തെലുങ്കിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി, ഒരു പാൻ ഇന്ത്യൻ സിനിമയായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസ് നായകനാകുന്ന ഈ ചിത്രത്തിൽ കമൽഹാസൻ വില്ലനായിട്ടാണ് എത്തുന്നത് എന്ന റിപ്പോർട്ടുണ്ട്. ഇവരെ കൂടാതെ ദിഷാ പതാനി, അമിതാബ് ബച്ചൻ, ദീപികാ പദുകോൺ തുടങ്ങിയ സൂപ്പർ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം ജൂൺ 27-ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ ബിസിനസ്സ് കാര്യങ്ങൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് കോളിവുഡിൽ ഈ ചിത്രത്തിന്റെ ബിസിനസ് കുറിച്ചു ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ സിനിമാ വിതരണക്കാർ 'കൽക്കി 2898 AD'യുടെ നിർമ്മാതാക്കൾ പറഞ്ഞ വിലയ്ക്ക് ചിത്രം വിതരണത്തിനായി എടുക്കാൻ മുന്നോട്ടു വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടിൽ വമ്പൻ സിനിമകൾ വിതരണത്തിനെടുക്കുന്ന ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയൻ്റ്' മൂവീസ് ചിത്രത്തിന് പത്തു കോടിയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നാണത്രെ പറഞ്ഞത്! ഈ ചിത്രത്തിൽ കമൽഹാസൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രഭാസിന്റെ ഈയിടെ പുറത്തുവന്ന ചിത്രങ്ങൾ എല്ലാം വൻ പരാജയമായിരുന്നു എന്ന കാരണത്തിനാലും, 'കൽക്കി 2898 AD' തമിഴ്നാട്ടിലുള്ള സിനിമാ ആരാധകർക്കിടയിൽ പറയത്തക്ക പ്രതീക്ഷയൊന്നും ഉണ്ടാക്കിയിട്ടില്ല എന്നതുകൊണ്ടുമാണത്രെ ചിത്രം വലിയ വിലക്ക് വിതരണത്തിനെടുക്കാൻ എല്ലാവരും മടിക്കുന്നത്. ഇതിനെ തുടർന്ന് തെലുങ്ക് സിനിമാ നിർമ്മാതാവായ 'തിരുപ്പതി' പ്രസാദ് ആണത്രേ ഏകദേശം 20 കോടിക്ക് ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം വാങ്ങിയിരിക്കുന്നത്. എന്നാൽ ചിത്രം ഓരോ ജില്ലകളിലായി വിതരണം ചെയ്യുവാൻ അവിടെയുള്ള വിതരണക്കാരുമായി സംസാരിച്ചപ്പോൾ അതിനും തിരിച്ചടിയാണത്രെ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അതിനാൽ വളരെ നിരാശനായ തിരുപ്പതി പ്രസാദ് തമിഴ്നാട്ടിൽ 'കൽക്കി 2898 AD'യെ എങ്ങിനെ വിതരണം ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുകയാണത്രെ! ഇത്രയും വലിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വിതരണത്തിനെടുക്കാൻ ആരും താല്പര്യം കാണിക്കാത്ത കാര്യം കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമാണ്.