പ്രണവ് എന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് ചോദിക്കല്ലെയെന്ന് പറഞ്ഞ് കൈ കൂപ്പുകയായിരുന്നു കല്യാണി
കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളും ആരാധകർ ഏറ്റെടുത്തിരുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ ജോടിയായതോടെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ ഏറെ ചര്‍ച്ചയായിരുന്നു.
കല്യാണിയുടെ പുതിയ ചിത്രം 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ 17നാണ് തിയേറ്ററുകളിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഭാഗമായി നടന്ന പ്രമോഷൻ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കല്യാണി അഭിമുഖത്തില്‍ പറയുന്നു. പ്രണവ് എന്ന് പേര് പറഞ്ഞപ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് ചോദിക്കല്ലെയെന്ന് പറഞ്ഞ് കൈ കൂപ്പുകയായിരുന്നു കല്യാണിയുടെ മറുപടി .
‘കല്യാണിയെ കാണുമ്പോള്‍ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങള്‍ ആയിരിക്കും അച്ഛന്‍, അമ്മ, പ്രണവ്..’ എന്ന് അവതാരക പറഞ്ഞപ്പോള്‍ തന്നെ കൈകൂപ്പികൊണ്ട് പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തുവെന്ന് കല്യാണി തമാശ രൂപേണ ചിരിച്ചുകൊണ്ട് പറയുകയായിരുന്നു.
മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫുട്ബാള്‍ കമന്റേറ്ററായാണ് കല്യാണി ‘ശേഷം മൈക്കില്‍ ഫാത്തിമ’ ചിത്രത്തിലെത്തുന്നത്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.