തമിഴ് സിനിമയിൽ ഇപ്പോൾ വളരെയധികം തിരക്കുള്ള ഒരു സംഗീത സംവിധായകനാണ് ജി.വി. പ്രകാശ്കുമാർ. ഒരുപാട് സിനിമകളിൽ നായകനായും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം രജനികാന്ത്, വിജയ്, അജിത്, സൂര്യ, വിക്രം, ധനുഷ്, സിമ്പു, ശിവകാർത്തികേയൻ തുടങ്ങി തമിഴിലെ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്കെല്ലാം സംഗീതം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ കമൽഹാസൻ അഭിനയിച്ച ഒരു ചിത്രത്തിന് പോലും സംഗീതം നൽകിയിട്ടില്ല. അടുത്തിടെ പുറത്തിറങ്ങി വമ്പൻ വിജയമായ ‘അമരൻ’ എന്ന ചിത്രത്തിന് ജി.വി.പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്. ഇതിന് ജി.വി.പ്രകാശ് കുമാറിന് ഏറെ പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണ'ലാണ്. ഈ സാഹചര്യത്തിൽ കമൽഹാസനും ജി.വി.പ്രകാശ് കുമാറിനെ അഭിനന്ദിച്ചതിനൊപ്പം കമൽഹാസൻ അടുത്ത് അഭിനയിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ 237-ാമത്തെ ചിത്രത്തിന് സംഗീതം ഒരുക്കാനുള്ള അവസരവും ജി.വി.പ്രകാശ് കുമാറിന് നൽകിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ കോളിവുഡിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർകളായ അൻപ് - അറിവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇതിന്റെ ചിത്രീകരണം 2025ൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്.