനൈനയുടെ പ്രയാണം എങ്ങനെയുണ്ടായിരുന്നു?
ആർക്കും ആദ്യസിനിമയ്ക്കും ഏറ്റവും ഒടുവിൽ അഭിനയിക്കുന്ന സിനിമയ്ക്കും ഇടയിൽ ധാരാളം ഗ്രോത്ത് ഉണ്ടായിരിക്കും. എനിക്കും അതുപോലെ ധാരാളം ഗ്രോത്ത് ഉണ്ടായിട്ടുണ്ട്. ആക്ടിംഗ്, പെർഫോമിംഗ് എല്ലാറ്റിലും ആ മെച്യൂരിറ്റി കാണാം. ഞാനെപ്പോഴും, ഞാൻ ഇന്നാണ് ആദ്യമായി ഫീൽഡിലെ(സിനിമ)ത്തിയത് എന്ന ചിന്താഗതിയോടെയാണ് അഭിനയിക്കുന്നത്. അതുകൊണ്ട് റെജീനയ്ക്കുശേഷം അഭിനയത്തിന്റെ കാര്യത്തിൽ ഇനിയും വളരാനുണ്ട്.
ലോക്ക്ഡൗൺ സമയത്ത് ഭയങ്കര സ്‌ട്രെസ്സിലായിരുന്നു എന്നു പറഞ്ഞിരുന്നു... എങ്ങനെയാണ് അതിൽ നിന്നും മുക്തയായത്?
ലോക്ക്ഡൗണിനുശേഷമാണ് എനിക്ക് കൂടുതൽ മെച്യൂരിറ്റി ഉണ്ടായത്. ജീവിതത്തിൽ എന്താണ് പ്രധാനം എന്നതുതന്നെ അതിനുശേഷമാണ് മനസ്സിലായത്. ജീവിതത്തിൽ മറ്റെന്തിനേക്കാളും നമുക്ക് ചുറ്റുമുള്ള മനുഷ്യരാണ് വളരെ പ്രധാനം. അതുകൊണ്ട് തീർച്ചയായും എനിക്ക് സ്‌ട്രെസ് ഉണ്ടായരുന്നു. പക്ഷേ അത് ലേണിംഗ് എക്‌സ്പീരിയെൻസായിരുന്നു. അതുകൊണ്ട് അതിൽ നിന്നും ഈസിയായി പുറത്തുവരാൻ കഴിഞ്ഞു.
ഒരു സിനിമയോ കഥാപാത്രമോ മിസ് ചെയ്തതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. നമ്മുടെ ഈ യാത്രയിൽ നമുക്ക് കിട്ടേണ്ടത് തീർച്ചയായും കിട്ടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എനിക്ക് കിട്ടുന്ന നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തി, എന്നാൽ കഴിയുംവിധം നന്നായി അഭിനയിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ എന്നെന്നും പറയാൻ കഴിയുന്ന ഒരു നല്ല സിനിമ വരും എന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ കുടുംബത്തെക്കുറിച്ചും, നിങ്ങൾ എങ്ങനെയാണ് നടിയായത് എന്നും ഒന്ന് വിശദമാക്കാമോ?
