NEWS

ദിലീപേട്ടൻ തിരിച്ചെത്തുന്നതിൽ സന്തോഷം കലാഭവൻ ഷാജോൺ

News

സംവിധായകൻ കഥ പറയുമ്പോൾ തന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളിലൂടെ സഞ്ചരിക്കുന്ന കലാഭവൻ ഷാജോൺ വ്യത്യസ്തമായ വഴികളിലൂടെ സ്വന്തം കഥാപാത്രത്തെ കൈ പിടിച്ചുയർത്തുന്നു. അഭിനയത്തിന്റെ തിരക്കുകൾക്കിടയിലും പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയ കലാഭവൻ ഷാജോൺ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

അട്ടപ്പാടിയിൽ ചിത്രീകരണം നടന്ന രാജ്ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കലാഭവൻ ഷാജോണിനെ കണ്ടത്. കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരുന്ന കലാഭവൻ ഷാജോൺ സംസാരിക്കുകയാണ്.

ചാട്ടുളിയിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ...?
അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയ്ക്ക് ശിവദാസൻ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. വർഷങ്ങൾക്കുശേഷമാണ് രാജ്ബാബു സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിലെ കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്.

ദിലീപ് നായകനായ അധോലോകത്തിന്റെ കഥ പറയുന്ന ബാന്ധ്രയിൽ ഷാജോണിന് ശ്രദ്ധേയമായ വേഷമാണോ?
തീർച്ചയായും, ദിലീപേട്ടന്റെ ആത്മസുഹൃത്തായ മുച്ചി എന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. നല്ല ശ്രദ്ധേയമായ കഥാപാത്രമാണ്. ബോംബെയിലായിരുന്നു ചിത്രീകരണം. ബോംബെയിൽ നടക്കുന്ന കഥയിൽ ഗ്യാംഗ് വാറും, ആക്ഷനുമുണ്ട്. ഹിന്ദി നടന്മാരും അഭിനയിക്കുന്നുണ്ട്.

ഒരിടവേളയ്ക്കുശേഷം ദിലീപ് സിനിമയിൽ തിരിച്ചെത്തുമ്പോൾ അടുത്ത സുഹൃത്തെന്ന നിലയിൽ എന്ത് തോന്നുന്നു...?

ദിലീപേട്ടൻ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. ഇപ്പോൾ നടൻ വിനീത്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപേട്ടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നു.  ദിലീപേട്ടൻ ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം. ഓണത്തിനും, ക്രിസ്തുമസ്സിനും ദിലീപിന്റെ പടങ്ങൾ മിസ് ചെയ്യുന്നുവെന്ന് ഒരുപാട് സ്ത്രീകൾ വിഷമത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. സീനിയറായ മിമിക്രി ആർട്ടിസ്റ്റ് കൂടിയായ ദിലീപേട്ടൻ എനിക്ക് കോ- ആക്റ്റർ മാത്രമല്ല ജ്യേഷ്ഠസഹോദരൻ കൂടിയാണ്. ഒരുപാട് മിമിക്രിക്കാരെ സിനിമയിലേക്ക് കൈപിടിച്ചുയർത്താൻ ദിലീപേട്ടൻ എന്നും മുന്നിലുണ്ടായിട്ടുണ്ട്. ദിലീപേട്ടന്റെ കൂടെ മൈ ബോസ്സിൽ അഭിനയിച്ചത് എനിക്കൊരു ബ്രേക്കായിരുന്നു. ദിലീപേട്ടന്റെ സിനിമകളിൽ അഭിനയിക്കാൻ ഞാനൊരിക്കലും ചാൻസ് ചോദിച്ചിട്ടില്ല. രാമലീലയിലാണെങ്കിലും, പുതിയ ചിത്രമായ ബാന്ധ്രയിലാണെങ്കിലും ദിലീപേട്ടൻ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കുമ്പോഴുള്ള കെമിസ്ട്രി പ്രേക്ഷകർക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ദിലീപേട്ടന്റെ തിരിച്ചുവരവ് പ്രേക്ഷകർക്കും ഏറെ  സന്തോഷമുണ്ടാക്കുന്നുണ്ട്,

ഷാജോൺ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യാൻ പോവുന്ന പുതിയ സിനിമയെക്കുറിച്ച്...?

പുതിയ സിനിമയുടെ സ്‌ക്രിപ്റ്റ് പൂർത്തിയായി. ഇനി, ആർട്ടിസ്റ്റുകളിലേക്ക് നീങ്ങുകയാണ്. ഫാമിലി സബ്ജക്ടാണ്. പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഇപ്പോൾ അഭിനയിക്കുന്ന സിനിമകളുടെ  തിരക്ക് കഴിഞ്ഞാൽ എന്റെ പുതിയ സിനിമകളുടെ വർക്ക് തുടങ്ങും.

പുതിയ സംവിധായകരുടെ സിനിമകളിൽ ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടല്ലോ...?
അതെ, പുതിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. ചെറിയൊരു കഥാതന്തുവിൽ നിന്നും പുതിയ കാഴ്ചപ്പാടോടെ സിനിമയെടുക്കാൻ യുവസംവിധായകർക്ക് കഴിയുന്നുണ്ട്.
ഒരുപാട് ട്വിസ്റ്റുകളിലൂടെ ഞെട്ടിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ സൃഷ്ടിക്കാൻ പുതിയ സംവിധായകർക്ക് കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.

ഷാജോൺ അഭിനയിക്കുന്ന പുതിയ സിനിമകളെക്കുറിച്ച്...?

ഇതുവരെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണശാലയുമായി ബന്ധപ്പെട്ടതാണ്. വിക്രമൻ നായർ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് പുതിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള സമരത്തിൽ വിക്രമൻനായരും കുടുംബവും മുന്നിൽ നിന്ന് പ്രതിഷേധിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമയുടെ ഷൂട്ടിംഗ് ബ്രഹ്മപുരത്ത് മാർച്ച് ഒന്നിനാണ് തുടങ്ങിയത്. രണ്ടാം തീയതി മാലിന്യ സംസ്‌ക്കരണ ശാല കത്തുകയും ചെയ്തു. നേരത്തെയും ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കത്തലും കെടുത്തലുമൊക്കെ നിരന്തരം നടന്നിട്ടുണ്ട്. ഇപ്പോഴത്തെ കത്തൽ കൊച്ചിയിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചപ്പോഴാണ് വൻ വാർത്താപ്രാധാന്യം നേടിയത്.

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ടയേർഡ് എസ്.ഐ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ രാമചന്ദ്രനായാണ് അഭിനയിക്കുന്നത്. നല്ലൊരു കഥാപാത്രമാണ്. പോലീസിൽ നിന്നും റിട്ടയർ ചെയ്ത രാമചന്ദ്രന്റെ മാനസിക വിചാരങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്റെ ചാച്ചൻ പോലീസിലായിരുന്നു. മുപ്പതോ, മുപ്പത്തിയഞ്ചോ വർഷത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത് കഴിഞ്ഞപ്പോൾ ഒന്നും ചെയ്യാനില്ലാതെയുള്ള ചാച്ചന്റെ മാനസികാവസ്ഥ ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ രാമചന്ദ്രനെന്ന കഥാപാത്രമായി ഇഴുകിച്ചേരാനും എനിക്ക് കഴിയുന്നുണ്ട്.കൈപ്പോളയാണ് മറ്റൊരു ചിത്രം. ക്രിക്കറ്റ് കോച്ചായാണ് അഭിനയിക്കുന്നത്. 

 


LATEST VIDEOS

Top News