NEWS

താരങ്ങൾ അണിനിരക്കാതെ പരാജയമായ 'കലൈഞ്ജർ-100' സിനിമാ ഫങ്ക്ഷൻ....

News

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് തമിഴ് സിനിമാലോകം കഴിഞ്ഞ  ജനുവരി-6ന്  ചെന്നൈയിലെ കിണ്ടി റേസ്‌കോഴ്‌സ് മൈതാനത്തിൽ `കലൈഞ്ജർ-100' എന്ന പേരിൽ ഗംഭീരമായ കലാപരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിക്ക താരങ്ങളും പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ സിനിമാ താരങ്ങളും, സാങ്കേതിക പ്രവർത്തകരും ഈ പരിപാടിക്ക് വരാത്തതിനാൽ ഈ പരിപാടി പരാജയമായാണ് കലാശിച്ചത് എന്ന് പറയാം. ഇത്രയും വലിയ ഒരു മൈതാനത്തിൽ അവിടെയും ഇവിടെയുമായി കുറച്ചു പ്രേക്ഷകർ മാത്രമേ പങ്കെടുത്തുള്ളൂ. അതേ സമയം   നായകൻമാരായ രജനികാന്ത്, കമൽഹസ്സൻ, സൂര്യ, ധനുഷ്, 'ജയം' രവി എന്നിവരെ കൂടാതെ മറ്റുള്ള വലിയ നടന്മാരാരും ചടങ്ങിൽ പങ്കെടുത്തില്ല. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ നിന്നുള്ള മുൻനിര താരങ്ങളെയും ക്ഷണിച്ചിരുന്നെങ്കിലും കന്നഡ നടൻ ശിവരാജ് കുമാറൊഴികെ ആരും പരിപാടിക്ക് എത്തിയില്ല. ഈ പരിപാടി സംബന്ധമായി നൽകിയിരുന്ന പത്ര പരസ്യങ്ങളിൽ മലയാളി താരങ്ങളായ മമ്മുട്ടി, മോഹൻലാൽ എന്നിവർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരും ഈ പരിപാടിയിൽ പങ്കെടുത്തില്ല. തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകരായ എ.ആർ.റഹ്മാൻ, ഇളയരാജ എന്നിവരും ഹാജരായിരുന്നില്ല. 
 തമിഴ് സിനിമയിലെ 23 സംഘടനകൾ ഒന്ന് ചേർന്നാണ് ഈ പരിപാടി അവതരിപ്പിച്ചത്. എന്നാൽ   വേണ്ടത്ര പ്ലാനിങ്ങില്ലാതെ പ്രവർത്തിച്ചതിനാലാണ്  പരിപാടി പരാജയമായത് എന്നാണ് പറയപ്പെടുന്നത്.  അതിനുപുറമെ, പരിപാടിയുടെ ഇടയിൽ ഇടയ്ക്കിടെയുള്ള ഇടവേളകൾ, അടുത്ത അജണ്ട എന്താണെന്ന ആശയക്കുഴപ്പം, മൈക്ക് തകരാർ, തുടങ്ങി നിരവധി അപാകതകൾ ഉണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരം ബാറ്ററി കാറിൽ കയറ്റിയാണ് പ്രധാന ആളുകളെ അരങ്ങിലെത്തിച്ചത്. മറ്റുള്ളവർ  ഒരു കിലോമീറ്റർ ദൂരത്തോളം കാൽനടയായാണ് അരങ്ങിനുള്ളിലെത്തിയത്.  
   സാധാരണയായി രജനികാന്ത്  സംസാരിക്കുമ്പോൾ വേദി ഒന്നാകെ പ്രകമ്പനം കൊള്ളുന്ന തരത്തിൽ ആരാധകർ ആർപ്പുവിളിക്കും. എന്നാൽ ഇത്തവണ രജനി സംസാരിച്ചപ്പോൾ തികഞ്ഞ നിശബ്ദതയായിരുന്നു. അത്രത്തോളം കുറവായിരുന്നു ആരാധകർ. കമൽഹാസൻ സംസാരിക്കുമ്പോഴും  ഒരു ചലനവും ഉണ്ടായില്ല.  പല മുൻനിര നടന്മാരും, നടിമാരും ഷോ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അതിൽ  വിജയ്, അജിത്, വിക്രം, വിശാൽ, ചിമ്പു, പ്രഭു, വിക്രം പ്രഭു, ആര്യ, വിജയ് സേതുപതി തുടങ്ങിയ മുൻനിര താരങ്ങളും ഖുശ്ബു, രാധിക, സുഹാസിനി, തൃഷ, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് പ്രധാനികൾ. ഇത് അവരുടെ ആരാധകരെ നിരാശരാക്കി. നടിമാരായ ലക്ഷ്മി മേനോൻ, സായിഷ തുടങ്ങിയവരുടെ നൃത്തങ്ങൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഉണ്ടായിരുന്നു. എന്നാൽ  മറ്റുള്ള കലാപരിപാടികളെല്ലാം വളരെ മോശമായിരുന്നു. മൊത്തത്തിൽ 'കലൈഞ്ജർ-100' ഷോ പരാജയമായാണ് കലാശിച്ചത്.


LATEST VIDEOS

Top News