കേട്ടതൊന്നും ശരിയായിരിക്കരുതേ.. മലയാള സിനിമയെ സ്നേഹിക്കുന്ന പലരും ഇക്കഴിഞ്ഞ നാളുകളില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അനുരണനങ്ങളെന്നോണം നാള്‍ക്കുനാള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അത്രകണ്ട് ഞെട്ടിക്കുന്നതാണ്. ഒരു തൊഴിലിടത്തില്‍ സ്ത്രീസമൂഹം ഇത്രയധികം അതിക്രമങ്ങള്‍ നേരിടുന്നുണ്ട് എന്നത് ഏതൊരു മനുഷ്യനെയാണ് ഞെട്ടിക്കാത്തത്! ഇവിടെ ഇരകളായി നില്‍ക്കുന്നത് ന്യൂനപക്ഷ സ്ത്രീകളാണ്. അവര്‍ പരിഗണനയും നീതിയും അര്‍ഹിക്കുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അതേസമയം, മറുഭാഗത്ത് വേട്ടക്കാരുടെ റോളില്‍ നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരങ്ങളും. ഒരു കാലഘട്ടത്തെ തന്നെ ചലിപ്പിച്ച വെള്ളിത്തിരയിലെ മായാപ്രകടനം കൊണ്ട് നമ്മെ ആവേശഭരിതരാക്കിയ നടന്മാരും സംവിധായകനുമൊക്കെ വില്ലന്‍മാരുടെ റോളില്‍ നില്‍ക്കുമ്പോള്‍ പലരും ആശങ്കയിലാണ്. ഇരയ്ക്കൊപ്പം നില്‍ക്കണോ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണോ എന്ന ചിന്തപോലും ചിലരുടെ മനസ്സില്‍ ഉരുത്തിരിഞ്ഞിട്ടുണ്ടാകാം.
ഇരയും വേട്ടക്കാരനും ആരുവേണമെങ്കിലും ആയിക്കൊള്ളട്ടെ. ഇരയ്ക്ക് തന്നെയാണ് നീതി ലഭിക്കേണ്ടത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ ആശങ്കകളും ദുരൂഹതകളും ഏറെയാണ്. ഇവിടെ ഇരകളായി സ്വയം അവരോധിക്കുന്നവര്‍ എല്ലാവരും വാസ്തവത്തില്‍ ഇരകളാണോ എന്നതാണ് സംശയം. സിനിമാരംഗത്ത് ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള കൊള്ളരുതായ്മകള്‍ കാലാകാലങ്ങളില്‍ നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇവിടെ ലേഖകന്‍ ഒരു കൊള്ളരുതായ്മയെ സാമാന്യവല്‍ക്കരിക്കുകയല്ല മറിച്ച് സാമൂഹ്യയാഥാര്‍ത്ഥ്യം തുറന്നുപറയുകയാണെന്ന് മാത്രം.
യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളുകളിലേക്ക് ഇറങ്ങിച്ചെന്നാല്‍ പല ബന്ധങ്ങളും ഉഭയകക്ഷി സമ്മതപ്രകാരം നടന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഇടപാടുകളാണ് എന്ന് ബോധ്യമാകും. ഇരുകൂട്ടരും സഹവര്‍ത്തിത്തത്തോടെ മുന്നോട്ടുപോകുമ്പോഴും, കാംക്ഷിക്കുന്നതെല്ലാം മറുഭാഗത്ത് പ്രാപ്യമാകുമ്പോഴും ആര്‍ക്കും ഒരു പരാതിയുമുണ്ടാകില്ല. മറിച്ചൊരുനാള്‍ വരുന്ന പക്ഷം ഒരു ഭാഗം ഇരയുടെ റോളിലേക്ക് മാറുന്നു. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്.
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയായി രംഗത്തുവന്ന എല്ലാവരും അത്തരക്കാരാണ് എന്ന അഭിപ്രായം ആര്‍ക്കുമുണ്ടാകാന്‍ തരമില്ല. എന്നാല്‍ ചിലരുടെ, മാത്രം വെളിപ്പെടുത്തലുകളും അതിനുള്ളിലെ പൊരുത്തക്കേടുകളും ചേര്‍ത്തുവായിക്കുമ്പോള്‍ എവിടെയോ എന്തോ കല്ലുകടിയില്ലേ എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ തെറ്റുപറയാന്‍ സാധിക്കില്ല.
