ഞാൻ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചുതുടങ്ങിയ കാലം മുതൽ സിനിമാപ്രസിദ്ധീകരണങ്ങൾ പലതും വായിക്കാറുണ്ടായിരുന്നു. നാന, സിനിമാമാസിക, ചിത്രരമ, ചിത്രപൗർണ്ണമി തുടങ്ങിയവയായിരുന്നു അക്കാലത്തെ സിനിമാപ്രസിദ്ധീകരണങ്ങൾ. ഇവയിൽ ശ്രദ്ധേയമായ സിനിമാപ്രസിദ്ധീകരണമായി മാറിയത് 'നാന'യാണ്.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടായിരുന്നു. 'നാന'യുടെ മുൻപോട്ടുള്ള യാത്ര. നല്ല ഫീച്ചറുകൾ, പുതുമയുള്ള പംക്തികൾ, നല്ല നല്ല ഫോട്ടോസ്.. ഇങ്ങനെ വായനക്കാരെ ആകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ 'നാന'യ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 'നാന'യുടെ പതിവുവായനക്കാരനായിരുന്നു ഞാൻ. സിനിമയെക്കുറിച്ചുള്ള സമഗ്രമായ വിവരണം അറിയണമെങ്കിൽ അതിന് 'നാന' തന്നെ വായിക്കണമായിരുന്നു.
ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ 'നാന'യുടെ പ്രവർത്തകരുമായി ഒരടുപ്പമുണ്ടായിരുന്നു. എന്റെ ആദ്യസിനിമ മിഴിനീർ പൂക്കൾ ആയിരുന്നല്ലോ. ആ സിനിമ തുടങ്ങുന്നതിന് മുമ്പ് ഞാൻ 'നാന'യുടെ കൊല്ലത്തെ ഓഫീസിൽ വന്നിരുന്നു. ഒരു തുടക്കക്കാരനെന്ന നിലയിൽ എനിക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങൾ 'നാന'യിൽ നിന്നും കിട്ടിയിരുന്നു. എന്റെ രണ്ടാമത്തെ സിനിമ 'ഉണ്ണികളേ ഒരു കഥ പറയാം' ആയിരുന്നു. അതിന്റെ തിരക്കഥ 'നാന'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർന്നിങ്ങോട്ട് എനിക്കും എന്റെ സിനിമകൾക്കും വളരെ നല്ല സപ്പോർട്ടാണ് 'നാന' തന്നിട്ടുള്ളത്. ഞാൻ സംവിധായകനാകുന്നു എന്നൊരു ആർട്ടിക്കിൾ ആദ്യമായി വരുന്നതും 'നാന'യിൽ തന്നെയായിരുന്നു. ആ 'നാന' ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എല്ലാ ആശംസകളും നേരുന്നു.