തമിഴിൽ അജിത്തിന്റെ 'AK-62' സംവിധാനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ട വിഘ്നേഷ് ശിവൻ അടുത്തതായി സംവിധാനം ചെയ്യുന്നത് 'ലവ് ടുഡേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനായി അഭിനയിച്ച പ്രദീപ് രംഗനാഥനെ നായകനാക്കിയുള്ള ചിത്രമാണ്. നടൻ കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രാരംഭഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു 'ഹോട്ട് ന്യൂസ്' പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പം ബോളിവുഡ് നടിയും, മുൻകാല പ്രശസ്ത നടിയായ ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി കപൂറിനെ ഈ ചിത്രത്തിലേക്ക് കരാർ ചെയ്യാൻ കമൽഹാസനും, വിഘ്‌നേശ് ശിവനും അവരുമായി ചർച്ചകൾ നടത്തിയതിനെ തുടർന്ന് ഈ ചിത്രം മുഖേന ജാൻവി കപൂർ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുമെന്നാണ് പറയപ്പെടുന്നത്. കാരണം കമൽഹാസന്റെ ഒപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് ശ്രീദേവി. അത് മാത്രമല്ലാതെ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും ജാൻവി കപൂർ ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുമെന്നാണ് പറയപ്പെടുന്നത്. ഈയിടെ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനും ജാൻവി കപൂർ കരാറിൽ ഒപ്പുവെച്ചിരുന്നു. മലയാള 'ഹെലൻ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായി പുറത്തുവന്ന 'മിലി'യിൽ ജാൻവി കപൂറായിരുന്നു നായിക! ഈ ചിത്രം ഉൾപ്പെടെ ജാൻവി കപൂർ അഭിനയിച്ച ഒട്ടുമിക്ക ഹിന്ദി ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. അതിനാൽ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജാൻവി കപൂർ പദ്ധതിയിട്ടുണ്ട് എന്നും ഒരു റിപ്പോർട്ട് ഉണ്ട്. ആദ്യം ശിവകാർത്തികേയനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യാനിരുന്ന 'എൽ.ഐ.സി.' എന്ന കഥയാണ് വിഘ്‌നേശ് ശിവൻ ഇപ്പോൾ പ്രതീപ് രംഗനാഥനെ നായകനാക്കി സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്തയും ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിട്ടുണ്ട്.