ഉദാഹരണമായി നടന്‍ സിദ്ദിഖിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം, വാസ്തവത്തില്‍ ഇതേ ഇര ഏതാനും കൊല്ലങ്ങള്‍ക്ക് മുന്നേ ഇതേ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും അന്ന് ചീറ്റിപ്പോവുകയാണുണ്ടായത്. എന്നാലിക്കുറി ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ഇര വീണ്ടും രംഗത്തുവരുമ്പോള്‍ അതില്‍ അസ്വാഭാവികത കാണേണ്ടതില്ല. എന്നാല്‍ അവര്‍ ആദ്യഘട്ടത്തില്‍ തന്നെ നിയമനടപടി സ്വീകരിക്കാതിരുന്നതെന്തേ എന്ന ചോദ്യം ബാക്കിയാണ്. ഭയമായിരുന്നു അല്ലെങ്കില്‍ ഒറ്റപ്പെടുമെന്ന ചിന്ത അലട്ടി എന്നതൊക്കെ ഒരു സാങ്കേതിക വാദമായി അംഗീകരിക്കാമെങ്കിലും അവര്‍ വാസ്തവത്തില്‍ ചെയ്തത് വലിയ അനീതിയാണ് എന്നുതന്നെ വിലയിരുത്തേണ്ടി വരും.
ഒരുപക്ഷേ പ്രസ്തുത ഇര അന്നുതന്നെ നിയമനടപടി കൈക്കൊണ്ടിരുന്നെങ്കില്‍ മറ്റുപലരും സമാനസാഹചര്യത്തില്‍ ഇടപെടില്ലായിരുന്നു എന്ന വകതിരിവ് അവര്‍ക്കില്ലാതെ പോയി എന്നതാണ് ഇവിടെ ആശങ്ക സൃഷ്ടിക്കുന്നത്. ഏതായാലും വൈകിയ വേളയില്‍ അവര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഈ സാഹചര്യത്തിലാണ് ചില മറുചിന്തകള്‍ സ്വാഭാവികമായും ഉയരുന്നത്. പീഡനം എന്നത് ഒരു യാഥാര്‍ത്ഥ്യമാണോ? അതോ ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കൊടുക്കല്‍ വാങ്ങല്‍ ആണോ? അതോ ഇരയുടെ പരിവേഷമണിഞ്ഞുകൊണ്ട് സാമ്പത്തിക നേട്ടമാണോ തല്‍പ്പരകക്ഷി ലക്ഷ്യമിടുന്നത് എന്നതൊക്കെയാണ് മറുചിന്തകള്‍. ഇനി അഥവാ അവര്‍ പറയുന്നത് വാസ്തവമാണെങ്കില്‍ അവര്‍ക്ക് നീതി ലഭിക്കുക തന്നെ വേണം. ഒരുവേള വാസ്തവം അതല്ല എങ്കില്‍ വേട്ടക്കാരന്‍റെ റോളില്‍ നില്‍ക്കുന്ന വ്യക്തിക്ക് നഷ്ടമായ മാനം ആര് തിരികെ നല്‍കും? അയാളുടെ കരിയറില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഡാമേജ് എങ്ങനെ നികത്തപ്പെടും? ഈ ചോദ്യങ്ങള്‍ക്കും ഉത്തരം വേണ്ടതുണ്ട്.
നടന്‍ സിദ്ദിഖിന്‍റെ കാര്യത്തില്‍ മാത്രമല്ല മറ്റുചിലര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ ചില പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കും. തൊടുപുഴയിലെ ലൊക്കേഷനിലേക്ക് ഭര്‍ത്താവ് ട്രെയിന്‍ കയറ്റിവിട്ടു എന്ന വാദം(മറ്റൊരു ഇരയുടെ) ഒരുദാഹരണം. തൊടുപുഴയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ഇല്ലെന്നിരിക്കെ ഇതെങ്ങനെ വിശ്വസിക്കാം എന്ന ചോദ്യം ഇവിടെ പ്രസക്തം. ഇനി സമീപജില്ലയിലെ ഏതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങി ഇതര മാര്‍ഗ്ഗങ്ങളിലൂടെ യാത്ര ചെയ്തെന്ന് കരുതിയാലും പൊരുത്തക്കേടുകള്‍ പിന്നെയും ബാക്കി.