ഞങ്ങളെല്ലാവരും(കുടുംബം) ഇന്ന് സുഖസൗകര്യങ്ങളോടെ ജീവിക്കുന്നു. എന്റെ അച്ഛൻ ഒരു കൊച്ചുഗ്രാമത്തിൽ ഒരു ബുദ്ധിമുട്ടുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ്. എന്റെ അമ്മ ഹൈദരാബാദിലെ ഒരു വലിയ കുടുംബത്തിൽ ജനിച്ചുവളർന്നവരാണ്. എന്റെ പാരന്റ്‌സിന്റേത് ലവ് മാര്യേജായിരുന്നു. വിവാഹശേഷം അച്ഛന്റെ ജീവിതത്തിൽ നല്ല വളർച്ചയുണ്ടായി. എന്റേത് ഒരു ആർട്ടിസ്റ്റിക് ലൈഫ് ആയിരിക്കണം എന്ന് അമ്മയും അച്ഛനും ആഗ്രഹിച്ചു. ഒരു കലാകാരിയാവാൻ അവർ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടാണ് അവർ എന്നെ സിനിമാരംഗത്തേയ്ക്ക് കൊണ്ടുവന്നത്. എനിക്ക് ഒരു ചേട്ടനും ചേച്ചിയുമുണ്ട്. ഞാനാണ് ഏറ്റവും ഇളയത്. വി.ആർ ഫ്രം വെരി സിംപിൾ ബാക്ക്ഗ്രൗണ്ട്. സോ വീ ആർ സിംപിൾ പേർസൻസ്.
നയൻതാരയെപ്പോലെ തൃഷയെപ്പോലെ ഉന്നതങ്ങളിൽ എത്തേണ്ടിയിരുന്ന നിങ്ങൾക്ക് അങ്ങനെയാവാൻ കഴിയാതെ പോയത് പ്രണയബന്ധം കാരണമായിരുന്നു എന്നുപറയുന്നുണ്ടല്ലോ?
അങ്ങനെയൊന്നുമില്ല. ഞാൻ അങ്ങനെ കരുതുന്നുമില്ല. ടോപ് സ്റ്റാറാവണം എന്ന ഒരു ഗോളും വെച്ചിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കണമെന്നതുകൊണ്ട് എന്നെ തേടിയെത്തിയ ഒരുപാട് ഓഫറുകൾ ഞാൻ നിരസിച്ചിട്ടുണ്ട്. കുറെ ഹീറോസ് വർഷങ്ങൾ ഇടവിട്ടൊക്കെ വളരെ റിലാക്‌സ്ഡായി ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്നു. അതുപോലെ ഹീറോയിൻസിനും ആയിക്കൂടെ? അതാണ് ഞാൻ ചെയ്യുന്നത്. വർഷത്തിൽ ഒരു സിനിമ ചെയ്താലും അത് ഞാൻ ആസ്വദിച്ച് ചെയ്യുന്നു.
ലൈഫിലും ഞാൻ നല്ല പൊസിഷനിൽ തന്നെയാണ്. അതുകൊണ്ട് ആരാധകരോടുള്ള എന്റെ റിക്വസ്റ്റ് നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെട്ടുവെങ്കിൽ അവർ വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്താലും അവരെ സപ്പോർട്ട് ചെയ്യുക എന്നാണ്. ഇപ്പോൾ ഞാൻ അഭിനയിച്ച രണ്ട് സിനിമകളും ഒരു വെബ് സീരീസും റിലീസിന് തയ്യാറായിക്കൊണ്ടിരിക്കയാണ്. നല്ല സിനിമയുടെ ഭാഗമായി നല്ല നടിയായി സിനിമയിൽ തുടരണം അതുമാത്രമാണ് എന്റെ ആഗ്രഹം.
മലയാളത്തിൽ 'ബെസ്റ്റ് ഫ്രണ്ട്‌സ്' എന്ന സിനിമയ്ക്കുശേഷം പിന്നെ ഇവിടെ കണ്ടില്ലല്ലോ?
നല്ല കഥാപാത്രങ്ങൾ ഒന്നും എന്നെ തേടി വന്നില്ല. മലയാളത്തിൽ ഇനി ഒരു സിനിമ ചെയ്യുകയാണങ്കിൽ അത്രയും പെർഫോമൻസ് ഓറിയന്റഡായ ഒരു പടം ചെയ്യണം. അതിനുള്ള കാത്തിരിപ്പിലാണ്. മലയാളത്തിൽ നിന്നും അത്തരം ഒരു കഥാപാത്രം കിട്ടിയാൽ എത്ര തിരക്കുണ്ടെങ്കിലും ഓടിയെത്തും.