ഉലകനായകൻ കമൽഹാസൻ ഇപ്പോൾ ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ-2'വിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം മണിരത്‌നത്തിന്റെ സംവിധാനത്തിൽ തന്റെ 234-ാം ചിത്രത്തിലാണ് കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ ഒരു ബിഗ് പ്രൊഡക്ഷൻ ഹൗസായ 'റെഡ് ജയന്റ്' ആണെന്നും ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ബോളിവുഡ് താരം വിദ്യാ ബാലനുമായി ചിത്രത്തിന്റെ പ്രവർത്തകർ ചർച്ചകൾ നടത്തി വരികയാണെന്നുള്ള വിവരവും ചില ദിനങ്ങൾക്ക് മുൻപ് നൽകിയിരുന്നു.
ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന ഒരു പുതിയ വാർത്ത ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിൽ സിമ്പുവും (സിലമ്പരശൻ) അഭിനയിക്കാനിരിക്കുകയാണെന്നുള്ളതാണ്.
കാരണം, ഈ ചിത്രം കമൽഹാസന്റെ 'വിക്രം' പോലെ ഒരു മൾട്ടിസ്റ്റാർ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. ഈ സിനിമയിൽ സിമ്പു കൂടാതെ വേറെയും ചില പ്രമുഖ താരങ്ങളും ജോയിൻ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഭാഗമായാണത്രെ ഈയിടെ ചെന്നൈയിൽ നടന്ന 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കമൽഹാസൻ, മണിരത്നം എന്നിവർക്കൊപ്പം സിമ്പുവും പങ്കെടുത്തത്. ഇത് മാത്രമല്ല മണിരത്നം സംവിധാനം ചെയ്ത 'ചെക്ക ചിവന്ദ വാനം' എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലും സിമ്പു ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിരുന്നു.
ഇത് കൂടാതെ കമൽഹാസന്റെ സ്വന്ത പ്രൊഡക്ഷൻ ഹൗസായ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണ'ലിനു വേണ്ടി ദേശിംഗു പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സിമ്പുവാണ് കഥാനായകനായി അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി വന്ന 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിന് ശേഷം ദേശിംഗു പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.