ഒരു സ്ത്രീ മറ്റെന്തിനേക്കാളും വിലമതിക്കുന്നത് അവളുടെ മാനമാണ്. അത് ഹനിച്ച ഒരാളോട് ഏതൊരു സാഹചര്യത്തിലും കോംപര്‍മൈസ് ചെയ്യാന്‍ സാമാന്യയുക്തിയും ബോധവുമുള്ള ഒരു പെണ്ണിനും സാധിക്കില്ല. ഇവിടെ ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന നാളുകള്‍ക്ക് ശേഷവും ഇരയും വേട്ടക്കാരനും പല വേദികളും പങ്കിടുകയും സൗഹൃദങ്ങള്‍ തുടരുകയും ചെയ്തതായി ഡിജിറ്റല്‍ തെളിവുകള്‍ പോലും ശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി സമ്മതപ്രകാരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറമുള്ള ചെളിവാരി ഏറിയില്‍ തിയറിക്ക് ബലം ഏറുന്നത്(കൊടുക്കല്‍ വാങ്ങല്‍ അല്ലെങ്കില്‍ കയ്യേറ്റം നടന്നോ എന്നതും ഉറപ്പുള്ള കാര്യമല്ല).
അതേസമയം, തങ്ങളുടെ വാദം സാധൂകരിക്കാന്‍ വേണ്ടി മറുപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളിലും പൊരുത്തക്കേടുകള്‍ ധാരാളം. ആരോപണം ഉന്നയിക്കുന്ന സ്ത്രീ 2009 ല്‍ തനിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു എന്ന നടന്‍ മുകേഷിന്‍റെ വാദം ഇവിടെ ഉദാഹരിക്കാം. ഇതിലെ യുക്തി ചോദ്യം ചെയ്യപ്പെട്ടതോടെ ലാപ്ടോപ്പില്‍ സന്ദേശം അയച്ചെന്ന് മുകേഷ് മാറ്റിപ്പറഞ്ഞു. ഇതുപോലെയാണ് പലര്‍ക്കെതിരെയുമുള്ള ആരോപണങ്ങളും. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലും പ്രതിരോധ വാദങ്ങളിലുമൊക്കെ പൊരുത്തക്കേടുകള്‍ നിരവധി. അതേസമയം, മണ്‍മറഞ്ഞ മാമുക്കോയയെ പോലുള്ള കലാകാരന്മാരെ വീണ്ടും ഇരുട്ടില്‍ നിര്‍ത്തേണ്ട കാര്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. അദ്ദേഹം മരണപ്പെട്ട സാഹചര്യത്തില്‍ ഒരിക്കലും മറുവാദം ആരും കേള്‍ക്കാന്‍ പോകുന്നില്ല. ഇത് വല്ലാത്തൊരു നിസ്സഹായ അവസ്ഥയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മകന്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ പോലീസിനെ സമീപിച്ചത്.
ഇവിടെ ഏതാണ് സത്യം, ഏതാണ് കള്ളം എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേറെയാണ്. ഒരുപക്ഷേ ഇപ്പോള്‍ വേട്ടക്കാരുടെ റോളില്‍ നില്‍ക്കുന്നവരെ തേടിയെത്തിയത് തങ്ങളുടെ മുന്‍കാല ചെയ്തികള്‍ക്കുള്ള തിരിച്ചടി എന്ന കാവ്യനീതി ആയിരിക്കുമോ? അറിയില്ല. അതോ ചെയ്യാത്ത കുറ്റത്തിന് ഇരപ്പെടാനുള്ള വിധിയാണോ അവരെ തേടിയെത്തിയിരിക്കുന്നത്? വാസ്തവം ദൈവത്തിനറിയാം. ഏതായാലും ഇവിടെ വിഗ്രഹങ്ങള്‍ ഉടഞ്ഞുകഴിഞ്ഞു. ഇനിയും ഉടയുമെന്ന സൂചനകള്‍ മാത്രം ബാക്കി. ആത്യന്തികമായി സിനിമയ്ക്ക് നല്ലത് സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.