മലയാളത്തിലും, തമിഴിലുമായി ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാളിദാസ് ജയറാം വീണ്ടും കമൽഹാസനൊപ്പം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആ ചിത്രം തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ഷങ്കർ ഒരുക്കി വരുന്ന 'ഇന്ത്യൻ-2' ആണ്. കമൽഹാസൻ, കാജൽ അഗർവാൾ, ഗുൽഷൻ ഗ്രോവർ, സിദ്ധാർഥ്, റഹുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ കാളിദാസ് ജയറാം ഇപ്പോഴാണ് ജോയിൻ ചെയ്തിരിക്കുന്നത്. തായ്‌ലൻഡിൽ നടന്നു വരുന്ന സിനിമയുടെ ചിത്രീകരണത്തിൽ സംവിധായകൻ ഷങ്കറിനൊപ്പം എടുത്ത ഒരു ഫോട്ടോ മുഖേനയാണ് 'ഇന്ത്യൻ-2'വിൽ താൻ അഭിനയിക്കുന്ന വിവരം കാളിദാസ് ജയറാം പുറത്തു വിട്ടിരിക്കുന്നത്.
ലോഗേഷ് കനഗരാജ് സംവിധാനം ചെയ്തു സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'വിക്രം' എന്ന സിനിമയിൽ കമല്‍ഹാസന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തിൽ അഭിനയിച്ച കാളിദാസ് ജയറാം ഇപ്പോൾ വീണ്ടും കമൽഹാസനോടൊപ്പം ചേർന്നിരിക്കുകയാണ്. 'വിക്രം'-മിൽ ഒരു ചെറിയ റോളിലാണ് കാളിദാസ് ജയറാം അഭിനയിച്ചിരുന്നതെങ്കിലും ആ കഥാപാത്രം ചിത്രത്തിന്റെ കഥയിൽ പ്രധാനപ്പെട്ടതായിരുന്നു. അതുപോലെയുള്ള ഒരു കഥാപാത്രത്തിൽ തന്നെയാണത്രെ 'ഇന്ത്യൻ-2'വിലും കാളിദാസ് ജയറാം കമൽഹാസനോടൊപ്പം അഭിനയിക്കുന്നത്.