'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ സ്റ്റണ്ട് മാസ്റ്റർമാരായ അൻബു -അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നതെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ഒരു ആക്ഷൻ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ ;'രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണ്.
ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും, 'തഗ് ലൈഫ്' വൻ പരാജയമായതിനാൽ കമൽഹാസൻ ചിത്രത്തിന്റെ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതേ സമയം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓഗസ്റ്റിൽ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കാൻ മലയാള നടി കല്യാണി പ്രിയദർശൻ കരാറിൽ ഒപ്പുവച്ചു എന്നുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്.
തമിഴിൽ 'ഹീറോ' എന്ന ചിത്രത്തിൽ ശിവകർത്തികേയനൊപ്പം അഭിനയിച്ച കല്യാണി പ്രിയദർശൻ പിന്നീട് സിമ്പുവിനൊപ്പം 'മാനാട്' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. രവി മോഹൻ (ജയം രവി) നായകനാകുന്ന 'ജീനി' കാർത്തി നായകനാകുന്ന 'മാർഷൽ' എന്നീ ചിത്രങ്ങളാണ് കല്യാണി പ്രിയദർശൻ ഇപ്പോൾ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകൾ. വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് അഭിനയിച്ചുവരുന്ന കല്യാണി പ്രിയദർശൻ കമൽഹാസന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്ന വാർത്ത കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.